ഇവിടത്തെ നിര്‍മിതികള്‍ മനുഷ്യനെ കൊല്ലാനോ?
കഠിനംകുളം: ദുരന്തങ്ങള്‍ വേട്ടയാടുന്ന പെരുമാതുറ മുതലപ്പൊഴി തുറമുഖം മത്സ്യത്തൊഴിലാളികള്‍ക്കും പ്രദേശവാസികള്‍ക്കും എന്നും ഭീഷണിയാകുന്നു. ഒന്നിന് പുറകേ മറ്റൊന്നായി വന്ന് കൊണ്ടിരിക്കുന്ന അപകടങ്ങള്‍ക്കും അപകട മരണങ്ങള്‍ക്കും മുന്നില്‍ ഒന്നും ചെയ്യാനാകാതെ നിസഹായരാവുകയാണ് ഒരു കടലോര ഗ്രാമം. തുറമുഖ നിര്‍മാണം തുടങ്ങിയ നാള്‍ മുതല്‍ ഈ കടല്‍ അപഹരിച്ചത് നിരവധി വിലപെട്ട ജീവനുകളാണ്. മുതലപ്പൊഴി വിഴുങ്ങിയ കുടുംബങ്ങളുടെ അത്താണികളായിരുന്ന നിരവധി പേരുടെ പൊന്നോമനകള്‍ അടങ്ങുന്ന കുടുംബങ്ങള്‍ ഒരു ഗതിയുമില്ലാതെ ദിനങ്ങള്‍ തള്ളി നീക്കുന്നത് ഈ കടലോര ഗ്രാമത്തില്‍ ഒരു പാട് കാന്നാന്‍ കഴിയും.
വിക്റ്ററിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കല്ലുകള്‍ക്കിടയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മൃതദേഹം ഇവിടെ നിന്നും വീണ്ടെടുക്കാനുള്ള അതികൃതരുടെ ശ്രമം പരാജയത്തിലാണ്. ഇതേ സംഭവങ്ങള്‍ക്ക് ഇതിന് മുമ്പും മുതലപ്പൊഴി സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏതാനം മാസങ്ങള്‍ക്ക് മുന്‍പ് പൊഴിമുഖത്ത് 18 മത്സ്യതൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന താങ്ങ്‌വല വള്ളം തിരയില്‍പ്പെട്ട് മറിഞ്ഞ് കാണാതായ ശാന്തിപുരം നിഷാ കോട്ടേജില്‍ ജോണ്‍സന്‍ (48) ന്റെ മൃദദേഹം ദിവസങ്ങള്‍ കഴിഞ്ഞാണ് കടലമ്മ കരക്കെത്തിച്ചത്. കടല്‍ക്കരയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ നിരവധി ജീവനുകളും മുതലപ്പൊഴി കടല്‍ പിടിച്ചെടുത്തിട്ടുണ്ട്. മത്സ്യ ബന്ധനത്തിനിടെയും അല്ലാതെയും ഈ ഹാര്‍ബറിന്റെ ഓരങ്ങളില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങളും തുടര്‍ന്ന് ഉണ്ടാകുന്ന വേര്‍പാടുകളും കാരണം ഈ തീരദേശ ഗ്രാമത്തിന്റെ നിലവിളിക്ക് ഇന്നും അവസാനവുമില്ല.
ഹാര്‍ബറിന്റെ പ്രവേശന കവാടത്തില്‍ രൂപം കൊള്ളുന്ന അതിശക്തമായ തിരമാലയാണ് അടിക്കടിയുണ്ടാകുന്ന അപകടത്തിന് കാരണം. പ്രവേശന കവാടത്തില്‍ തിരയടിക്കുന്നത് തന്നെ ഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രീയതയെ വിളിച്ചറിയിക്കുന്നു. ഓരോ അപകടങ്ങള്‍ നടന്ന് മരണങ്ങള്‍ സംഭവിക്കുമ്പോഴും നിസഹായരായ മത്സ്യതൊഴിലാളികള്‍ ഇവിടത്തെ അശാസ്ത്രീയ നിര്‍മ്മാണത്തെ കുറിച്ച് വിളിച്ച് പറയുമായിരുന്നു.
ഹാര്‍ബറിന്റെ പ്രധാന ഭാഗമായ പുലിമുട്ട് നിര്‍മാണത്തിന്റെ തുടക്കം തന്നെ അശാസ്ത്രീയമായിരുന്നു. നിര്‍മാണം തുടങ്ങിയത് മുതല്‍ കഴിഞ്ഞ ഏതാനും വര്‍ഷം മുമ്പ് വരേയും പൊഴി മണല്‍ മൂടുന്ന അവസ്ഥയായിരുന്നു. പുലിമുട്ടിന്റെ നീളം 60 ശതമാനം പൂര്‍ത്തിയായ അവസരത്തിലും പൊഴി മണല്‍മൂടിയതായും പ്രദേശവാസികള്‍ പറയുന്നു. ഇതുകാരണം നിര്‍മ്മാണം നിര്‍ത്തിവെച്ച് വീണ്ടും പഠനം നടത്തിയതിന് ശേഷമാണ് വീണ്ടും നിര്‍മാണം തുടങ്ങിയത്.
എന്നാല്‍ ഇപ്പോഴും ഹാര്‍ബര്‍ നിര്‍മാണം കാര്യക്ഷമമല്ല. ഇപ്പോള്‍ പുലിമുട്ടിന്റെ പല ഭാഗങ്ങളിലായി ടെന്‍ കണക്കിന് ഭാരമുള്ള മൂന്ന് മുക്ക് കല്ല് സ്ഥാപിച്ചിരിക്കുന്നതിലും ഏറെ പാളിച്ചയുണ്ട്. ലോക്ക് ഇട്ട് ഇടേണ്ട ഇവ തോന്നിയ രീതിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് കാരണമാണ് അപകടത്തില്‍പ്പെടുന്നവര്‍ കല്ലിനടിയില്‍പ്പെട്ട് പലപ്പോഴും ജീവന്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇവ മാധ്യങ്ങളില്‍ നിരന്തരം വാര്‍ത്തയുമായിരുന്നു.
6 മാസം മുന്‍പ് ഇവിടെ വള്ളം മറിഞ്ഞ് താഴം പള്ളി അഞ്ച് തെങ്ങ് സ്വദേശികളായ രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചിരുന്നു. അന്ന് ഇവിടത്തെ പാവങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാരേയും സുരക്ഷക്കായുള്ള ഉപകരണങ്ങളും നല്‍കാമെന്ന് ബന്ധപ്പെട്ടവര്‍ വാഗ്ദാനം നല്‍കിയെങ്കിലും ഇന്നും അത് കടലാസിലാണ്. 2002ലാണ് പെരുമാതുറ മുതലപ്പൊഴിയില്‍ ഹാര്‍ബര്‍ നിര്‍മ്മാണം തുടങ്ങിയത്. അത് വരെ യാതൊരു വിധ അപകടങ്ങളുമില്ലാതിരുന്ന ഈ തീരം പിന്നെയങ്ങോട്ട് ഇവിടുള്ളവര്‍ക്ക് സമ്മാനിച്ചത് തുടരെത്തുടരെയുള്ള കറുത്ത ദിനങ്ങളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."