അപൂര്‍ണ വിരാമം; അവസാന പോരാട്ടം മുഴുമിപ്പിക്കാതെ ബോള്‍ട്ട്; വെള്ളി നേട്ടത്തിലൊതുങ്ങി മോ ഫറ
ലണ്ടന്‍: അത്ഭുത വേഗങ്ങള്‍ ചമച്ച ട്രാക്കില്‍ അവസാന പോരിനിറങ്ങിയ ജമൈക്കന്‍ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന്റെ കരിയറിന് അപൂര്‍ണ വിരാമം. ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ട്രാക്കിലെ തന്റെ അവസാന പോരാട്ടത്തിനിറങ്ങിയ ഉസൈന്‍ ബോള്‍ട്ട് പേശി വലിവിനെ തുടര്‍ന്ന് മത്സരം മുഴുമിപ്പിക്കാതെ പിന്‍വാങ്ങി. പുരുഷന്‍മാരുടെ 4-100 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീമിനായി ആങ്കറായി അവസാനം ഓടിയ ബോള്‍ട്ട് മികച്ച മുന്നേറ്റം നടത്തുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ പേശി വലിവിനെ തുടര്‍ന്ന് ട്രാക്കില്‍ മുടന്തി വീണ് കണ്ണീരോടെ കളം വിട്ടത് ലോകത്തിന് നൊമ്പര കാഴ്ചയായി മാറി.
ബോള്‍ട്ടിന്റെ കരിയറിലെ അവസാന മത്സരമെന്ന നിലയില്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ലണ്ടനിലെ 4-100 മീറ്റര്‍ റിലേ പോരാട്ടത്തിലായിരുന്നു. വ്യക്തിഗത മത്സരത്തിലെ അവസാന അങ്കത്തില്‍ വെങ്കലത്തില്‍ ഒതുങ്ങിപ്പോയ ബോള്‍ട്ട് റിലേയിലൂടെ സ്വര്‍ണം നേടി കരിയറിന് ഉജ്ജ്വല വിരാമമിടുമെന്ന് കരുതിയവരെ ഞെട്ടിക്കുന്നതായിരുന്നു താരത്തിന് പറ്റിയ ദുരന്തം.
ഒമര്‍ മക്‌ലോഡ്, ജൂലിയന്‍ ഫോര്‍ട്, യോഹാന്‍ ബ്ലേക് എന്നിവരായിരുന്നു ബോള്‍ട്ടിനൊപ്പം ബാറ്റണ്‍ ഏന്തിയ മറ്റ് താരങ്ങള്‍. മക്‌ലോഡില്‍ തുടങ്ങി ഫോര്‍ടിലൂടെ ബ്ലേകിലെത്തിയ ബാറ്റണ്‍ അവസാന ലാപ്പിനായി ബോള്‍ട്ടിന് കൈമാറുമ്പോള്‍ അമേരിക്കന്‍ താരം ക്രിസ്റ്റ്യന്‍ കോള്‍മന്‍, ബ്രീട്ടീഷ് താരം നെതനീല്‍ മിഷേല്‍ ബ്ലേക് എന്നിവര്‍ക്കൊപ്പം മൂന്നാമനായാണ് ബോള്‍ട്ട് കുതിപ്പ് തുടങ്ങിയത്. ഒരുവേള മുന്നിലെത്തുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് പേശി വലിവ് അനുഭവപ്പെട്ട് ബോള്‍ട്ട് മുടന്തി നീങ്ങിയത്. മത്സരം മുഴുമിപ്പിക്കാതെ ബോള്‍ട്ട് ട്രാക്കില്‍ വീണ് കിടക്കുമ്പോള്‍ അമേരിക്കന്‍ വെല്ലുവിളി ഫോട്ടോ ഫിനിഷില്‍ മറികടന്ന് ബ്രിട്ടന്‍ റിലേ സ്വര്‍ണം പിടിച്ചെടുക്കുന്ന കാഴ്ചയായിരുന്നു ഫിനിഷിങ് പോയിന്റില്‍.
ചിജിന്റു ഉജ, ആദം ജെമിലി, ഡാനിയല്‍ ടല്‍ബോട്, നെതനീല്‍ മിഷേല്‍ ബ്ലേക് എന്നിവരാണ് ബ്രിട്ടന് വേണ്ടി സ്വര്‍ണം സ്വന്തമാക്കിയത്. വേള്‍ഡ് ലീഡിങ് സമയമായ 37.47 സെക്കന്‍ഡിലാണ് ബ്രിട്ടീഷ് താരങ്ങള്‍ സ്വര്‍ണം പിടിച്ചെടുത്തത്. മൈക് റോജേഴ്‌സ്, ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, ജയ്‌ലെന്‍ ബക്കോണ്‍, ക്രിസ്റ്റ്യന്‍ കോള്‍മാന്‍ എന്നിവരടങ്ങിയ അമേരിക്കന്‍ ടീം 37.52 സെക്കന്‍ഡില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയപ്പോള്‍ ജപ്പാന്‍ വെങ്കലം നേടി. ലോക പോരാട്ട വേദിയില്‍ അമേരിക്കയും പിന്നീട് ജമൈക്കയും കുത്തകയാക്കി വച്ചിരുന്ന പുരുഷ റിലേ സ്വര്‍ണം നടാടെയാണ് ബ്രിട്ടന്‍ സ്വന്തമാക്കുന്നത്.
വനിതാ വിഭാഗം 4-100 മീറ്റര്‍ റിലേയില്‍ അമേരിക്ക സ്വര്‍ണം സ്വന്തമാക്കി. വേള്‍ഡ് ലീഡിങ് സമയമായ 41.82 സെക്കന്‍ഡിലാണ് അമേരിക്കന്‍ വനിതകള്‍ ഫിനിഷ് ചെയ്തത്. ഈയിനത്തില്‍ ബ്രിട്ടന്‍ വെള്ളിയും ജമൈക്ക വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."