മന്ത്രിക്കും എം.എല്‍.എയ്ക്കുമെതിരായ ആരോപണം; കോണ്‍ഗ്രസ് നേതാക്കളുടെ മൗനത്തില്‍ യുവനേതാക്കള്‍ക്ക് അതൃപ്തി
തിരുവനന്തപുരം: മന്ത്രിക്കും ഭരണപക്ഷ എം.എല്‍.എയ്ക്കുമെതിരായ നിയമലംഘന ആരോപണം വിവാദമായി കത്തിപ്പടരുമ്പോഴും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മൗനം പാലിക്കുന്നതില്‍ പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള യുവനേതാക്കള്‍ക്ക് അതൃപ്തി. നേതാക്കളില്‍ ചിലര്‍ ഇക്കാര്യത്തിലുള്ള പ്രതിഷേധം സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്.
ഈ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയം കൊണ്ടുവന്നതിന് അപ്പുറത്തേക്കുള്ള പ്രതിഷേധമൊന്നും മുതിര്‍ന്ന നേതാക്കളില്‍നിന്ന് ഉണ്ടായിട്ടില്ല.
ആരോപണവിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ പാര്‍ട്ടിയില്‍നിന്നു പോലും കടുത്ത വിമര്‍ശനമുയര്‍ന്നിട്ടും കാര്യമായ പ്രസ്താവനകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിട്ടുമില്ല. ഇടതു സര്‍ക്കാരിനെതിരേ ആഞ്ഞടിക്കാന്‍ ശക്തമായ ഒരു ആയുധം കിട്ടിയിട്ടും നേതാക്കള്‍ പാലിക്കുന്ന മൗനത്തില്‍ ദുരൂഹതയുണ്ടെന്ന് യുവ നേതാക്കള്‍ പറയുന്നു.
ആരോപണവിധേയരുമായി പാര്‍ട്ടി നേതൃത്വത്തിലെ ചിലര്‍ നടത്തുന്ന ഒത്തുകളിയായി ഇത് വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരേ ശക്തമായ സമരം ആരംഭിക്കണമെന്നാണ് യുവനേതാക്കളുടെ അഭിപ്രായം. അടിയന്തരപ്രമേയം വന്നപ്പോള്‍ നിയമസഭയില്‍ സംസാരിച്ചതൊഴിച്ചാല്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇക്കാര്യത്തില്‍ കാര്യമായ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ തുടങ്ങിയ മറ്റു മുതിര്‍ന്ന നേതാക്കളും ശക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. മന്ത്രി തോമസ് ചാണ്ടിക്കും പി.വി അന്‍വര്‍ എം.എല്‍.എയ്ക്കും രാഷ്ട്രീയ ചേരിക്ക് അതീതമായുള്ള ബന്ധങ്ങളാണ് ഇതിനു കാരണമെന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്നും യുവ നേതാക്കള്‍ ആരോപിക്കുന്നു. ചാണ്ടിയുടെ വിവാദ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിക്കാന്‍ പി.ജെ കുര്യന്റെ എം.പി ഫണ്ടില്‍നിന്ന് പണം അനുവദിച്ചത് ഈ ബന്ധത്തിനു തെളിവാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്.
അന്‍വറിനും ചില നേതാക്കളുമായി അടുത്ത സൗഹൃദമുണ്ടെന്നും അവര്‍ പറയുന്നു. നിയമം ലംഘിച്ച് കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലില്‍ അന്‍വര്‍ പണിത അമ്യൂസ്‌മെന്റ് പാര്‍ക്കിന് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് അനുമതി നല്‍കിയതിനു പിന്നില്‍ ഈ ബന്ധമാണെന്ന് അവര്‍ സംശയം പ്രകടിപ്പിക്കുന്നത്. ഇതെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയതായി യുവ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."