തമിഴ്നാട്ടിലേക്കു കൈമാറിയ നവജാത ശിശുവിനെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ഏറ്റെടുത്തു
മഞ്ചേരി: തമിഴ്നാട്ടിലേക്ക് കൈമാറിയ നവജാത ശിശുവിനെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ഏറ്റെടുത്തു. ഏഴുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജില്ലയില്‍ നിന്നും കോയമ്പത്തൂരിലെ ഒരു വ്യക്തിക്ക് മാതാവ് കൈമാറിയിരുന്നത്. കഴിഞ്ഞ ജൂലൈ 13നാണ് കോയമ്പത്തൂര്‍ റെയില്‍വേ പൊലിസ് കുഞ്ഞിനെ ഏറ്റെടുത്ത് കോയമ്പത്തൂര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു നല്‍കിയത്.
കോയമ്പത്തൂരിലെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടിയെ ശരണാലയം എന്ന ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക്കൈമാറുകയും കുട്ടിയുടെ ജില്ലയായ മലപ്പുറത്തേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ചാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അംഗങ്ങള്‍ കോമ്പത്തൂരിലെത്തി കുട്ടിയെ ജില്ലയില്‍ എത്തിച്ചത്. കുട്ടിയുടെ മാതാവിനെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന് മുന്‍പാകെ ഹാജരാക്കി കൗണ്‍സിലിംഗ് നല്‍കിയെങ്കിലും സാമൂഹികമായ കാരണങ്ങളാല്‍ കുട്ടിയെ ഏറ്റെടുക്കാനാവില്ലെന്നു മാതാവ് അധികൃതരെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് കുഞ്ഞിനെ ഇന്നലെ സാമൂഹിക നീതിവകുപ്പിനു കീഴിലെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. അതേസമയം 60 ദിവസത്തിനകം അമ്മക്കു കുട്ടിയെ ഏറ്റെടുക്കാന്‍ അവകാശമുണ്ട്. അതിനുശേഷമായിരിക്കും ദത്ത് നല്‍കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുക.
കുട്ടിയെ സ്വന്തം ജില്ലയില്‍ നിന്നും കോയമ്പത്തൂരിലേക്കു കൈമാറാനുണ്ടായ സസാഹചര്യത്തെ കുറിച്ചും രക്ഷിതാക്കളെ കുറിച്ചും നേരത്തെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് കോയമ്പത്തൂര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ വേഗത്തിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."