ഉത്സവാന്തരീക്ഷത്തില്‍ നഗര മേല്‍പാലങ്ങള്‍ തുറന്നു
കോഴിക്കോട്: ഉത്സവാന്തരീക്ഷത്തില്‍ നഗരത്തിലെ പ്രധാന മേല്‍പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. തൊണ്ടയാട് മേല്‍പാലം രാവിലെ പത്തിനും രാമനാട്ടുകര മേല്‍പാലം 11നുമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം നടത്തുമ്പോള്‍ തന്നെ ദേശീയപാതാ വികസനവും വന്‍കിട പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കോഴിക്കോട് ബൈപാസില്‍ തൊണ്ടയാട് മേല്‍പാലം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. കാലവര്‍ഷക്കെടുതി നിരവധി പാഠങ്ങളാണു പകര്‍ന്നിട്ടുള്ളത്. അവ ഉള്‍ക്കൊണ്ട് പ്രകൃതിദുരന്തങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത തരത്തിലുള്ള പുനര്‍നിര്‍മാണം വിഭാവനം ചെയ്യുന്ന റീബിള്‍ഡ് കേരള പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണു സര്‍ക്കാര്‍. വലിയ ദുരന്തങ്ങളില്‍നിന്ന് വിജയകരമായി കരകയറിയ രാജ്യങ്ങളുടെ അനുഭവം കൂടി കണക്കിലെടുത്താണു പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായുള്ള പദ്ധതികള്‍ തയാറാക്കിവരുന്നത്. തകര്‍ന്ന റോഡുകളുടെ അവശിഷ്ടങ്ങളില്‍ നിന്നുതന്നെ റോഡുകളുടെ പുനര്‍നിര്‍മാണത്തിനും നവീകരണത്തിനും വേണ്ട അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തുന്നതുള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളാണു കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി അവലംബിക്കുന്നത്. നഷ്ടപ്പെട്ടുപോയവ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന കാഴ്ചപ്പാട് നമ്മെ നയിക്കുമ്പോള്‍ അതു പാരിസ്ഥിതിക താല്‍പര്യങ്ങളെയും സുസ്ഥിര മാതൃകകളെയും ഉള്‍ക്കൊള്ളുന്ന വിധത്തിലായിരിക്കണം എന്ന കാര്യത്തില്‍ സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്. കണ്ണൂര്‍ വിമാനത്താവളം ആ രീതിയിലാണ് യാഥാര്‍ഥ്യമാക്കിയത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണത്തില്‍ ഓഖിയും പ്രളയവുംമൂലം ചില തടസങ്ങള്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍, അവ പരിഹരിച്ചു തുറമുഖ നിര്‍മാണം പുരോഗമിക്കുകയാണ്. തീരദേശ മലയോര ഹൈവേകള്‍, ദേശീയ ജലപാത, വാട്ടര്‍ മെട്രോ, കൊച്ചി മെട്രോയുടെ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ തുടങ്ങിയ പദ്ധതികളും ലക്ഷ്യത്തോടടുക്കുകയാണ്. കോഴിക്കോട് ബൈപാസില്‍ ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് മെഡിക്കല്‍ കോളജ് -മാവൂര്‍ റോഡിലൂടെയാണ്. അതിന്റെ ഫലമായി സ്ഥിരമായി റോഡപകടങ്ങളും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന മേഖലയായിരുന്നു കിഴക്കുഭാഗത്തെ ദേശീയപാത. ആ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും ദേശീയപാതാ വികസനം മുന്നോട്ടു കൊണ്ടുപോകാനുമാണ് ബൈപാസിലെ തൊണ്ടയാട് ജങ്ഷനില്‍ മേല്‍പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 59 കോടി രൂപയാണു പദ്ധതിക്കായി വകയിരുത്തിയതെങ്കിലും 46 കോടി രൂപ മാത്രം ചെലവുചെയ്ത് മേല്‍പാല നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നത് അഭിമാനകരമാണ്. അതീവ ശ്രദ്ധയോടെ സര്‍ക്കാര്‍ പണം വിനിയോഗിച്ച് സമയബന്ധിതമായി നിര്‍മാണ പ്രവൃത്തികള്‍ നിര്‍വഹിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ബൈപാസിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്ന വിധത്തിലാണു മേല്‍പാലം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പ്രളയത്തിനു മുന്‍പുള്ള പദ്ധതിരേഖ അടിസ്ഥാനമാക്കിയാണ് ഈ മേല്‍പാലം നിര്‍മിച്ചിട്ടുള്ളതെങ്കിലും പ്രളയകാലത്തെ പാഠങ്ങള്‍കൂടി ഉള്‍ക്കൊണ്ടാണ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പ്രളയം കാരണം സംസ്ഥാനത്തെ പല റോഡുകളും തകര്‍ന്നടിഞ്ഞു. മലയോര മേഖലകളില്‍ ഗതാഗത സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുനഃസ്ഥാപിച്ചെങ്കിലും തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും പുനര്‍നിര്‍മാണം പൂര്‍ണമായി ഇനിയും സാധ്യമായിട്ടില്ല. നമ്മുടെ നാടിന്റെ ഭാവിക്ക് ഉതകുന്ന നിലയിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായി. മന്ത്രി ടി.പി രാമകൃഷ്ണന്‍, മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."