സി.പി.ഐ വിട്ടുനിന്നു; ബി.ജെ.പി പിന്തുണയോടെ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസിന്
ശാസ്താംകോട്ട(കൊല്ലം): സി.പി.ഐ വിട്ടുനിന്നു, ബി.ജെ.പി പിന്തുണയോടെ ഇടതുമുന്നണിയില്‍ നിന്നും കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തു. കെ.പി.സി.സിയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമായി ബി.ജെ.പി പിന്തുണയോടെ കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് ഭരണമാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. പ്രസിഡന്റ് സ്ഥാനത്തേക്കു ന്യൂനപക്ഷ സമുദായാംഗത്തെ പിന്തുണക്കില്ലെന്നു നിലപാടെടുത്ത ഏക ബി.ജെ.പി അംഗം രേണുകയാണ് കോണ്‍ഗ്രസിനെ പിന്തുണച്ചത്. സി.പി.ഐയുടെ പരോക്ഷപിന്തുണയും കോണ്‍ഗ്രസിനു ലഭിച്ചു. വോട്ടിങില്‍നിന്നു സി.പി.ഐയുടെ രണ്ടംഗങ്ങള്‍ വിട്ടുനിന്നു. ഇതോടെ 36 വര്‍ഷത്തെ ഇടതുഭരണത്തിനാണ് കുന്നത്തൂരില്‍ തിരശ്ശീലവീണത്.
ഐ.എന്‍.ടി.യു.സി ജില്ലാ വൈസ്പ്രസിഡന്റും 13-ാംവാര്ഡംഗവുമായ കുന്നത്തൂര്‍ പ്രസാദാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇന്നലെ രാവിലെ 11ഓടെ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസാദിനു എട്ടും എതിര്‍സ്ഥാനാര്‍ഥി സി.പി.എമ്മിലെ ഐവര്‍കാല ദിലീപിന് ഏഴ് വോട്ടും ലഭിച്ചു. കനത്ത പൊലിസ് കാവലിലായിരുന്നു തെരഞ്ഞെടുപ്പ്. പഞ്ചായത്തിലെ 17 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസ് ഏഴ്, സി.പി.എം നാല്, സി.പി.ഐ മൂന്ന്, ബി.ജെ.പി ഒന്ന്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിന് ആറുമാസം മുന്‍പ് കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയ ആളായിരുന്നു ഒരു സ്വതന്ത്രന്. കോണ്‍ഗ്രസിനും എല്‍.ഡി.എഫിനും ഏഴുവീതം സീറ്റ് ലഭിച്ചപ്പോള്‍ സി.പി.എം കോണ്‍ഗ്രസ് വിമതന് രവീന്ദ്രന് ഉപ്പെടെയുള്ള രണ്ടു സ്വതന്ത്രരെ കൂട്ടുപിടിച്ചു ഭരണം പിടിച്ചെടുക്കുകയായിരുന്നു. രവീന്ദ്രനെ പ്രസിഡന്റാക്കുകയും ചെയ്തു.
രവീന്ദ്രനെ മാറ്റി സി.പി.എം പിന്തുണയുണ്ടായിരുന്ന സ്വതന്ത്രനെ പ്രസിഡന്റാക്കാനുള്ള നീക്കമാണിപ്പോള്‍ തിരിച്ചടിയായത്. സി.പി.എമ്മിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്നു സി.പി.ഐ അംഗങ്ങളായ വൈസ്പ്രസിഡന്റ് സതി ഉദയകുമാര്‍, പി.എസ്.രാജശേഖരന്‍പിള്ള എന്നിവര്‍ നിലപാടെടുത്തു. മറ്റൊരംഗം ഗീതാകുമാരി പാര്‍ട്ടിക്കൊപ്പമായിരുന്നു. പ്രതിസന്ധി രൂക്ഷമായതിനെതുടര്‍ന്ന് സി.പി.ഐ സംസ്ഥാന കമ്മിറ്റിയംഗം കെ.ശിവശങ്കരന്‍നായരുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജനയോഗം അടിപിടിയിലാണ് കലാശിച്ചത്. പിന്നീട് സി.പി.ഐ അംഗങ്ങള്‍ക്കുമേല്‍ സമ്മര്‍ദതന്ത്രങ്ങളും ഭീഷണിയും മുഴക്കി സി.പി.എം രംഗത്തെത്തിയെങ്കിലും സി.പി.ഐ നിലപാട് ഭരണത്തെ മറിച്ചിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."