മോയിന്‍കുട്ടി വൈദ്യരുടെ ഖിസ്സ പറഞ്ഞ് 'ഇശലുകളുടെ സുല്‍ത്താന്‍'
കോഴിക്കോട്: മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യജീവിതത്തിന്റെ ഖിസ്സ പറഞ്ഞ് 'ഇശലുകളുടെ സുല്‍ത്താന്‍' നാടകം അരങ്ങിലെത്തി.
കൊണ്ടോട്ടി ഓട്ടുപാറയിലെ തറവാട്ടില്‍നിന്ന് കവിയും വൈദ്യനുമായ പിതാവ് ഉണ്ണിമുഹമ്മദ് തന്റെ മകന്‍ മോയിന്‍കുട്ടിയുടെ പാട്ടുകളോടുള്ള ഇഷ്ടം കണ്ടെത്തുന്നതാണ് നാടകത്തിന്റെ ആദ്യ രംഗം. നാടകത്തിലെ പ്രധാനപ്പെട്ട മൂന്നു ഭാഗങ്ങള്‍ തന്റെ ഇരുപതാമത്തെ വയസില്‍ വൈദ്യര്‍ രചിച്ച പ്രണയ കാവ്യമായ ബദ്‌റുല്‍മുനീര്‍ ഹുസ് നുല്‍ ജമാലിലെ നിമിഷങ്ങളാണ്.
വൈദ്യരുടെ പ്രശസ്തമായ ഉഹ്ദ് പടപ്പാട്ട്, ബദ്ര്‍ പടപ്പാട്ട് തുടങ്ങിയ കാവ്യങ്ങളുടെ ദൃശ്യാവിഷ്‌കാരത്തോടൊപ്പം കവിയുടെ നാല്‍പത് വര്‍ഷത്തെ കാവ്യജീവിതവും പ്രധാന സംഭവങ്ങളും അരങ്ങിലെത്തിച്ചിട്ടുണ്ട്. ഹിജ്‌റ എന്ന കൃതി പൂര്‍ത്തീകരിക്കാനാകാതെ വിടപറഞ്ഞ വൈദ്യരുടെ വരികള്‍ പൂര്‍ത്തീകരിക്കുന്ന പിതാവ് ഉണ്ണിമുഹമ്മദ് വൈദ്യരുടെ ദൃശ്യത്തോടെയാണ് നാടകം അവസാനിക്കുന്നത്. റിഥം ഹൗസ് പെര്‍ഫോമിങ് ആര്‍ട് ഗ്രൂപ്പാണ് നാടകം അരങ്ങിലെത്തിച്ചിരിക്കുന്നത്.
സാങ്കേതിക സംവിധാനം മജീദ് കോഴിക്കോടും രചനയും സംവിധാനവും ശ്രീജിത്ത് പൊയില്‍കാവുമാണ് നിര്‍വഹിച്ചിരിക്കുന്നത്.
മിര്‍ഷാദ്, ഷൈജു ഒളവണ്ണ, ധീരജ്, സുധാകരന്‍ ചൂലൂര്‍, റിന്‍സി, റീന, ഋതിക് ശ്രീകുമാര്‍ എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവനേകിയത്. കൂടാതെ അമ്പതോളം കലാകാരന്‍മാര്‍ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, നടന്‍ കോഴിക്കോടന്‍ നാരായണന്‍ നായര്‍, ബഷീര്‍ ചുങ്കത്തറ, പി.പി ഷഹീദ, വില്‍സണ് സാമുവല്‍, ബി.കെ പ്രേമന്‍, എം.കെ അബ്ദുറഹ്മാന്‍ പി.എം ഫൈസല്‍ സംസാരിച്ചു. നാടകം ഇന്നും പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."