മധ്യപ്രദേശില്‍ അകറ്റി നിര്‍ത്തി; യു.പിയില്‍ നേരിടുമെന്ന് അഖിലേഷ്
ലഖ്‌നൗ: മധ്യപ്രദേശില്‍ സര്‍ക്കാരില്‍ പങ്കാളിത്തം നല്‍കാന്‍ കോണ്‍ഗ്രസ് തയാറാകാത്ത സാഹചര്യത്തില്‍ കടുത്ത വിയോജിപ്പുമായി സമാജ് വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത ഇതോടെ പ്രതിസന്ധിയിലാകുമെന്ന സൂചനയാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് നല്‍കുന്നത്.
തങ്ങളുടെ സാമാജികരെ സര്‍ക്കാരില്‍ മന്ത്രിമാരാക്കാത്തതിന് നന്ദിയെന്നാണ് അഖിലേഷ് യാദവ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശില്‍ തങ്ങള്‍ക്കും ചെയ്യാനാകുമല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തുമെന്ന അഭ്യൂഹം പുറത്തുവന്നതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ ഇരുപാര്‍ട്ടികള്‍ക്കും മന്ത്രി സ്ഥാനം നല്‍കാതിരിക്കാന്‍ കാരണമെന്നാണ് വിവരം. എന്നാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യതയോട് ഇരുപാര്‍ട്ടികള്‍ക്കും താല്‍പര്യമില്ല.
മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ 114 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 230 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറി. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് ബി.എസ്.പിയുടെയും സമാജ് വാദി പാര്‍ട്ടിയുടെയും പിന്തുണയിലാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.
അതേസമയം ആരാണോ എസ്.പിയോട് യോജിക്കുന്നത് അവര്‍ക്കു വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന് ഇന്നലെ അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ബി.ജെ.പി-കോണ്‍ഗ്രസ് വിരുദ്ധ മുന്നണി രൂപീകരിക്കാനുള്ള നീക്കത്തിന് അഖിലേഷ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഇരു നേതാക്കളും അടുത്തു തന്നെ കൂടിക്കാഴ്ച നടത്തിയേക്കും.
മായാവതിയാകട്ടെ നേരത്തെ തന്നെ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്. ബി.ജെ.പിയെ പുറത്താക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മധ്യപ്രദേശില്‍ ബി.എസ്.പി കോണ്‍ഗ്രിനു പിന്തുണ നല്‍കുന്നതെന്നും മായാവതി വ്യക്തമാക്കി.
അതിനിടയില്‍ ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി നിസ്സഹകരണം പ്രഖ്യാപിച്ചതിനു പിന്നാലെ പുതിയ നീക്കവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എസ്.പിയുടെ സ്ഥാപക നേതാവ് മുലായം സിങ് യാദവിന്റെ സഹോദരനും അഖിലേഷിനോട് യുദ്ധം പ്രഖ്യാപിച്ച് പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ ശിവ്പാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പ്രഗതിശീല്‍ സമാജ് വാദി പാര്‍ട്ടി -ലോഹ്യ(പി.എസ്.പി.എല്‍)യുമായി സഖ്യം ചേരാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
ശിവ്പാല്‍ യാദവാകട്ടെ സമാജ് വാദി പാര്‍ട്ടിയുമായും ബി.എസ്.പിയുമായും കോണ്‍ഗ്രസുമായും സഖ്യം സ്ഥാപിക്കുന്നതില്‍ ഒരുവിധത്തിലുള്ള എതിര്‍പ്പുമില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
അനുയോജ്യമായ വ്യവസ്ഥകളോടെ എസ്.പിയുമായും ബി.എസ്.പിയുമായി സഖ്യം ചേരാന്‍ താല്‍പര്യമുണ്ടെന്ന് ശിവ്പാല്‍ യാദവ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പാര്‍ട്ടിയെകൊണ്ട് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ട് സമാനമനസ്‌കരെ കൂട്ടുപിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാര്‍ട്ടിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാന്‍ കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."