ബ്ലൂവെയില്‍ എന്ന മരണക്കളി
കണ്ണൂര്‍: പുതുതലമുറയെ മരണക്കയത്തില്‍ തള്ളിയിടുന്ന മരണക്കളിയായി ബ്ലൂവെയില്‍ മാറിയതോടെ പൊലിസ് ബോധവത്കരണം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ചു വിദ്യാര്‍ഥികള്‍ മാത്രമല്ല രക്ഷിതാക്കളും ബോധവാന്‍മാരാകണമെന്നു ഡിവൈ.എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു. ബ്ലൂവെയില്‍ മാത്രമല്ല മറ്റു പല അപകടകരമായ ഗെയിമും കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട്. ഇതു ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിക്കണമെന്ന് പൊലിസ് രക്ഷിതാക്കളോട് ആവശ്യപ്പെടും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെ സ്‌കൂളുകളിലും കോളജുകളിലും സ്റ്റുഡന്റ് പൊലിസ്, സന്നദ്ധ സംഘടനകള്‍, അധ്യാപക രക്ഷാകര്‍തൃ സമിതി എന്നിവ വഴിയാണ് ബോധവത്കരണം നടത്തുന്നത്. നിലവില്‍ ലഹരിക്കെതിരേ പൊലിസ് ബോധവത്കരണ ക്ലാസുകള്‍ നടത്തുന്നുണ്ട്. ഇതിനിടെ തലശ്ശേരി കാവുംഭാഗത്തെ സാവന്ത്(22) മരിച്ചത് ബ്ലൂവെയിലെന്ന മരണക്കളിയാണെന്ന അഭ്യൂഹം നിലനില്‍ക്കെ ഇതിനു മുന്‍പുണ്ടായ നിരവധി ആത്മഹത്യകള്‍ ഇത്തരത്തിലുള്ളതാണെന്ന പ്രചാരണം ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പള്ളൂരിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ കൈ ഞരമ്പുകള്‍ മുറിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിലും ബ്ലൂവെയില്‍ ഗെയിം സ്വാധീനമാണെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു. മദ്യപാനമോ മറ്റു ദു:ശ്ശീലങ്ങളോയില്ലാത്ത പ്രദേശവാസികള്‍ക്കെല്ലാം പൊതുസ്വീകാര്യനായ യുവാവ് കൈകളുടെ ഞരമ്പ് മുറിക്കുകയും തുടര്‍ന്ന് ഞരമ്പുകള്‍ വലിച്ച് പുറത്തിടുകയും ചെയ്താണ് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിനു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് പതിനയ്യായിരം രൂപയോളം വിലയുള്ള മൊബൈല്‍ ഫോണ്‍ ഇയാള്‍ വാങ്ങിയതായി പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുന്‍പ് സുഹൃത്തുക്കളെ വിട എന്നും, മരിച്ചാല്‍ നിങ്ങള്‍ കരയുമോ എന്നുമുള്ള സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചതായും പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച ഫോണ്‍ പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ പള്ളൂര്‍, മാഹി പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ ഇല്ലാത്തതിനാല്‍ കേരളത്തിലെ പ്രധാന സൈബര്‍ സ്റ്റേഷനില്‍ നല്‍കി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമം നടത്തുകയാണ് പൊലിസ്.
എന്റെ മകന്റെ വിധി മറ്റാര്‍ക്കും വരരുത്: ഷാഖി
തലശ്ശേരി ജഗന്നാഥ് ഐ.ടി.സിയില്‍ നിന്നു ഡ്രാഫ്റ്റ്മാന്‍ കോഴ്‌സ് റാങ്കോടെ ജയിച്ച മിടുക്കനായിരുന്നു സാവന്ത്. പ്രമുഖ പൊതുമേഖലാ സ്ഥാപനത്തില്‍ സാവന്തിന് ജോലിക്കുള്ള നിയമന ഉത്തരവ് ലഭിക്കുകയും ചെയ്തിരുന്നുവത്രെ. മിടുക്കനായ സാവന്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് അമ്മ ഷാഖി പറഞ്ഞു. നേരത്തെയുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഗെയിമില്‍ ഏറെ തത്പരനായിരുന്ന സാവന്തിന് വലിയ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്നില്ല. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പുതിയൊരു മൊബൈല്‍ ഫോണ്‍ വാങ്ങുകയും ചെയ്തിരുന്നു. മൊബൈലിലുള്ള ഗെയിം കാണുന്നതിനും കളിക്കുന്നതിനും മണിക്കൂറുകള്‍ ചെലവഴിക്കുകയും ചിലപ്പോഴൊക്കെ ചില അസ്വാഭാവിക ദൃശ്യങ്ങള്‍ ചിലരെ കാണിക്കുകയും ചെയ്തിരുന്നു. മരണത്തെ ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളായിരുന്നു മിക്കതും. ഒരുദിവസം തന്നെ ഇനി കാണേണ്ടതില്ലെന്നും താന്‍ വിദൂരമായ ഒരു സ്ഥലത്തേക്ക് പോകുകയാണെന്നും വീട്ടുകാരെ അിറയിക്കുകയും ചെയ്തിരുന്നു. ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും ചേര്‍ന്ന് ഏറെനേരം അന്വേഷിച്ചതിനു ശേഷം സാവന്തിനെ തലശ്ശേരി പഴയ കടല്‍പ്പാലത്തില്‍ വച്ച് കണ്ടുമുട്ടുകയും ചെയ്തിരുന്നു. കൈയിലുണ്ടായിരുന്ന പുസ്തകക്കെട്ടുകള്‍ മുഴുവന്‍ കടലില്‍ വലിച്ചെറിഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് സാവന്തിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നെങ്കിലും പഴയ അവസ്ഥയിലുള്ള കുട്ടിയായി ഒരിക്കലും മാറാതെ മറ്റേതോ ലോകത്ത് ജീവിക്കുന്നതായാണ് കുടുംബക്കാര്‍ക്കും അനുഭവപ്പെട്ടതത്രെ. പിന്നീട് ഇക്കഴിഞ്ഞ 19ന് വീടിന്റെ മുകള്‍ നിലയിലേക്ക് കയറിപ്പോവുകയും ശരീരത്തില്‍ മുറിവുകളുണ്ടാക്കി ആത്മഹത്യ ചെയ്യുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വിവിധ ദൃശ്യമാധ്യമങ്ങളില്‍ ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടപ്പോഴാണ് തന്റെ മകന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇതിന് സമാനമായ ഗെയിമില്‍ പങ്കാളിയാണെന്ന് അമ്മ തിരിച്ചറിയുന്നത്. തന്റെ മകന് നേരിട്ടഅസ്വാഭാവികമായ ദുരന്തം മറ്റു മക്കള്‍ക്ക് ഉണ്ടാവരുതെന്ന പ്രാര്‍ഥനയിലാണ് ഷാഖി. അസ്വാഭാവികമായ ചില പെരുമാറ്റങ്ങള്‍ നേരത്തെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മന:ശാസ്ത്ര ഡോക്ടറുടെ ചികിത്സക്കായി കൊണ്ടുപോവുകയും ചെയ്തിരുന്നു. സാവന്ത് ഉപയോഗിച്ച ലാപ്‌ടോപ്പില്‍ ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ മുറിവുകള്‍ ഏല്‍പ്പിച്ച നിരവധി ദൃശ്യങ്ങള്‍ കാണുന്നതായും ബന്ധുക്കള്‍ പറയുന്നു. തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഇന്നലെ സാവന്തിന്റെ വീട്ടിലെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. സാവന്തിന്റെ സുഹൃത്തുക്കളില്‍ നിന്നും പൊലിസ് മൊഴി രേഖപ്പെടുത്തി.
ഒളിച്ചിരിക്കുന്ന മൊബൈല്‍ കൂട്ടുകാരന്‍
സ്‌കൂളുകളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം കൂടിയെന്ന് റിപ്പോര്‍ട്ട്. ക്ലാസുകളിലേക്ക് ബാഗുകളിലെ രഹസ്യ അറകളിലൂടെ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഒളിച്ചുകടത്തുകയാണ്. എന്നാല്‍ ഇതു പിടികൂടുന്ന അധ്യാപകര്‍ക്ക് താക്കീതു നല്‍കി രക്ഷിതാക്കളെ അറിയിച്ചു തിരിച്ചുകൊടുക്കലല്ലാതെ മറ്റു മാര്‍ഗമില്ല. കാല്‍ലക്ഷം രൂപയുള്ള മൊബൈല്‍ ഫോണുകളാണ് എട്ടും ഒന്‍പതും ക്ലാസിലെ കുട്ടികള്‍ ഉപയോഗിക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന രക്ഷിതാക്കളാണ് മക്കളോട് സ്‌നേഹം മൂത്ത് വിലകൂടിയ ഫോണുകള്‍ അയച്ചുകൊടുക്കുന്നത്. അധ്യാപകരെ കളിയാക്കാനും അപമാനിക്കാനുമായി നവമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന വിദ്യാര്‍ഥികള്‍ നിരവധിയാണ്. സ്‌കൂളിനടുത്തെ ചില കടകളില്‍ വാടക കൊടുത്തു മൊബൈല്‍ സൂക്ഷിക്കുന്ന വിരുതന്‍മാരുമുണ്ട്. ഇക്കാര്യം അധ്യാപകര്‍ക്കറിയാമെങ്കിലും നടപടിയെടുക്കാനാവുന്നില്ല.
രഹസ്യവഴികള്‍ അറിയണം
മക്കള്‍ സഞ്ചരിക്കുന്ന രഹസ്യവഴികളറിയാത്ത രക്ഷിതാക്കളാണ് മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം. ആവോളം സ്വാതന്ത്ര്യവും ആഢംബരവും വാരിക്കോരി കൊടുക്കുന്ന കുട്ടികളാണ് ബ്ലൂവെയില്‍ പോലുള്ള മരണക്കളികളില്‍ വീഴുന്നത്. പഠിക്കുന്ന കുട്ടികള്‍ രക്ഷിതാക്കള്‍ അലസമായി വയ്ക്കുന്ന ഫോണുകളാണ് ആദ്യം ഉപയോഗിച്ചു തുടങ്ങുന്നത്. മൊബൈല്‍ ഗെയിം കളിക്കുന്ന മക്കളുടെ കരവിരുതുകളില്‍ ഇവര്‍ ആനന്ദനിര്‍വൃതിയടയുകയാണ്. പിന്നീട് കുട്ടി ഇവരുടെ ശ്രദ്ധയില്‍നിന്നു മാറിപ്പോവുകയും ഒറ്റയ്ക്കു ഒരിടത്തിരുന്ന് രാത്രി ഏറെ വൈകുവോളം മൊബൈല്‍ ഗെയിമുമായി സല്ലപിക്കുകയും ചെയ്യുന്നു. അത്ഭുതങ്ങളും ആകാംഷകളും ഏറെ കൊതിക്കുന്ന കൗമാരക്കാര്‍ ബ്ലൂവെയില്‍ പോലുള്ള നിരവധി കളികളിലേക്ക് വീണുപോവുകയാണ്.
നിര്‍ഭയമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവണം: മന്ത്രി ശൈലജ
കണ്ണൂര്‍: ജാതിമത ഭേദമില്ലാതെ എല്ലാ പൗരന്‍മാര്‍ക്കും നിര്‍ഭയമായി ജീവിക്കാനുള്ള സാഹചര്യം രാജ്യത്തുണ്ടാവണമെന്നു മന്ത്രി കെ.കെ ശൈലജ. അതിനു പോറലേറ്റാല്‍ രാജ്യത്ത് അശാന്തിവാഴുന്ന സാഹചര്യമുണ്ടാവുമെന്നും അവര്‍ വ്യക്തമാക്കി. സ്വാതന്ത്ര്യദിന പരേഡില്‍ സല്യൂട്ട് സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷണത്തിന്റെയോ ഭാഷയുടെയോ പേരില്‍ ആളുകള്‍ പരസ്പരം കലഹിക്കുന്ന അവസ്ഥയുണ്ടാവരുത്. രാജ്യത്തെ സംരക്ഷിക്കേണ്ടതു നാമോരുത്തരുടെയും കടമയാണ്. അതിന് ഇവിടത്തെ ഭരണകൂടങ്ങളും പൗരന്‍മാരും തയാറാവണം. സ്വാതന്ത്യം ലഭിച്ചതിനു ശേഷമുള്ള 70 വര്‍ഷങ്ങള്‍ക്കിടയില്‍ വലിയ നേട്ടങ്ങള്‍ രാജ്യം കൈവരിച്ചുവെന്നതു ശരിയാണ്. എന്നാല്‍ രാജ്യത്ത് ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ഉച്ഛനീചത്വവും നിരക്ഷരതയും നിലനില്‍ക്കുന്ന കാലത്തോളം സ്വാതന്ത്ര്യത്തിന്റെ നേട്ടം പൂര്‍ണമായി എന്നു പറയാനാവില്ല. ശക്തമായ കേന്ദ്രഭരണകൂടവും ശക്തവും സ്വതന്ത്രവുമായ സംസ്ഥാനങ്ങളും നിലനില്‍ക്കുമ്പോള്‍ മാത്രമാണു സ്വാതന്ത്ര്യത്തിലൂടെ നാം നേടിയെടുത്ത ജനാധിപത്യം സാര്‍ഥകമാകൂ. ഗ്രാമങ്ങളില്‍ കഴിയുന്ന സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ പൂര്‍ണമായ അവസരസമത്വം ലഭിക്കുമ്പോഴാണു സ്വാതന്ത്ര്യം പൂര്‍ത്തിയാവുന്നതെന്നും അവര്‍ പറഞ്ഞു.
പതാക ഉയര്‍ത്തിയ പരേഡ് പരിശോധിച്ചു. മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യം പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ പൊലിസ് മെഡല്‍ മന്ത്രി വിതരണം ചെയ്തു. പി.കെ ശ്രീമതി എംപി, മേയര്‍ ഇ.പി ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഐ.ജി മഹിപാല്‍ യാദവ്, കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്.പി ജി. ശിവവിക്രം, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, സബ് കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, അസി. കലക്ടര്‍ ആസിഫ് കെ യൂസഫ് പങ്കെടുത്തു. പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ സി.കെ വിശ്വനാഥന്‍ കമാന്ററായി നടന്ന സെറിമോണിയല്‍ പരേഡില്‍ കെ.എ.പി, ലോക്കല്‍ പൊലിസ്, വനിതാ പൊലിസ്, എക്‌സൈസ്, ജയില്‍ വകുപ്പുകളുടെയും എന്‍.സി.സി, ജൂനിയര്‍ റെഡ്‌ക്രോസ്, സക്ൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലിസ് വിഭാഗങ്ങളുടെയും പ്ലാറ്റൂണുകള്‍ അണിനിരന്നു. കെ.എ.പി നാലാം ബറ്റാലിയന്‍, ആര്‍മി പബ്ലിക് സ്‌കൂള്‍, ഡി.എസ്.സി കണ്ണൂര്‍ എന്നീ ടീമുകളുടെ ബാന്‍ഡ്‌വാദ്യവും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."