തെരുവുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ വ്യാപാരികള്‍
കാട്ടാക്കട: മലയിന്‍കീഴിലെ വ്യാപാരികള്‍ നാടിന് സുരക്ഷയൊരുക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് തെരുവുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നു. സാമൂഹ്യ വിരുദ്ധരുടെ ശല്യവും അക്രമികളുടെ അഴിഞ്ഞാട്ടവും വ്യാപകമായതോടെയാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചു.
മലയിന്‍കീഴ് പൊലിസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കാമറകള്‍ സ്ഥാപിക്കുന്നതിന് 8.45 ലക്ഷം രൂപാ വ്യാപാരി വ്യവസായി ഏകോപന സമിതി മലയിന്‍കീഴ് മേഖലാ ചിലവഴിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വ്യാപാര ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലാണ് വിവിധ സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.
അവശരായ അംഗങ്ങള്‍ക്ക് നല്കി വരുന്ന പ്രതിമാസ പെന്‍ഷനില്‍ വര്‍ധന, ചികിത്സാ സഹായങ്ങള്‍, മലയിന്‍കീഴ് ആശുപത്രിയിലും പൊലിസ് സ്റ്റേഷനിലും 3 ലക്ഷം ചിലവഴിച്ച് രണ്ട് വിശ്രമകേന്ദ്രങ്ങള്‍ സ്ഥാപിക്കുക തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ ഉടനടി ചെയ്തു തീര്‍ക്കും. പ്രസിഡന്റ് ജയന് കെ പണിക്കര്‍, ജനറല്‍ സെക്രട്ടറി കെ.എസ് കൃഷ്ണകുമാര്‍, സെക്രട്ടറി വി.ആര് വിജു, വൈസ് പ്രസിഡന്റ് രാധാസ് രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."