പ്രകൃതി നിറഞ്ഞൊഴുകുന്ന തിരികക്കയത്ത് തിരക്കേറി
പ്രദേശത്ത് ഇടക്കിടെയുണ്ടാകുന്ന സംഘര്‍ഷം തലവേദനയാകുന്നു
വാണിമേല്‍: ജില്ലയിലെ കിഴക്കന്‍ മലയോരമായ വിലങ്ങാടിന് സമീപമുള്ള തിരികക്കയം വെള്ളച്ചാട്ടം കാണാന്‍ ജനത്തിരക്കേറുന്നു. ഗ്രാമീണ സൗന്ദര്യത്തിനു മാറ്റുകൂട്ടുകന്നതാണ് ഇവിടത്തെ കാഴ്ച. കാട്ടരുവികളും മലകളും കൃഷിയിടങ്ങളും കൊണ്ട് സമൃദ്ധമായ പ്രകൃതിമനോഹാരിത നിറഞ്ഞൊഴുകുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണിത്. ഓണാവധിയും പെരുന്നാള്‍ ആഘോഷവും ഒന്നിച്ചെത്തുന്നതോടെ ഇവിടേക്ക് പതിവിലും കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍.
കാലവര്‍ഷം ശക്തമായതോടെ നീരൊഴുക്ക് കൂടുതല്‍ മനോഹരമായിട്ടുണ്ട്. അതിനാലാണ് ആളുകളുടെ തിരക്കു വര്‍ധിക്കുന്നത്. ഏതാണ്ട് നൂറു അടിയോളം ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടം ഏറെ നയനാനന്ദകരമാണ്. ഒഴിവു ദിനങ്ങളിലും വൈകുന്നേരങ്ങളിലും ദൂരദിക്കുകളില്‍ നിന്നടക്കം സന്ദര്‍ശകര്‍ ഇവിടെ എത്തുന്നുണ്ട്. വിപുലമായ ടൂറിസം പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് ഇവിടെ ആസൂത്രണം ചെയ്യുന്നത്. വെള്ളച്ചാട്ടത്തിനു തൊട്ടടുത്ത സ്ഥലങ്ങളെല്ലാം സ്വകാര്യ വ്യക്തികളുടേതാണ്. ഇവര്‍ ടൂറിസം വികസനത്തിനായി സ്ഥലം വിട്ടുനല്‍കാന്‍ തയാറായിട്ടുണ്ട്. ഇതോടെ വലിയൊരു വിനോദ സഞ്ചാര കേന്ദ്രമായി പ്രദേശം വളരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
അതേസമയം ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളും തദ്ദേശീയരും തമ്മില്‍ ഇടക്കിടെയുണ്ടാകുന്ന സംഘര്‍ഷം നാട്ടുകാര്‍ക്ക് തലവേദനയാവുകയാണ്. ഒരു വര്‍ഷം മുന്‍പ് ഇവിടെ ഏഴു വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റത് വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു. അന്ന് പൊലിസും രാഷ്ട്രീയ പാര്‍ട്ടികളും ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. അതിനുശേഷം ഏറെക്കാലം ശാന്തമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും വെള്ളച്ചാട്ടം കാണാനെത്തിയവര്‍ക്കുനേരെ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവുമുണ്ടായി. വരുംനാളുകളില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പൊലിസിന്റെ ശക്തമായ ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."