ജെ.ഡി.യു നിതീഷ് പക്ഷം എന്‍.ഡി.എയുടെ ഭാഗമായി
ന്യൂഡല്‍ഹി: ജനതാദള്‍ യുനൈറ്റഡ് (ജെ.ഡി.യു) നിതീഷ് കുമാര്‍ വിഭാഗം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമായി. ഇന്നലെ നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ പട്‌നയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക തീരുമാനമുണ്ടായത്. പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമായതായി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം യോഗത്തില്‍ പാസാക്കിയതായി ജെ.ഡി.യു നേതാവ് കെ.സി ത്യാഗി അറിയിച്ചു.
ജെ.ഡി.യു മുന്‍ അധ്യക്ഷന്‍ ശരദ് യാദവുമായുള്ള അഭിപ്രായ വ്യത്യാസംമൂലം പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പുണ്ടായിട്ടില്ലെന്ന് ത്യാഗി അവകാശപ്പെട്ടു. പാര്‍ട്ടി പ്രസിഡന്റ് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടിവ് യോഗമാണ് എന്‍.ഡി.എയുടെ ഭാഗമാകാനുള്ള പ്രമേയം അംഗീകരിച്ചതെന്നു പറഞ്ഞ ത്യാഗി ആര്‍.ജെ.ഡി, കോണ്‍ഗ്രസ് കക്ഷികളുമായു ഒന്നിച്ചുണ്ടായിരുന്നു മഹാസഖ്യം വിടാനുള്ള ജെ.ഡി.യു ബിഹാര്‍ ഘടകത്തിന്റെ തീരുമാനത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കിയതായും അറിയിച്ചു. ബിഹാറില്‍ ബി.ജെ.പിയുമായി ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കാനുള്ള സംസ്ഥാനഘടകത്തിന്റെ തീരുമാനത്തിനും യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
അടുത്തിടെ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി ജെ.ഡി.യു അധ്യക്ഷന്‍ നിതീഷ് കുമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടിയെ എന്‍.ഡി.എയുടെ ഭാഗമാക്കാന്‍ അഭ്യര്‍ഥിച്ചിരുന്നുവെന്നും ഇതിന് പാര്‍ട്ടിയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരം നല്‍കുകയായിരുന്നുവെന്നും ത്യാഗി പറഞ്ഞു.
എന്‍ഡിഎയുടെ ഭാഗമായതില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ആര്‍സിപി സിങ്, ഹര്‍ബന്‍ഷ്, പവന്‍ വര്‍മ്മ എന്നിവര്‍ക്ക് എതിര്‍പ്പുണ്ടെന്നും, പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടെന്നുമുള്ള വാര്‍ത്ത ത്യാഗി നിഷേധിച്ചു. 20 സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമാരില്‍ 16 പേരും ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തതായി അദ്ദേഹം അവകാശപ്പെട്ടു. ബിഹാറിലെ 71 ജെ.ഡി.യു എം.എല്‍.എമാരും 30 എം.എല്‍.സിമാരും ശരദ് യാദവിന്റെ സമ്മതത്തോടെ നിതീഷ് കുമാര്‍ നിയമിച്ച പാര്‍ട്ടി കമ്മിറ്റികളുടെ മുഴുവന്‍ ഭാരവാഹികളും ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തതായി നിതീഷ്‌കുമാര്‍ പക്ഷം അവകാശപ്പെടുന്നുണ്ട്.
27ന് പട്‌നയില്‍ നടക്കുന്ന ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍.ജെ.ഡി റാലി വരെ ശരദ് യാദവിനെതിരേ ഒരു നടപടിയുമുണ്ടാകില്ലെന്നും റാലിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നും ത്യാഗി അറിയിച്ചു. ആ ദിവസം ജെ.ഡി.യു ഒരു പൊതുപരിപാടി നടത്തുമെന്നും അതില്‍ നിതീഷ് കുമാര്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്നലെ നടന്ന ദേശീയ എക്‌സിക്യൂട്ടിവ് കമ്മിറ്റിയില്‍നിന്ന് ശരദ് യാദവും ജെ.ഡി.യു രാജ്യസഭാംഗം അലി അന്‍വര്‍ അന്‍സാരിയും വിട്ടുനില്‍ന്നു. സമാന്തരമായി ജന്‍ അദാലത്ത് എന്ന പേരില്‍ ഇവര്‍ മറ്റൊരു യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ വിശാല മതേതരസഖ്യത്തോടൊപ്പം തുടരുമെന്ന് ജന്‍ അദാലത്ത് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."