ഗൊരഖ്പൂര്‍ ദുരന്തം: സ്വമേധയാ ഇടപെടാനാവില്ലെന്ന് സുപ്രിം കോടതി
ന്യൂഡല്‍ഹി: ഗൊരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ 70 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയ കേടതി ഹരജിക്കാരന് ഹൈകോടതിയെ സമീപിക്കാമെന്നും നിര്‍ദ്ദേശിച്ചു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ പ്രത്യേക താത്പര്യമെടുത്തിട്ടുണ്ടെന്നും കാേടതി വ്യക്തമാക്കി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബാബ രാഘവ് ദാസ് (ബി.ആര്‍.ഡി) മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌ക ജ്വരത്തിന് ചികിത്സയിലായിരിക്കെ ഓക്‌സിജന്‍ കിട്ടാതെ 79 കുട്ടികള്‍ മരിച്ചിരുന്നു. കഴിഞ്ഞ ആറു ദിവസത്തിനകം 63 കുട്ടികളാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടും ഇന്നലെയുമായി 16 കുട്ടികള്‍ കൂടി മരണപ്പെട്ടതോടെ മരണ സംഖ്യ 79 ആയി ഉയര്‍ന്നു. ഇതില്‍ 11 കുട്ടികള്‍ മരിച്ചത് ആശുപത്രി അധികൃതരുടെ അശ്രദ്ധമൂലമാണെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരില്‍ പലരും നവജാത ശിശു പരിചരണ വാര്‍ഡില്‍ കഴിയുന്ന ശിശുക്കളായിരുന്നു. സംഭവത്തില്‍ ഔദ്യോഗികമായി പരാതികളൊന്നും ലഭിക്കാത്തതിനാല്‍ ഇതുവരെ പൊലിസ് കേസെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."