നിയന്ത്രിക്കാനാളില്ലാതെ മക്കള്‍ വഴിതെറ്റിപ്പോകരുത്
പീഡകനില്‍ നിന്ന് മകനെ രക്ഷിക്കാം
എനിക്ക് രണ്ട് മക്കളാണ്. ഭര്‍ത്താവ് മരിച്ചു. മൂത്തമകന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. നന്നായി പഠിച്ചിരുന്ന കുട്ടിയാണ്. ഇപ്പോള്‍ പാഠപുസ്തകം തുറന്നുനോക്കാറില്ല. എന്തുപറഞ്ഞാലും ദേഷ്യമാണ്. കുട്ടിയുടെ കയ്യില്‍ ആവശ്യത്തിലധികം പൈസ കാണുന്നു. ഇവനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.
പട്ടാമ്പിയില്‍ നിന്നുള്ള വീട്ടമ്മ
ഇന്ന് പല വീടുകളിലും സംഭവിക്കുന്ന ഒരുകാര്യമാണിത്. ഗൃഹനാഥന്‍ നഷ്ടമായാല്‍ അല്ലെങ്കില്‍ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും അകല്‍ച്ചയും കുട്ടികളെയാണ് ഏറ്റവുമധികം ബാധിക്കുക. ഇതിന്റെ വ്യക്തമായ ഒരു ഉദാഹരണമാണ് ഇവിടെ കാണുന്നത്.
കുട്ടിയെ നിയന്ത്രിക്കാനാളില്ലാതാകുമ്പോള്‍ കുട്ടി വഴിതെറ്റുകയും പിന്നീട് ആരുടെയും നിയന്ത്രണത്തിന് വഴിപ്പെടാതാകുകയും ചെയ്യും. ഇവിടെ കുട്ടിക്ക് സംഭവിച്ചിരിക്കുന്നത് കോണ്‍ടാക്ട് പ്രോബ്ലമാണ്. നിയന്ത്രിക്കാനാളില്ലാതായപ്പോള്‍ വഴിതെറ്റി പോവുകയും ചീത്ത കൂട്ടുകെട്ടില്‍ അകപ്പെടുകയും മോശം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു.
ഇതില്‍ നിന്ന് കുട്ടിയെ മോചിപ്പിക്കാന്‍ എത്രയും പെട്ടെന്ന് കുട്ടിക്ക് കൂടുതല്‍ അടുപ്പമുള്ള കുടുംബാംഗങ്ങളുമായി കൂടുതല്‍ സഹവസിക്കാന്‍ സാഹചര്യമൊരുക്കണം. അവര്‍ വഴി കുട്ടിയെ ദുശ്ശീലങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യണം.
അതോടൊപ്പം സൈക്യാട്രിസ്റ്റിന്റെ സഹായവും തേടണം. ചില കുട്ടികള്‍ക്ക് ഇതിനുപുറമേ മരുന്നുകളും വേണ്ടിവന്നേക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം കുട്ടികളെ ശാരീരികമായി ദുരുപയോഗം ചെയ്യുകയും മോശം പ്രവര്‍ത്തികളിലേക്ക് നയിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. ഇതിനായി നിലവിലുള്ള ആക്ടാണ് പോക്‌സോ ആക്ട്. കുട്ടികളെ ലൈംഗിക ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമമാണിത്. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് അമ്മ അടുത്തുള്ള പൊലിസ് സ്റ്റേഷനില്‍ എത്രയും പെട്ടെന്ന് അറിയിക്കണം.
കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അമ്മ ധൈര്യം കാണിക്കണം. പോക്‌സോ ആക്ടിനെപ്പറ്റി അജ്ഞരായതിനാല്‍ പലരും ഇത്തരത്തിലുള്ള സംഭവങ്ങള്‍ പരാതിപ്പെടാറില്ല. അതിനാല്‍ തീര്‍ച്ചയായും പരാതിപ്പെടണം. കുട്ടിയെ ഇത്തരം ചൂഷണങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ അമ്മ മുന്‍കൈയെടുക്കണം.
ക്ലാസില്‍ ഉറങ്ങുന്ന കുട്ടി
മകന്‍ ക്ലാസില്‍ ഉറങ്ങുന്നു എന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു. കുട്ടി രാത്രി എത്ര നേരത്തേ ഉറങ്ങിയാലും ക്ലാസില്‍ എത്ര ഉറങ്ങാതിരിക്കാന്‍ ശ്രമിച്ചാലും ക്ലാസില്‍ ഉറങ്ങിപ്പോകുന്നു.
രമാദേവി ഈര്‍പ്പോണ
കൃത്യമായ ഉറക്കത്തിനുള്ള സമയം ചിട്ടപ്പെടുത്തിയാല്‍ പകലുറക്കം നിയന്ത്രിക്കാനാവും. കുട്ടികളെ ഭക്ഷണശേഷം വളരെ പെട്ടന്ന് ഉറങ്ങാന്‍ പ്രേരിപ്പിക്കുക. ഒരുകാരണവശാലും ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ സ്‌ക്രീന്‍, ടാബ്‌ലറ്റ്, ടി.വി, കംപ്യൂട്ടര്‍ തുടങ്ങിയവയില്‍ സമയം ചെലവഴിക്കാന്‍ അനുവദിക്കരുത്. ഇവയില്‍ നിന്നുള്ള വെളിച്ചം ഉറക്കക്ഷീണം വര്‍ധിപ്പിക്കും. കിടന്നിട്ടും ഉറക്കം വരുന്നില്ലെങ്കില്‍ പാട്ടുപാടിക്കൊടുക്കുകയോ, കഥപറഞ്ഞുകൊടുക്കുകയോ വേണം. കുട്ടിയെ ഉറങ്ങാന്‍ നിര്‍ബന്ധിക്കുകയോ സമയം നോക്കാന്‍ അനുവദിക്കുകയോ ചെയ്യരുത്. ഇങ്ങനെ കൃത്യമായ ഉറക്കസമയം ശീലിച്ചാല്‍ പകലുറക്കത്തില്‍ നിന്ന് രക്ഷപ്പെടാം. അതുപോലെ രാത്രി ഭക്ഷണത്തില്‍ മിതത്വം പാലിക്കുകയും വേണം. അമിത ഭക്ഷണം രാത്രിയിലെ ഉറക്കം കെടുത്തും. ഉറങ്ങുന്നതിന് മുന്‍പ് ഒരുഗ്ലാസ് ചൂടുപാല്‍ കുടിക്കുന്നതും ചൂടുവെള്ളത്തില്‍ ശരീരവൃത്തി വരുത്തുന്നതും നല്ലതാണ്. കുട്ടികള്‍ ഉറങ്ങുന്ന മുറിയില്‍ ഒച്ചയുണ്ടാക്കുന്നതൊന്നും ഇല്ലാതിരിക്കാനും ശ്രദ്ധിക്കണം. ഇത്തരത്തില്‍ ഉറങ്ങാനും ഉണരാനും കൃത്യമായ സമയം പാലിച്ചാല്‍ പകലുറക്കം ഒഴിവാകുകയും രാത്രി കൃത്യമായി ഉറക്കം വരികയും ചെയ്യും.
കരുതല്‍ വേണം, ഐ.ക്യു കുറവുള്ള കുട്ടികള്‍ക്ക്
അഞ്ചാം ക്ലാസിലാണ് മകന്‍ പഠിക്കുന്നത്. മൂന്നാം ക്ലാസുവരെ പഠനത്തില്‍ കുഴപ്പമുണ്ടായിരുന്നില്ല. ഇപ്പോള്‍ പിന്നോട്ടാണ്. കരാട്ടെ, ഫുട്‌ബോള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം സജീവമാണ്. ഓര്‍മക്കുറവ് കാണുന്നുണ്ട്. മൂത്രമൊഴിക്കുന്ന പ്രശ്‌നവുമുണ്ട്.
ഷമീമ നാദാപുരം
പലപ്പോഴും പഠനത്തില്‍ മിടുക്കരല്ലാത്ത കുട്ടികള്‍ മറ്റുള്ള കാര്യങ്ങളില്‍ മികവ് പുലര്‍ത്തുന്നത് കണ്ടുവരുന്നുണ്ട്. 90ന് മുകളില്‍ ഐ.ക്യു ഉള്ള കുട്ടികളെയാണ് സാധാരണ ബുദ്ധിയെന്ന് കണക്കാക്കുന്നത്. 80ല്‍ താഴെ ഐ.ക്യു ഉള്ള കുട്ടികളെ ബുദ്ധിക്കുറവുള്ള കൂട്ടത്തിലാണ് കണക്കാക്കുക. എന്നാല്‍ ഇതിനിടയിലുള്ളവരെ ബോര്‍ഡര്‍ലൈന്‍ ഐ.ക്യു വിഭാഗത്തിലാണ് പെടുത്തുക.
80 വരെ ഐ.ക്യു ഉള്ള കുട്ടികള്‍ക്ക് സാധാരണഗതിയില്‍ പ്രശ്‌നങ്ങളൊന്നും ഉള്ളതായി കാണാറില്ല. ഇത്തരത്തിലുള്ള കുട്ടികളുടെ ബുദ്ധിക്കുറവിനെപ്പറ്റി മാതാപിതാക്കള്‍ക്ക് സംശയമുണ്ടാവാറില്ല. കുട്ടി എല്ലാകാര്യങ്ങളിലും മുന്‍പിലാണെന്ന് അവര്‍തന്നെ വിലയിരുത്തുകയും ചെയ്യും.
എന്നാല്‍ പലപ്പോഴും ഈ കുട്ടികള്‍ പഠനത്തില്‍ മാത്രമായിരിക്കും പിന്നോട്ടാകുക. ചെറിയ ക്ലാസുകളില്‍ ഇത്തരക്കാര്‍ക്ക് കാണാപ്പാഠം പഠിച്ച് ക്ലാസില്‍ സാമാന്യം മാര്‍ക്ക് നേടാനുമാകും. ഉയര്‍ന്ന ക്ലാസുകളിലെത്തുമ്പോള്‍ പാഠ്യവിഷയങ്ങള്‍ കൂടുമ്പോള്‍, കാണാപ്പാഠം പഠിക്കല്‍ സാധ്യമല്ലാതാകും. പഠനത്തില്‍ പിന്നോട്ടാവുകയും ചെയ്യും. ചിന്തിച്ച് പഠിക്കേണ്ട പ്രായത്തിലാണ് കുട്ടികള്‍ ഈ പ്രശ്‌നം നേരിടുകയും രക്ഷിതാക്കള്‍ പ്രശ്‌നം തിരിച്ചറിയുകയും ചെയ്യുന്നത്. സി.ബി.എസ്.ഇ ഇംഗ്ലിഷ് മീഡിയം സിലബസായത് കൊണ്ട് അല്‍പ്പം ബുദ്ധിക്കുറവുള്ള കുട്ടികള്‍ തന്നെ പഠനത്തില്‍ വളരെ പിന്നാക്കം പോകാന്‍ സാധ്യതയുണ്ട്. ചെറിയ ക്ലാസുകളിലെല്ലാം കുഴപ്പമില്ലാതെ പഠിക്കുന്ന കുട്ടികള്‍ മുതിര്‍ന്ന ക്ലാസുകളിലേക്ക് വരുമ്പോള്‍ ബുദ്ധിമുട്ടുന്നതും ഈ സിലബസിന്റെ കാഠിന്യം മൂലമാകാം.
അതിനാല്‍ ഇത്തരം കുട്ടികള്‍ക്ക് ഏറ്റവും നല്ലത് മാതൃഭാഷയില്‍ പഠിപ്പിക്കുന്ന സ്‌കൂളുകള്‍ തന്നെയാണ്. ജനിച്ച നാള്‍ മുതല്‍ മാതൃഭാഷയില്‍ സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് ആ ഭാഷയില്‍ പഠിക്കാനും സുഖമാണ്. പഠനത്തില്‍ പ്രശ്‌നമുള്ള കുട്ടികള്‍ക്ക് തീര്‍ച്ചയായും മാതൃഭാഷയിലെ സിലബസ് തന്നെയാണ് നല്ലത്. കുട്ടി പാഠ്യേതര വിഷയങ്ങളില്‍ സജീവമായതും പഠനത്തില്‍ പിന്നോട്ടാകുന്നതും കുട്ടി ബോര്‍ഡര്‍ ലൈന്‍ ഐ.ക്യു വിഭാഗത്തില്‍ പെടുന്നതിനാലാണ്.
വാശിക്കാരനെ അവഗണിക്കുക
രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് എപ്പോഴും വാശിയാണ്. അനുസരണക്കേടും കാണിക്കുന്നു. ഇപ്പോള്‍ അവന് ചെറിയ അനിയന്‍ പിറന്നിട്ടുണ്ട്. ചെറിയ കുട്ടിയോടുള്ള എന്റെ ശ്രദ്ധ അവനില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ എന്നതാണ് എന്റെ ഭയം.
പ്രതിഭ വെള്ളായണി
അനുസരണക്കേടും വാശിയും കാണിക്കുന്ന കുട്ടികള്‍ക്കായി ചെയ്യാനാവുന്നത് ബിഹേവിയറല്‍ മോഡിഫിക്കേഷന്‍ ആണ്. വാശി കാണിക്കുന്ന സമയത്ത് അവരെ ശ്രദ്ധിക്കാതിരിക്കുക, അപ്പോള്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കാനായി കൂടുതല്‍ വാശികാണിക്കും.
തീരേ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ തനിയേ അത് കുറക്കും. എന്നാല്‍ ഇതില്‍ നേരിടുന്ന പ്രധാന പ്രശ്‌നം കുട്ടി വാശികാണിക്കുന്ന സമയങ്ങളിലെല്ലാം മുത്തശ്ശനോ മുത്തശ്ശിയോ ഇടപെടുകയും അതിലൂടെ കുട്ടിക്ക് കൂടുതല്‍ ശ്രദ്ധകിട്ടുകയും ചെയ്യാറാണ് പതിവ്.
കൂടുതല്‍ വാശികാണിക്കുന്ന സമയങ്ങളില്‍ കുടുംബമൊട്ടാകെ കുട്ടിയെ ശ്രദ്ധിക്കാതിരിക്കണം. ഇതിലൂടെ വാശികാണിച്ചിട്ട് കാര്യമില്ല. ആരും ശ്രദ്ധിക്കുന്നില്ല എന്ന് കുട്ടിക്ക് മനസിലാകും.
അത് പിന്നീട് ആവര്‍ത്തിക്കാതിരിക്കുകയും ചെയ്യും. ഇവിടെ ചെറിയ കുട്ടി ഉണ്ടായശേഷമാണ് കുട്ടി വാശികാണിക്കാന്‍ തുടങ്ങിയതെന്നാണ് പറയുന്നത്. അതിനെ സിബല്‍ങ് റിവാള്‍ഡറി എന്നാണ് പറയുക. അതായത് കുട്ടിക്ക് താന്‍ അവഗണിക്കപ്പെടുകയാണെന്ന തോന്നല്‍ വന്നിട്ടുണ്ടാവാം.
ചെറിയ കുട്ടിയെ മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ എന്ന തോന്നലുണ്ടായി ശ്രദ്ധനേടാനായി കുട്ടി വാശികാണിക്കും.
കുട്ടിയോടുള്ള സ്‌നേഹം കുറഞ്ഞിട്ടില്ല എന്നത് കുട്ടിയുടെ നല്ല സ്വഭാവങ്ങളെയെല്ലാം അഭിനന്ദിച്ചുകൊണ്ടും ചീത്ത സ്വഭാവങ്ങളെ അവഗണിച്ചും കുട്ടിയോട് പ്രകടിപ്പിക്കണം. അതുതന്നെയാണ് ഇതിനുള്ള പ്രധാന ചികിത്സ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."