സി.പി.എം പ്രവര്‍ത്തകനു മര്‍ദനം: മൂന്നുപേര്‍ അറസ്റ്റില്‍
തളിപ്പറമ്പ് : കഴിഞ്ഞ ദിവസം മുയ്യം സ്കൂളിനു സമീപത്ത് വെച്ച് സി.പി.എം.പ്രവര്ത്തകന് ബൈക്കില്‍ നിന്നും പിടിച്ചിറക്കി മര്‍ദ്ദിച്ച് മാരകമായി മുറിവേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുയ്യത്തെ ഷിഹാഫ്(30), സി സുബൈര്‍(36), സി റഷീദ്(38)എന്നിവരെയാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ പി രാജേഷ് അറസ്റ്റു ചെയ്തത്.
ഇവര്‍ക്കെതിരേ പൊലിസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മുയ്യം സ്വദേശി കണ്ടോത്തു പുതിയ പുരയില്‍ സാജിദ് (26)നാണ് മര്‍ദ്ദനമേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി സാജിദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കോടിച്ച് പോകവേ തടഞ്ഞ്നിര്‍ത്തി ഇരുമ്പ് വടി, കൊളുത്ത് എന്നിവ ഉപയോഗിച്ച് മര്‍ദ്ദിച്ചതായാണ് പരാതി. മുസ്ലിംലീഗ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നതാണ് ആക്രമിക്കാന്‍ കാരണമെന്ന് സാജിദ് പറഞ്ഞു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പൊലിസ് പ്രദേശത്ത് കനത്ത ജാഗ്രതയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."