പെരുവണ്ണാമൂഴി വനമേഖലയില്‍ കൂട്ടങ്ങളായി അന്‍പതോളം കാട്ടാനകള്‍
പേരാമ്പ്ര: പെരുവണ്ണാമൂഴി വനമേഖലയില്‍ പല കൂട്ടങ്ങളായി അന്‍പതോളം കാട്ടാനകള്‍ തമ്പടിച്ചിട്ടുണ്ടെന്നു അനൗദ്യോഗിക കണക്ക്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികളും നാട്ടുകാരുമാണ് ഈ വിവരം സാക്ഷ്യപ്പെടുത്തുന്നത്.
കാട്ടാനകള്‍ രാത്രി തമ്പടിക്കുന്നത് എസ്റ്റേററിന്റെ വിവിധ ഭാഗങ്ങളിലുള്ള കാടുമൂടി വനമായി കിടക്കുന്ന കശുമാവിന്‍ തോപ്പിലാണ്. കുട്ടികളടക്കം എട്ടു പത്ത് ആനകളുണ്ടാകും ഓരോ കൂട്ടത്തിലും. രാത്രി ഇവ പുറത്തിറങ്ങും. വിശാലമായ എസ്റ്റേറ്റില്‍ വിഹരിക്കുന്ന കാട്ടാനകളെ പന്തം കത്തിച്ചു കാണിച്ചും പടക്കമെറിഞ്ഞും കാവല്‍ക്കാര്‍ തുരത്തും. ഇതില്‍ കലിയിളകി എത്തുന്നത് വനാതിര്‍ത്തികളിലെ കൃഷിയിടങ്ങളിലും.
കശുമാവ് കായ്ക്കുന്ന കാലത്തു മാത്രമെ കാട് നീക്കാറുള്ളൂ. കൃഷിയിടങ്ങളിലെത്തുന്ന ആനകളെ കര്‍ഷകര്‍ വരവേല്‍ക്കുന്നതും തുരത്തുന്നതും പന്തം പടക്കം പ്രയോഗങ്ങള്‍ കൊണ്ടു തന്നെ. ഇത് വിതരണം ചെയ്യുന്നത് വനം വകുപ്പും. വേദന സഹിച്ചു ആനകള്‍ കാലാകാലമായി പരക്കം പാച്ചിലിലാണ്.കഴിഞ്ഞ ദിവസം പേരാമ്പ്ര എസ്റ്റേററിലെ ടാപ്പിങ് തൊഴിലാളികള്‍ ആന പേടിയില്‍ ഓടുന്നതിനിടയില്‍ വീണു പരുക്കേറ്റിരുന്നു.
വ്യാഴാഴ്ച രാത്രി കാവല്‍ ഇവിടെ ശക്തമാക്കിയിരുന്നു. പുറത്തിറങ്ങിയ കാട്ടാനകള്‍ക്കല്ലാം പടക്കമേറ് കിട്ടി. വേദന കൊണ്ട് കലിയിളകിയ ആനകള്‍ തൈ റബര്‍ നട്ട ഭാഗങ്ങളില്‍ സംഹാര താണ്ഡവമാടി. സമീപ മേഖലയായ മുതുകാട് ചെങ്കോട്ടക്കൊല്ലി മേഖലയിലും വ്യാപക നാശം വിതച്ചു.
ഇതവസാനിപ്പിക്കാന്‍ ആനകളടക്കമുള്ള വന്യമൃഗങ്ങളെ കാട്ടില്‍ തന്നെ നിര്‍ത്താന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ വനപാലകരും സര്‍ക്കാരും തയ്യാറാകുന്നുമില്ല. കൃഷിയിടങ്ങളും വനവും വേര്‍തിരിച്ചു റെയില്‍ ഫെന്‍സിംഗ് പോലുള്ള ശക്തമായ പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തണം. ഇതിനു കോടികള്‍ ചെലവു വരും.
അതിനു പകരം ഒരു തള്ളലില്‍ മറിഞ്ഞു വീഴുന്ന വൈദ്യുത വേലിയും കിടങ്ങും നിര്‍മിച്ചു പരീക്ഷണം തുടര്‍ന്നു കൊണ്ടിരിക്കുന്നു. കരാറുകാര്‍ക്കും മറ്റു ചിലര്‍ക്കും കൊയ്ത്താണിത്. പടക്ക വിതരണത്തിന്റെ പേരിലും കണക്കുണ്ടാക്കി അതിലും ലാഭം കൊയ്യാം.
വന്യമൃഗങ്ങളെ വേദനിപ്പിക്കുന്നവര്‍ക്കെതിരേ വനപാലകര്‍ കേസെടുക്കും. വേദനിപ്പിക്കാന്‍ സാമഗ്രികള്‍ നല്‍കി നിര്‍ദേശം നല്‍കുന്നതും ഇവര്‍ തന്നെ.
ഭയം കൂടാതെ തൊഴിലെടുക്കാന്‍ തൊഴിലാളികള്‍ക്കും കൃഷി സംരംക്ഷിക്കാന്‍ കര്‍ഷകര്‍ക്കും അവകാശമുണ്ട്. വേദനയും ഭയവുമില്ലാതെ ജീവിക്കാന്‍ വന്യമൃഗങ്ങള്‍ക്കും സാഹചര്യമുണ്ടാകണം. ഇതിനു സര്‍ക്കാറിന്റെ ഭാഗത്തു നിന്നു വിവേക പരവും പ്രയോജനം ലഭിക്കുന്നതുമായ ക്രിയാത്മക നടപടികളാണുണ്ടാവേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."