മത്സ്യഅദാലത്ത്: 4.61 കോടി രൂപ വിതരണം ചെയ്തു
ആലപ്പുഴ: പതിമൂന്നായിരത്തോളം പേരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ മത്സ്യഅദാലത്ത്. ആലപ്പുഴ നഗരചത്വരത്തില്‍ നടന്ന അദാലത്തില്‍ തീര്‍പ്പായത് 13,838 പരാതികള്‍. എ.പി.എല്‍ വിഭാഗത്തിലുള്ള മത്സ്യത്തൊഴിലാളികളെ ബി.പി.എല്‍. വിഭാഗത്തിലുള്‍പ്പെടുത്തി റേഷന്‍കാര്‍ഡ് അനുവദിക്കണമെന്നാവശ്യപ്പെട്ട് 11,733 അപേക്ഷയാണ് ലഭിച്ചത്.
മത്സ്യത്തൊഴിലാളികളെ മുഴുവന്‍ ബി.പി.എല്‍ വിഭാഗത്തിലുള്‍പ്പെടുത്തണമെന്ന ശുപാര്‍ശയോടെ അടിയന്തര പരിഗണന നല്‍കി പരിഹരിക്കുന്നതിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിക്ക് അപേക്ഷ കൈമാറാന്‍ തീരുമാനിച്ചു.
കടാശ്വാസവുമായി ബന്ധപ്പെട്ട് ലഭിച്ച 602 അപേക്ഷകളില്‍ 2008 നു മുമ്പുള്ള കടങ്ങളില്‍ സത്വര ആശ്വാസനടപടി എടുക്കുന്നതിന് കടാശ്വാസ കമ്മിഷന് കൈമാറി. ഫിഷറീസ് വകുപ്പ്, റവന്യൂ വകുപ്പുകള്‍ക്ക് പരിഗണിക്കേണ്ട 1266 അപേക്ഷ ലഭിച്ചു. മത്സ്യബോര്‍ഡ് -120, മത്സ്യഫെഡ്-117, കടാശ്വാസം-602 എന്നിങ്ങനെയാണ് ലഭിച്ച അപേക്ഷകള്‍.
മത്സ്യഫെഡുമായി ലഭിച്ച അപേക്ഷകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 30 വായ്പകളില്‍ 20.93 ലക്ഷം രൂപയുടെയും വായപ എടുത്ത് മത്സ്യത്തൊഴിലാളി മരിക്കുകയോ പൂര്‍ണ അവശതയിലോ ആയതു മൂലം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത ഒമ്പതു വായ്പകളിലായി 4.87 ലക്ഷം രൂപയുടെ കടവും എഴുതിത്തള്ളി.
മത്സ്യബോര്‍ഡുമായി ബന്ധപ്പെട്ടു ലഭിച്ച 120 അപേക്ഷകളില്‍ സത്വര നടപടി കൈക്കൊളളുന്നതിന് നിര്‍ദേശം നല്‍കിയതോടൊപ്പം വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളുടെ 26 ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കുന്നതിനും 20 കേസുകളില്‍ വിവാഹധനസഹായം അനുവദിക്കുന്നതിനും തീരുമാനിച്ചു.
മത്സ്യഫെഡിന്റെ പലിശരഹിത വായ്പാ പദ്ധതി പ്രകാരം 138 പേര്‍ക്ക് 27.6 ലക്ഷം രൂപയും മൈക്രോഫൈനാന്‍സ് മത്സ്യത്തൊഴിലാളി അപകടമരണ ഇന്‍ഷുറന്‍സ് പ്രകാരം 20.35 ലക്ഷം രൂപയും മത്സ്യഫെഡ് വഴി നടപ്പാക്കുന്ന ഐ.എഫ്.ഡി.പി. പദ്ധതികള്‍ പ്രകാരം 5.5 ലക്ഷം രൂപയുടെയും നൂതന മത്സ്യകൃഷി പദ്ധതി പ്രകാരം 18 ലക്ഷം രൂപയുടെ ധനസഹായവും വിതരണം ചെയ്തു.
രാവിലെ 10.30ന് ആരംഭിച്ച അദാലത്ത് വൈകിട്ട് ആറിനാണ് സമാപിച്ചത്. ഇന്നു നടക്കുന്ന തീരമൈത്രി സംഗമത്തില്‍ തീരദേശ വനിതാശാക്തീകരണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ 2.77 ലക്ഷം രൂപയുടെ ധനസഹായ വിതരണം നടത്തും. ഓഗസ്റ്റ് 15 വരെയാണ് മത്സ്യോത്സവം.
പ്രായമേറിയവരും ഭിന്നശേഷിയുള്ളയവരുമായ ഒട്ടനവധി മത്സ്യത്തൊഴിലാളികള്‍ വേവലാതികള്‍ അറിയിക്കാന്‍ എത്തി. മത്സ്യോത്സവത്തിന്റെ ഭാഗമായി നൂതന മത്സ്യകൃഷി രീതികളുടേയും മൂല്യ വര്‍ധിത മത്സ്യോല്‍പന്നങ്ങളുടേയും പ്രദര്‍ശനവും കൊതിയൂറും മത്സ്യ വിഭവങ്ങളുമായി സീഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. 30 സ്റ്റാളുകളിലായി ഫിഷറീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കേന്ദ്ര, സംസ്ഥാന ഏജന്‍സികള്‍ പങ്കെടുക്കുന്ന മെഗാ എക്‌സിബിഷനും സജ്ജീകരിച്ചിരിക്കുന്നു.
ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ വികസന ചിത്രപ്രദര്‍ശനവും വിലക്കിഴിവോടെയുള്ള പുസ്തകവില്‍പ്പനയുമുണ്ട്. രാവിലെ 10 മണി മുതല്‍ വൈകിട്ട് എട്ടുവരെയാണ് പ്രദര്‍ശനം. ഫിഷറീസ് മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ സി.എം.എഫ്.ആര്‍.ഐ, അടക്കം പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. കോട്ടയം എഫ്.എഫ്.ഡി.എ. അക്വാപോണിക്‌സിന്റെ അനന്ത സാദ്ധ്യതകള്‍ അനാവരണം ചെയ്യുന്നു. സംയോജിത മത്സ്യകൃഷിയുടെ സാദ്ധ്യത അറിയിക്കുന്നതാണ് ആലപ്പുഴ എഫ്.എഫ്.ഡി.എ യുടെ സ്റ്റാള്‍.
മത്സ്യബന്ധന ഉപകരണങ്ങളും അനുസാരികളും പരിചയപ്പെടുത്തുന്നതാണ് മത്സ്യഫെഡിന്റെ സ്റ്റാള്‍. തീരമൈത്രീ ഉല്‍പന്നങ്ങളുടെ നാടന്‍ തനിമയും പരിശുദ്ധിയും കാണികള്‍ക്കായി ഒരുക്കുകയാണ് സാഫ്. വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളായ കുഫോസ്, കുസാറ്റ് എന്നിവയുടെ വിവിധ യാനങ്ങളുടെയും വലകളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."