ഒരിടത്ത് മാലിന്യമുക്ത പദ്ധതി, മറ്റൊരിടത്ത് മാലിന്യം തള്ളല്‍
അരീക്കോട്: ബസ് സ്റ്റാന്‍ഡ് പരിസരത്ത് വ്യാപകമായി മാലിന്യം തള്ളുന്നത് പതിവാകുന്നു. അരീക്കോട് ബസ് സ്റ്റാന്‍ഡിലെ മത്സ്യ മാര്‍ക്കറ്റിന്റെ പരിസരത്താണ് കഴിഞ്ഞ ദിവസം കച്ചവടസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൊണ്ടുതള്ളിയത്. മാലിന്യമുക്ത അരീക്കോടിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' കാംപയിന്‍ നടത്തുന്നതിനിടെ വ്യാപാരികളാണ് ബസ് സ്റ്റാന്‍ഡില്‍ അലക്ഷ്യമായി മാലിന്യം നിക്ഷേപിച്ചത്.
മാലിന്യങ്ങള്‍ ഇരുചക്ര വാഹനത്തില്‍ ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവന്ന് തള്ളുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരിസരവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയതോടെ മാലിന്യം നിക്ഷേപിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി സി.കെ സുബൈര്‍ അരീക്കോട് പൊലിസില്‍ പരാതി നല്‍കി.
ബസ് സ്റ്റാന്‍ഡിലെ ചമയം ഫാന്‍സി, ഗഫൂര്‍ വെജിറ്റബിള്‍സ്, ശ്രീദേവി ഹോട്ടല്‍, ജോണ്‍സണ്‍ കൂള്‍ബാര്‍ എന്നീ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയാണ് പഞ്ചായത്ത് സെക്രട്ടറി പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. മാലിന്യമുക്ത അരീക്കോട് യാഥാര്‍ഥ്യമാക്കുന്നതിനായി വാര്‍ഡ് തലങ്ങളില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് ശുചിത്വ സന്ധ്യയും അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനിടെ ബസ് സ്റ്റാന്‍ഡില്‍ തന്നെ മാലിന്യം തള്ളിയതോടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."