അന്‍വര്‍ ഹാജിയുടെ തോട്ടം ഔഷധക്കലവറ
ചെറുപുഴ: സ്വദേശിയും വിദേശിയുമായ നൂറോളം പഴവര്‍ഗങ്ങളും ഔഷധ സസ്യങ്ങളും കൃഷി ചെയ്തു സംതൃപ്തി നേടുകയാണ് അരവഞ്ചാലിലെ ഇല്ലിക്കല്‍ അന്‍വര്‍ ഹാജി. തന്റെ പുരയിടത്തിനു ചുറ്റുമുള്ള ഒരേക്കര്‍ സ്ഥലത്താണ് ഇദ്ദേഹം വേറിട്ട കൃഷി ചെയ്യുന്നത്. പിസ്ത, ജമൈക്കല്‍ സ്റ്റാര്‍, ആപ്പിള്‍, സബര്‍ജില്ലി, സപ്പോട്ട, പ്ലംസ്, വിവിധതരം നാരകങ്ങള്‍, പേരകള്‍, നെല്ലികള്‍, പ്ലാവുകള്‍, അരക്കില്ലാത്തതരം പ്ലാവുകള്‍, വിവിധതരം പാഷന്‍ ഫ്രൂട്ടുകള്‍, ബട്ടര്‍ ഫുഡ്, കാശ്മീരി ആപ്പിള്‍, ചൈനീസ് ഞാവല്‍, ബാറാബ സ്റ്റാര്‍ ഫ്രൂട്ട് ഇങ്ങനെ നീളുന്നു അന്‍വര്‍ ഹാജിയുടെ ഫലവൃക്ഷങ്ങള്‍.
മുരികൂട്ടി, കസ്തൂരി മഞ്ഞള്‍, അത്തി തുടങ്ങി വിവിധതരം ഔഷധ സസ്യങ്ങളും കൂട്ടത്തിലുണ്ട്. നല്ലൊരു കര്‍ഷകനും ബിസിനസുകാരനുമായ ഇദ്ദേഹത്തിന്റെ പ്രധാന ഹോബി ഫലവൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുകയാണ്. സഞ്ചാരപ്രിയനായ ഇദ്ദേഹം എവിടെ പോയാലും ഒരു ഫലവൃക്ഷത്തൈപോലും ഇല്ലാതെ വരില്ലെന്നു വീട്ടുകാര്‍ പറയുന്നു. സ്വന്തമായി ബഡ് ചെയ്ത നിരവധി പ്ലാവ്, മാവ് എന്നിവ ഇദ്ദേഹം വളര്‍ത്തിയെടുത്തിട്ടുണ്ട്. ഇതിനെക്കാളെല്ലാമുപരി വീട്ടില്‍ ആവശ്യത്തിനായി മത്സ്യങ്ങള്‍, നാടന്‍ കോഴികള്‍, താറാവ് എന്നിവയെയും വളര്‍ത്തുന്നു. സുബഹ് നമസ്‌കാരത്തിനു ശേഷം ഒരുമണിക്കൂര്‍ ഫലവൃക്ഷങ്ങളെ പരിചരിക്കാന്‍ സമയം കണ്ടെത്തും. സ്വന്തം ആവശ്യത്തിനു മാത്രമല്ല സ്ഥലത്ത് ഉണ്ടാകുന്ന ഫലങ്ങളില്‍ ഒരംശം നാട്ടുകാര്‍ക്കു വിതരണം ചെയ്യാനും ഇദ്ദേഹം മറക്കാറില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."