മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം; പ്രഖ്യാപനത്തിന് ജില്ല ഒരുങ്ങി
കൊല്ലം: കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി ഇന്ന് നടത്തുന്ന മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനത്തിനായി കൊല്ലം ജില്ല ഒരുങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്.
കൊല്ലം ജില്ലയിലെ മാലിന്യത്തില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനം കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ രാവിലെ എട്ടിന് നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇതിന്റെ ഭാഗമായി പ്രത്യേക പരിപാടികള്‍ സംഘിടിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ഡോ. ടി. മിത്ര അറിയിച്ചു.
ഇന്നും നാളെയും ജനപ്രതിനിധികള്‍ അടങ്ങുന്ന സന്നദ്ധസേവന പ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനവും ബോധവല്‍ക്കരണവും നടത്തും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പെരിനാട് ഗ്രാമപഞ്ചായത്തില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഗൃഹസന്ദര്‍ശനത്തില്‍ പങ്കുചേരും.
ഇന്നു വൈകിട്ട് നാലു മുതല്‍ ഏഴു വരെ വാര്‍ഡ് തലത്തില്‍ ശുചിത്വസംഗമം സംഘടിപ്പിക്കും. വൈകിട്ട് ഏഴിന് ശുചിത്വ ദീപസന്ധ്യയും സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജ്ജന വാര്‍ഡ് പ്രഖ്യാപനത്തിനുള്ള പ്രതിജ്ഞയും സംഘടിപ്പിക്കും. ഇതേ സമയം എല്ലാ വീടുകളിലും ശുചിത്വദീപം തെളിയിക്കും. ഓഗസ്റ്റ് ആറു മുതല്‍ 13 വരെ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോട ഗൃഹസന്ദര്‍ശനവും ശുചിത്വ അവസ്ഥ വിവര ശേഖരവും ബോധവല്‍ക്കരണവും ജില്ലയില്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കി. തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലുള്ള പരിശീലനവും നടത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ അവസ്ഥാ നിര്‍ണയ വിവരശേഖരണത്തിന്റെ വിവരങ്ങള്‍ ഇന്ന് ശുചിത്വ സംഗമത്തോടനുബന്ധിച്ച് പ്രഖ്യാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."