പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നു
എടച്ചേരി: കേരളത്തിലെ ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും നീക്കങ്ങള്‍ ആരംഭിച്ചു. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ സര്‍വശിക്ഷാ അഭിയാന്‍ നിലവില്‍ വന്നത് മുതലാണ് പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കിക്കൊണ്ടുള്ള പഞ്ചായത്ത് വിദ്യാഭ്യാസ സമിതികള്‍ രൂപീകരിച്ചത്.
ഒരു പഞ്ചായത്തിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളാണ് ഈ സമിതിയുടെ പരിധിയില്‍ വരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി പ്രസിഡന്റ് വൈസ് ചെയര്‍മാനുമായുള്ള സമിതിയില്‍ എല്ലാ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരും അംഗങ്ങളായിരിക്കും. ഇവരെ കൂടാതെ സ്‌കൂള്‍ പരിധിയിയിലെ എല്ലാ വാര്‍ഡ് മെംബര്‍മാര്‍, പി.ടി.എ എം.പി.ടി.എ പ്രതിനിധികള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, സാക്ഷരതാ പ്രേരക്മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ ഐ.ഇ.ഡി.സി സൂപ്പര്‍വൈസര്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുടെ പ്രതിനിധികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ പ്രതിനിധികള്‍, അധ്യാപക വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍, എയിഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ബി.ആര്‍.സി ട്രെയിനര്‍മാര്‍ എന്നിവരും അംഗങ്ങളാണ്.
ഈ സമിതി എല്ലാ മാസവും ഒരു ദിവസം അതതു പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ നിര്‍ബന്ധമായും യോഗം ചേരുകയും സമിതിയില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ രൂപപ്പെടുന്ന ആശയങ്ങള്‍ ഓരോ സ്‌കൂളിലും നടപ്പിലാക്കുകയും വേണം. ഓരോ മാസവും സ്‌കൂളുകളില്‍ നടക്കുന്ന പഠന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരം അതതു സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ തെളിവു സഹിതം ( വിഡിയോ ക്ലിപ്പിങ്) അവതരിപ്പിക്കണം. ഓരോ പ്രവര്‍ത്തനങ്ങളുടെയും ആധികാരികത വിശദമായി ചര്‍ച്ച ചെയ്തതിനുശേഷം അടുത്ത പി.ഇ.സി മീറ്റിങിന്റെ തിയതി നിശ്ചയിച്ചാണ് സമിതി പിരിയേണ്ടത്.
അതേസമയം, വളരെ കൃത്യമായും കാര്യക്ഷമതയോടെയും നടക്കേണ്ട ഈ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ മിക്ക പഞ്ചായത്തുകളിലും പേരിന് മാത്രമുള്ള ഒരു കൂടിച്ചേരല്‍ മാത്രമായിരുന്നു. ഏതാനും സ്‌കൂളുകളില്‍ നിന്നെത്തുന്ന ഹെഡ്മാസ്റ്റര്‍മാരും, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും മാത്രമേ ഇതില്‍ പങ്കെടുക്കാറുമുള്ളൂ.
ഇത് സ്‌കൂളുകളിലെ തനതു പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പഠന പ്രവര്‍ത്തനങ്ങളുടെ പരസ്പര കൈമാറ്റത്തിന് സഹായകരവുമായില്ല. അപൂര്‍വം ചില പഞ്ചായത്തുകളിലൊഴികെ കാര്യമാത്ര പ്രസക്തമായ ചര്‍ച്ചകള്‍ പോലും നടക്കാറുമില്ല.
ഈയൊരു കണ്ടെത്തലിന്റെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചത്. ഇതനുസരിച്ച് കേരളത്തിലെ മുഴുവന്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലേക്കും (ബി.ആര്‍.സി) കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അയച്ചു കഴിഞ്ഞു.
ഇതിനായി ഓരോ ജില്ലയിലും ഒരു പഞ്ചായത്ത് തെരഞ്ഞെടുത്ത് ബി.ആര്‍.സി അധികൃതരോട് നിര്‍ദേശിക്കപ്പെട്ട വിധത്തില്‍ ട്രൈ ഔട്ട് നടത്തണം.
അതേസമയം ജൂലൈ അവസാനത്തോടെ എല്ലാ ജില്ലകളിലെയും ഒരു പഞ്ചായത്തിലെങ്കിലും ട്രൈ ഔട്ട് പൂര്‍ത്തീകരിക്കണമെന്നാണ് നിര്‍ദേശത്തില്‍ പറയുന്നതെങ്കിലും ഇനിയും പല പഞ്ചായത്തുകളിലും പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ ബാക്കിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."