മുക്കുപണ്ടം തട്ടിപ്പ്: സെക്രട്ടറിയും സുഹൃത്തും ഒളിവില്‍
പയ്യന്നൂര്‍: കരിവെള്ളൂര്‍ ടൗണിലെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സോഷ്യല്‍ വര്‍ക്കേഴ്സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ മുക്കുപണ്ടം പണയം വച്ചു കോടികള്‍ വെട്ടിപ്പ് നടത്തിയ കേസില്‍ പ്രതികള്‍ ഒളിവില്‍. സംഭവത്തില്‍ പ്രധാന പ്രതിയും സൊസൈറ്റി സെക്രട്ടറിയുമായ കെ.വി പ്രദീപും സുഹൃത്തായ കെ.പ്രശാന്തുമാണ് ഒളിവില്‍. കഴിഞ്ഞ ദിവസമാണ് കരിവെള്ളൂര്‍ വീവേര്‍സ് സൊസൈറ്റി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ മുക്കുപണ്ടം പണയം വച്ച് 2.98 കോടി രൂപ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. തളിപ്പറമ്പ് സഹകരണ യൂനിറ്റ് ഇന്‍സ്പെക്ടറുടെ പരിശോധനയിലാണ് വെട്ടിപ്പ് കണ്ടെത്തിയത്. സൊസൈറ്റി പ്രസിഡന്റ് എ.വി ഗിരീശന് സെക്രട്ടറിയുടെ പേരില്‍ പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. കേസിന്റെ അന്വേഷണം നടക്കുമ്പോഴാണ് സൊസൈറ്റിയുടെ സെക്രട്ടറിയുടെ സുഹൃത്തും കൂട്ടാളിയുമായ കരിവെള്ളൂര്‍ തെരു സ്വദേശിയായ കെ. പ്രശാന്ത് ഒളിവിലെന്ന് വിവരം പൊലിസിന് ലഭിച്ചത്.
സൊസൈറ്റി സെക്രട്ടറിയെ കൂടാതെ കരിവെള്ളൂരില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് വ്യാപാരം നടത്തുന്ന കെ.പ്രശാന്ത്, മറ്റൊരു സുഹൃത്തായ രമേശന് എന്നവരടങ്ങുന്ന മൂന്ന് പേരാണ് വെട്ടിപ്പ് നടത്തിയതെന്നാണ് പൊലിസ് കണ്ടെത്തിയിരുന്നു. പ്രശാന്തിന്റെ സഹോദരനായ കെ.പ്രദീപന്, പ്രദീപിന്റെ ഭാര്യ, പിതാവ് എന്നിവരുടെ പേരുകളില്‍ ലക്ഷകണക്കിന് രൂപയാണ് പത്തും പന്ത്രണ്ടും തവണകളായി മുക്കുപണ്ടം പണയപ്പെടുത്തിയത്. പൊലിസിന്റെ അന്വേഷണത്തില്‍ പ്രദീപും കുടുംബവും തട്ടിപ്പ് അംഗീകരിച്ചിരുന്നു.
സൊസൈറ്റിയില്‍ പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ സെക്രട്ടറിയുടെ അറിവോടെ മറ്റ് ബാങ്കുകളിലും പണയം വച്ചതായുള്ള തെളിവുകളും പൊലിസിന് ലഭിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനാണ് പൊലിസ് നീക്കം. നാലുവര്‍ഷം മുമ്പ് 280 അംഗങ്ങളായാണ് സൊസൈറ്റി ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."