ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം രൂക്ഷം: മരണ സംഖ്യ 419
ലഖ്‌നൗ/കൊല്‍ക്കത്ത: ഉത്തരേന്ത്യയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 419 ആളുകള്‍ മരിച്ചു.
ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ജീവഹാനിയുണ്ടായത്.
ബിഹാറില്‍ 153 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. അസമില്‍ 144 പേരും ബംഗാളില്‍ 52 പേരുമാണ് മരിച്ചത്. കനത്ത മഴയെതുടര്‍ന്ന് വെള്ളപ്പൊക്കം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഹാറില്‍ 17 ജില്ലകളാണ് ഏറ്റവും കൂടുതല്‍ പ്രളയദുരിതം നേരിടുന്നത്. 1.08 കോടി ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചതായാണ് സര്‍ക്കാര്‍ അറിയിച്ചത്. ജനങ്ങളുടെ രക്ഷക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ 1152 അംഗങ്ങള്‍ സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ദുരിതബാധിതരായ 3.44 ലക്ഷം ജനങ്ങള്‍ക്കായി ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് ഭക്ഷണമൊരുക്കുന്നതിനായി 1,765 അടുക്കളകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ബിഹാര്‍ കഴിഞ്ഞാല്‍ മരണ സംഖ്യയില്‍ രണ്ടാം സ്ഥാനത്ത് അസം ആണ്. 144 പേരാണ് ഇവിടെ മരിച്ചത്. ഇന്നലെ മഴക്ക് ഏറെക്കുറെ ശമനമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ മൊറിഗാവോണ്‍ ജില്ലയിലെ 2210 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിട്ടുണ്ട്. 1.23 ഹെക്ടര്‍ കൃഷിഭൂമി വെള്ളത്തിനടിയിലാണ്. കാസിരംഗ ദേശീയ പാര്‍ക്കില്‍ 140 മൃഗങ്ങളാണ് ചത്തത്.
പ. ബംഗാളില്‍ വെള്ളപ്പൊക്കം കുറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇന്നലെ മഴ ഉണ്ടാകാതിരുന്നതും ആശ്വാസമായിട്ടുണ്ട്. ബംഗാളിന്റെ വടക്കന്‍ മേഘലയാണ് പ്രധാനമായും വെള്ളത്തിനടിയിലായത്. 52 ആളുകള്‍ക്കാണ് ഇവിടെ ജീവഹാനി നേരിട്ടത്.
കൂച്ച് ബീഹാര്‍, ദക്ഷിണ ദിനാജ്പൂര്‍, ജല്‍പായ്ഗുരി അടക്കമുള്ള ജില്ലകളാണ് ഏറ്റവും കൂടുതല്‍ വെള്ളപ്പൊക്കദുരിതം നേരിട്ടത്. ട്രെയിന്‍ ഗതാഗതം തടസപ്പെട്ട സാഹചര്യത്തില്‍ 150 കോടി രൂപയുടെ നഷ്ടമാണ് റെയില്‍വേക്കുണ്ടായതെന്നാണ് കണക്ക്.
ഉത്തര്‍പ്രദേശില്‍ 69 പേര്‍ക്കാണ് വെള്ളപ്പൊക്ക ദുരിതത്തില്‍ ജീവഹാനി നേരിട്ടത്. സംസ്ഥാനത്തെ 24 ജില്ലകളിലെ 2,523 ഗ്രാമങ്ങളിലെ 20 ലക്ഷം ആളുകളെയാണ് ദുരിതം നേരിട്ട് ബാധിച്ചത്.
യു.പിയുടെ കിഴക്കന്‍ മേഖലകളെയാണ് പ്രധാനമായും വെള്ളപ്പൊക്ക ദുരിതം ബാധിച്ചത്. സൈന്യവും ദുരന്ത നിവാരണ സേനയും 24 മണിക്കൂറും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
വ്യോമസേനയുടെ സാന്നിധ്യവും സംസ്ഥാനത്തുണ്ട്. റാപ്തി നദിയില്‍ വെള്ളം അപകടനിലയിലും മുകളിലേക്ക് ഉയര്‍ന്നതോടെ ബല്‍റാംപൂര്‍, ബാന്‍സി, റിഗൗലി, സിദ്ധാര്‍ഥ് നഗര്‍ തുടങ്ങിയ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."