ഇടതുമുന്നണി വിപുലീകരണം: പ്രതിഷേധം കടുപ്പിച്ച് ആര്‍.എസ്.പി ലെനിനിസ്റ്റ്
കൊല്ലം: ഇടതുമുന്നണി വിപുലീകരണത്തില്‍ ആര്‍.എസ്.പി ലെനിനിസ്റ്റിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയരുന്നതിനിടെ, ജില്ലയില്‍ രണ്ടു പഞ്ചായത്തുകളിലും ഏതാനും സഹകരണബാങ്കുകളിലും ഇടതുഭരണം പാര്‍ട്ടി പിന്തുണയിലാണെന്ന് സി.പി.എമ്മിനെ ഓര്‍മിപ്പിച്ച് പാര്‍ട്ടി ജില്ലാ നേതൃത്വം രംഗത്ത്. മുന്നണി വിപുലീകരണത്തില്‍ ആര്‍.എസ്.പി ലെനിനിസ്റ്റിനെ ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് ജില്ലാ സെക്രട്ടറി സാബു ചക്കുവള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്നത്തെ മുന്നണി നേതൃത്വം രൂപീകരിച്ചതില്‍ ആര്‍.എസ്.പിയുടെ മുഖ്യപങ്കാളിത്തം സി.പി.എം മറക്കരുത്.
കഴിഞ്ഞ സി.പി.എം,സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ആഹ്വാനം വര്‍ഗീയ ഫാസിസത്തില്‍നിന്നു രാജ്യത്തെ മോചിപ്പിക്കാന്‍ ചെങ്കൊടി പിടിക്കുന്ന ഇടതുപാര്‍ട്ടികള്‍ ഒന്നിക്കണമെന്നായിരുന്നു. അതിന് വിരുദ്ധമായി യു.ഡി.എഫ് ആഭിമുഖ്യമുള്ള കക്ഷികളെയും നിസാര കാര്യങ്ങള്‍ക്ക് മുന്‍പ് മുന്നണിവിട്ടവരെയും എടുത്താല്‍ മുന്നണിക്ക് സുസ്ഥിരതയും ഐക്യവും ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍.എസ്.പി ലെനിനിസ്റ്റിനെ മുന്നണിയില്‍ എടുത്തിരുന്നെങ്കില്‍ ആര്‍.എസ്.പിയുടെ പല നേതാക്കളും പാര്‍ട്ടിയിലേക്കെത്തുമായിരുന്നു. അത്തരത്തില്‍ ആര്‍.എസ്.പിയുടെ പതനം പൂര്‍ത്തിയാക്കാനുള്ള സുവര്‍ണാവസരമാണ് ഇല്ലാതാക്കിയത്. മൂന്നുവര്‍ഷം മുന്‍പ് ആര്‍.എസ്.പി ലെനിനിസ്റ്റിന്റെ രൂപീകരണയോഗം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
അന്ന് അദ്ദേഹം പറഞ്ഞത് കോവൂര്‍ കുഞ്ഞുമോന്‍ ഉള്‍പ്പെടെയുള്ളവരെ മുന്നണിയുടെ ഭാഗമാക്കുമെന്നായിരുന്നു. പറയുന്നത് പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തിക്കുന്നത് പറയുകയും ചെയ്യുന്ന പിണറായി വിജയന്‍ അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്.
അല്ലെങ്കില്‍ പാര്‍ട്ടി ഉചിതമായ തീരുമാനമെടുക്കും. മൈനാഗപ്പള്ളി, ശാസ്താംകോട്ട് പഞ്ചായത്തുകളില്‍ സി.പി.എം ഭരിക്കുന്നത് ആര്‍.എസ്.പി ലെനിനിസ്റ്റിന്റെ ഒരോ അംഗങ്ങളുടെ ഭൂരിപക്ഷത്തിലാണ്. ഏതാനും സഹകരണ ബാങ്കുകളിലും ഇതേ അവസ്ഥയാണ്. ഐ.എന്‍.എല്‍, ജനാധിപത്യകേരളാ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് ബി എന്നിവയ്ക്ക് എന്ത് രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് സാബു ചോദിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ ദലിത് വിഭാഗത്തില്‍പ്പെട്ടതുകൊണ്ടാണോ മുന്നണിയിലെടുക്കാതിരുന്നതെന്ന് പാര്‍ട്ടി പറയില്ല. കാരണം അങ്ങനെ ചിന്തിക്കുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നാണ് വിശ്വാസം.
ഇപ്പോള്‍ ആര്‍.എസ്.പി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ലെനിനിസ്റ്റില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടി ശക്തിപ്പെടുത്തുമെന്നും ജനുവരി നാലിന് തിരുവനന്തപുരത്ത് ചേരുന്ന യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സാബു പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കെ.പി പ്രകാശ്, കോവൂര്‍ മോഹന്‍, എസ്. മഹേഷ്‌കുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."