ജനപ്രതിനിധിയുടെ സുരക്ഷയോ അപകടത്തില്‍ പെട്ടയാളുടെ ജീവനോ വലുത്?
പ്രതിപക്ഷ നേതാവിന്റെ സുരക്ഷാ ചുമതലയാണോ വാഹനാപകടത്തില്‍പ്പെട്ടയാളുടെ ജീവനാണോ വലുത്? ഉത്തരം പ്രതിപക്ഷനേതാവ് തന്നെ. കാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവിന്റെ സുരക്ഷയില്‍ പാളിച്ച പറ്റിയാല്‍ ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന്‍ സമാധാനം പറയേണ്ടിവരും. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ ജോലിചെയ്യുന്ന പൊലിസുകാര്‍, ജീവന് വില്‍കല്‍പ്പിക്കണമെന്ന് മേലാവില്‍ നിന്നുള്ള ഉത്തരവാണ് ആവശ്യം. മുരുകന്റെ കാര്യത്തില്‍ ആശുപത്രികള്‍ പ്രതിക്കൂട്ടിലായപ്പോള്‍ നീണ്ടകര സംഭവത്തില്‍ ബന്ധപ്പെട്ട എ.എസ്.ഐക്കാണ് ഇന്നലെ വൈകിട്ടോടെ സസ്‌പെന്‍ഷനും ലഭിച്ചത്.
ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചിട്ടും ചികില്‍സ കിട്ടാതെയാണ് വാഹനാപകടത്തിപ്പെട്ട തമിഴ്‌നാട് സ്വദേശി മുരുകന് ജീവന്‍ നഷ്ടമായത്. ഇത് ദേശീയ തലത്തില്‍പ്പോലും വിവാദമായി മാറി. എന്നാല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ കാറിടിച്ചു തെറിപ്പിച്ച അജ്ഞാതനെ ആശുപത്രിയിലെത്തിക്കാന്‍ നീണ്ടകരയില്‍ പൊലിസ് വാഹനം തയാറാകാത്തത്ത് വാര്‍ത്തയായതാണ് എ.എസ്.ഐയുടെ സസ്‌പെന്‍ഷനിലേക്ക് നയിച്ചത്. തിരക്കുള്ള ദേശീയപാതയില്‍ വാഹനത്തിനായി നാട്ടുകാര്‍ ഏറെ അലഞ്ഞതിന് ശേഷമാണ് ഒരു ആംബുലന്‍സ് ലഭിച്ചത്. പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും സമയത്ത് ചികില്‍സ ലഭിക്കാത്തതിനാല്‍ മരിക്കുകയായിരുന്നു. ഇനിയൊരു മുരുകന്‍ ആവര്‍ത്തിക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയതിന്റെ ചൂടാറുംമുമ്പേയാണ് അജ്ഞാതന്റെ മരണവും. സഹായത്തിനായുള്ള അഭ്യര്‍ഥനകള്‍ ആരും ചെവിക്കൊള്ളാതായതാണ് ഏറെ നേരം റോഡില്‍ ചോരവാര്‍ന്നു കിടക്കേണ്ടിവന്ന അജ്ഞാതന്റെ മരണത്തിന് കാരണമായത്.
വ്യാഴാഴ്ച രാത്രി 10.45നു ദേശീയപാതയില്‍ നീണ്ടകര ഫെഡറല്‍ ബാങ്കിനു മുന്നിലായിരുന്നു കാറിടിച്ചു 55 വയസ് പ്രായം തോന്നിക്കുന്ന അജ്ഞാതന് പരുക്കേറ്റത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ അതുവഴി വന്ന വാഹനങ്ങള്‍ക്കു കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ഇതേസമയത്താണ് നീണ്ടകര പാലത്തിന് സമീപം പ്രതിപക്ഷ നേതാവിന്റെ സുരക്ഷയ്ക്കായി കാത്തുനിന്ന പൊലിസ് സംഘത്തെ നാട്ടുകാര്‍ വിവരമറിയിച്ചത്. പ്രതിപക്ഷ നേതാവിനു പൈലറ്റ് പോകാന്‍ നില്‍ക്കുകയാണെന്നും കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാമെന്നും പറഞ്ഞ് പൊലിസ് ഒഴിഞ്ഞുമാറിയെന്നാണ് പരാതി. ഗുരുതരമായി പരുക്കേറ്റയാളെ പൊലിസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കാതിരുന്നതിനെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിച്ചതോടെ ദേശീയപാതയില്‍ ഇരുവശങ്ങളില്‍ നിന്നുമെത്തിയ വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ടു. തുടര്‍ന്ന് അതുവഴി വന്ന ആംബുലന്‍സില്‍ പരുക്കേറ്റയാളെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇവിടെനിന്നും മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ സുരക്ഷ മാറ്റിവച്ച് പകരം പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കച്ചാല്‍, പ്രതിപക്ഷ നേതാവിന്റെ സുരക്ഷാ പാളിച്ചയെന്നു ചൂണ്ടിക്കാട്ടി നടപടിയുണ്ടാകുമെന്ന് പൊലിസുകാര്‍ പറയുന്നു. എന്നാല്‍ വിവരമറിഞ്ഞ് ചവറയില്‍ നിന്നും പൊലിസ് ആംബുലന്‍സ് എത്തിച്ചപ്പോഴേക്കും പരുക്കേറ്റയാളുമായി വാഹനം ജില്ലാ ആശുപത്രിയിലേക്ക് പോയെന്നാണ് പൊലിസ് നല്‍കുന്ന വിശദീകരണം. ഭരണാധികാരിക്ക് സുരക്ഷ ഒരുക്കുമ്പോഴും ജീവനുവേണ്ടി കേഴുന്നവരുടെ നിലവിളിയാണ് പൊലിസ് ആദ്യം കാണേണ്ടത്. ജീവന്‍ ആരുടെയായാലും അത് വിലപ്പെട്ടതാണ്. അജ്ഞാതനായി അറിയപ്പെടന്നയാള്‍ക്ക് ഒരു പേരും വിലാസവും ഉണ്ടാകും. അയാളെ കാത്തിരിക്കുന്ന ഒരു കുടുംബവും ഉണ്ടാകും. അതു മറക്കാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."