ഇന്തോനേഷ്യയില്‍ ഭീതിപടര്‍ത്തി ഭൂചലനവും
ജക്കാര്‍ത്ത: സുനാമി ദുരന്തം ഒഴിയുന്നതിന് മുന്‍പേ വിവിധ ഇന്തോനേഷ്യന്‍ നഗരങ്ങളില്‍ ഭീഷണി ഉയര്‍ത്തി ഭൂചലനവും. കിഴക്കന്‍ ഇന്തോനേഷ്യന്‍ പ്രവിശ്യയായ വെസ്റ്റ് പാപ്പുവയില്‍ റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ 6.1 തീവ്രതയും രേഖപ്പെടുത്തി.
ന്യൂ ഗിനിയ ദ്വീപിന്റെ വലിയൊരു ഭാഗവും ഉള്‍ക്കൊള്ളുന്ന പാപ്പുവ ജനസാന്ദ്രതയേറിയ പ്രദേശമാണ്. ഇവിടെ മനോക്വാരി നഗരത്തിനടുത്തെ പ്രദേശമാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം 55 കിലോമീറ്റര്‍ താഴ്ചയില്‍ നിന്നാണ് പ്രകമ്പനമുണ്ടായത്.
സംഭവത്തില്‍ ആളപായവും കാര്യമായ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഭൂചലനത്തെ തുടര്‍ന്നു നാട്ടുകാര്‍ പരിഭ്രാന്തരാണ്. ഇന്തോനേഷ്യന്‍ ദ്വീപുകളായ ജാവ, സുമാത്ര എന്നിവക്കിടയിലുള്ള സുന്ധ കടലിടുക്കിലാണ് കഴിഞ്ഞ ശനിയാഴ്ച വന്‍ സുനാമിയുണ്ടായത്. അഞ്ച് മീറ്ററോളം ഉയരത്തില്‍ തിരമാല ആഞ്ഞടിച്ച ദുരന്തത്തില്‍ 430 പേര്‍ക്കു ജീവന് നഷ്ടപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."