കല്‍പ്പറ്റ മൈലാടി പാറയില്‍ പുലി തമ്പടിക്കുന്നു
കല്‍പ്പറ്റ: ഗൂഡല്ലായി കുന്നിലെ മൈലാടി പാറയില്‍ പുലി തമ്പടിക്കുന്നത് പ്രദേശവാസികളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയാകുന്നു.
കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ പ്രദേശത്ത് നാല് തവണയാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. കൂടാതെ രണ്ട് ആടുകളെ പുലി ആക്രമിക്കുകയും ചെയ്തു. പൂച്ച പുലിയാണെന്നായിരുന്നു വനം വകുപ്പിന്റെ ആദ്യ വിശദീകരണം. എന്നാല്‍ നാട്ടുകാര്‍ മൈലാടി പാറയ്ക്ക് മുകളില്‍ പുലിയെ കണ്ടതോടെ പുലി തന്നെയാണ് ആടുകളെ ആക്രമിച്ചതെന്ന് വ്യക്തമായി. അടുത്തടുത്തായി നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് പുലിയെ അവസാനമായി കണ്ടത്. നേരം ഇരുട്ടിയാല്‍ പ്രദേശവാസികള്‍ക്ക് പുറത്തിറങ്ങാന്‍ തന്നെ പേടിയാണ്. കൂട് സ്ഥാപിച്ച് എത്രയും വേഗം പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പെരുന്തട്ടയിലും പുലി ഭീതി വിട്ടൊഴിയുന്നില്ല. പെരുന്തട്ടയിലെ ചായ തോട്ടത്തില്‍ പുലി തമ്പടിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. രണ്ട് വര്‍ഷം മുന്‍പ് പുലിയെ കെണിയൊരുക്കി പിടികൂടിയിരുന്നു. എന്നാല്‍ വീണ്ടും പുലി ഇറങ്ങാന്‍ തുടങ്ങിയതോടെ പുലിയെ പിടികൂണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."