'മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം' പ്രഖ്യാപനം നടത്തി
കാസര്‍കോട്: ജില്ലയെ സമ്പൂര്‍ണ മാലിന്യരഹിതമാക്കുന്നതിനുള്ള മഹായജ്ഞത്തിന്റെ ഭാഗമായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ 'മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം' പ്രഖ്യാപനവും പ്രതിജ്ഞയും നടത്തി. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്കിടയിലാണു പ്രഖ്യാപനം നടത്തിയത്. 'മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം' പ്രതിജ്ഞ മന്ത്രി ചൊല്ലിക്കൊടുത്തു.
തുടര്‍ന്നു സ്റ്റേഡിയത്തിനു സമീപത്തെ കൃഷ്ണനഗര്‍ ഹൗസിങ് കോളനിയിലെ വീടുകളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്തു. കൃഷ്ണനഗര്‍ ഹൗസിങ് കോളനിയിലെ മുന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി.എം ദിവാകര, അഡ്വ.കെ.കെ കോടോത്ത്, പ്രദീപ്കുമാര്‍, കെ. ഗംഗാധര നായിക്, സുജയ്കുമാര്‍ തുടങ്ങിയവരുടെ വീടുകളിലാണു മന്ത്രി സന്ദര്‍ശനം നടത്തിയത്.
കലക്ടര്‍ കെ. ജീവന്‍ബാബു, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി.വി അബ്ദുല്‍ ജലീല്‍, അസി കോര്‍ഡിനേറ്റര്‍ സുകുമാരന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ് തുടങ്ങിയവരും മന്ത്രിക്കൊപ്പം വീടുകള്‍ സന്ദര്‍ശിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്വാതന്ത്ര്യദിന പരിപാടികളിലും പ്രഖ്യാപനവും പ്രതിജ്ഞയും നടത്തി. എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഗൃഹസന്ദര്‍ശനം നടത്തി ലഘുലേഖകള്‍ വിതരണം ചെയ്തു. വാര്‍ഡ്തലത്തില്‍ സംഘടിപ്പിച്ച ശുചിത്വസംഗമത്തില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഈ മാസം ആറു മുതല്‍ 13 വരെ ഗൃഹസന്ദര്‍ശനത്തോടനുബന്ധിച്ചു നടത്തിയ അവസ്ഥാ നിര്‍ണയ പഠനത്തിന്റെ ക്രോഡീകരിച്ച റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."