തണ്ണീര്‍ത്തട സംരക്ഷണ ഡാറ്റാബാങ്ക്; കാലാവധി കഴിഞ്ഞിട്ടും നടപടിക്രമങ്ങള്‍ അനിശ്ചിതത്വത്തില്‍
മാനന്തവാടി: ഇനിയും പൂര്‍ത്തിയാവാത്ത 2008ലെ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കിന്റെ പൂര്‍ത്തീകരണത്തിനായി സര്‍ക്കാര്‍അനുവദിച്ച കാലാവധി കഴിഞ്ഞിട്ടും നടപടികളില്‍ പുരോഗതിയില്ല.
2016 ജൂലൈ 31 നകം കരട് വിജ്ഞാപനം അച്ചടിക്കുന്നതിനായി ഗവണ്‍മെന്റ് പ്രസുകളില്‍ നല്‍കാന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിക്കൊണ്ട് പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. ഇത് പ്രകാരം ഇതിന് ആവശ്യമായ രേഖകള്‍ അടിയന്തിരമായി തയാറാക്കി തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറാന്‍ പ്രാദേശികതല നിരീക്ഷണ സമിതി കണ്‍വീനര്‍മാരായ കൃഷി ഓഫിസര്‍മാരെ ചുമതലപ്പെടുത്തിക്കൊണ്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ അതാത് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
നിലവില്‍ തയാറാക്കിയ ഡാറ്റാബാങ്കില്‍ കടന്നു കൂടിയ അപാകതകള്‍ പരിഹരിക്കുന്നതിനായി സ്ഥല പരിശോധന നടത്തി 2008ല്‍ നിയമം നിലവില്‍വന്ന തിയതിക്ക് മുന്‍പ് നികത്തിയ നിലങ്ങളുടെ യഥാര്‍ഥ വിവരവും മേല്‍ തിയതിയില്‍ നെല്‍വയലായി നിലനിന്നിരുന്ന സ്ഥലങ്ങളുടെ വിവരവും രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ടൊയിരുന്നു. നേരത്തെ വില്ലേജ് ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി, കൃഷി ഓഫിസര്‍ എന്നിവരുള്‍പ്പെട്ട പ്രാദേശിക സമിതിയായിരുന്നു ഡാറ്റാബാങ്ക് തയ്യാറാക്കിയിരുന്നത്. ജില്ലയില്‍ നിലവില്‍ ആറോളം പഞ്ചായത്തുകള്‍ മാത്രമാണ് ഡാറ്റാബാങ്ക് പ്രസിദ്ധീകരണം പൂര്‍ത്തിയാക്കിയത്. ഏതാനും പഞ്ചായത്തുകള്‍ പ്രിന്റിങ് ജോലികള്‍ക്കായി കരട് രൂപം പ്രസുകള്‍ക്ക് നല്‍കിയിട്ടുമുണ്ട്.
എന്നാല്‍ ഇതൊന്നും തന്നെ കുറ്റമറ്റ രീതിയിലുള്ള ഡാറ്റാബാങ്കുകളല്ലെന്ന് ആക്ഷേപമുണ്ട്. 2008ന് ശേഷം നികത്തിയ തണ്ണീര്‍തടങ്ങളും നെല്‍പ്പാടങ്ങളും ഉള്‍പ്പെടെ കൃഷിഭൂമിയുടെ ആധികാരിക രേഖയായിട്ടാണ് ഡാറ്റാബാങ്കിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
ഇതിനായി നിരീക്ഷണസമിതി ഫീല്‍ഡ് സര്‍വേയും കണക്കെടുപ്പും നടത്തിയാണ് രേഖകള്‍ തയാറാക്കി പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നല്‍കേണ്ടത്. ഇതില്‍ 2008ന് ശേഷം നികത്തിയ പാടങ്ങള്‍ നിലമായും നേരത്തെ നികത്തിയ പാടങ്ങള്‍ തണ്ണീര്‍ത്തടമായും നിലവിലുണ്ടെന്നാണ് ആക്ഷേപം.
രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും അവിഹിത ഇടപെടലുകളുമാണ് ഇത്തരം അപാകതകള്‍ക്ക് കാരണമായത്. ജില്ലയില്‍ കവുങ്ങ് തോട്ടങ്ങളായി മാറിയ നെല്‍വയലുകള്‍ കരഭൂമിയായി രേഖപ്പെടുത്താനുള്ള ശ്രമങ്ങളും പലഭാഗങ്ങളില്‍ നിന്നുമുണ്ടായിരുന്നു. ഇതെല്ലാം കാരണം കഴിഞ്ഞ എട്ട് വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്ത ഡാറ്റാബാങ്ക് കുറ്റമറ്റ രീതിയില്‍ പ്രസിദ്ധീകരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളാണ് പിന്നെയും അനന്തമായി നീളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."