സ്വകാര്യ മെഡിക്കല്‍ പ്രവേശനത്തിന് ക്രമീകരണം: ബില്‍ പാസാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തുന്നതിനും ഫീസ് നിശ്ചയിക്കുന്നതിനുമുള്ള വ്യവസ്ഥകളുള്‍പ്പെട്ട കേരള മെഡിക്കല്‍ വിദ്യാഭ്യാസം (സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം ക്രമപ്പെടുത്തലും നിയന്ത്രിക്കലും) ബില്‍ നിയമസഭ പാസാക്കി. ആരോഗ്യ മന്ത്രി കെ.കെ ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബില്ലിന്റെ കോപ്പികള്‍ കീറിയെറിഞ്ഞ് സഭ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന് അവരുടെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്.
സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പട്ടികജാതി, പട്ടിക വര്‍ഗക്കാര്‍ക്കും മറ്റു പിന്നോക്ക സമുദായക്കാര്‍ക്കും സീറ്റ് സംവരണം ചെയ്യുന്നതിനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ കോഴ്‌സുകളില്‍ പ്രവേശന പ്രക്രിയയ്ക്കു മേല്‍നോട്ടം വഹിക്കുന്നതിനും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും ഫീസ് നിശ്ചയിക്കുന്നതിനും സമിതി രൂപീകരിക്കും. സുപ്രിംകോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍ നിന്നോ വിരമിച്ച ജഡ്ജിയായിരിക്കും ഇതിന്റെ അധ്യക്ഷന്‍. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയായിരിക്കും.
ആരോഗ്യ, കുടുംബക്ഷേമ, നിയമ വകുപ്പുകളുടെ സെക്രട്ടറിമാര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, പ്രവേശനപരീക്ഷാ കമ്മിഷണര്‍ എന്നിവര്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളായിരിക്കും. ഐ.എം.എ പ്രതിനിധി, വിദ്യാഭ്യാസ വിദഗ്ധന്‍, പട്ടികജാതിയിലോ വര്‍ഗത്തിലോ ഉള്‍പ്പെട്ട വിദ്യാഭ്യാസ വിദഗ്ധന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നിങ്ങനെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളുമുണ്ടാകും.
എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍ ഒഴികെയുള്ളവരുടെ കാലാവധി മൂന്നുവര്‍ഷമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിനു വേണങ്കില്‍ ഇവരെ വീണ്ടും നിയമിക്കാം. സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധമുള്ളവര്‍ക്ക് സമിതിയില്‍ അംഗത്വം നല്‍കില്ല. ഈ സമിതിയാണ് ഓരോ കോഴ്‌സിലെയും ഫീസ് തീരുമാനിക്കേണ്ടത്. പ്രവേശനത്തിന് ഭരണഘടന അനുശാസിക്കുന്ന സംവരണം ഉറപ്പാക്കണം. ഫീസ് നിശ്ചയിക്കുന്നതിനു ചില മാനദണ്ഡങ്ങളുണ്ടാകും. കോഴ്‌സിന്റെ സ്വഭാവം, സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും മുതല്‍മുടക്ക്, സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലം, നടത്തിപ്പു ചെലവ് എന്നിവ കണക്കിലെടുത്തായിരിക്കും ഫീസ് നിശ്ചയിക്കുക. ഇതിനു മുന്‍പ് സ്ഥാപന അധികാരികളുടെ ഭാഗംകൂടി കേള്‍ക്കണം.
ഏതെങ്കിലും സ്വകാര്യ മെഡിക്കല്‍ സ്ഥാപനം വ്യവസ്ഥകള്‍ക്കു വിരുദ്ധമായി പ്രവേശനം നടത്തുകയോ നിശ്ചയിക്കപ്പെട്ടതിലധികം ഫീസ് ചുമത്തുകയോ ചെയ്താല്‍ അന്വേഷണം നടത്തണം. ഇതനുസരിച്ച് സ്ഥാപനത്തില്‍ പരിശോധന നടത്താനും നടപടിയെടുക്കാനും സമിതിക്ക് അധികാരമുണ്ടാകും.
സമിതി നിശ്ചയിക്കുന്ന ഫീസ് വിദ്യാര്‍ഥി കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെ പരിഷ്‌കരിക്കാന്‍ പാടില്ല. അധ്യയന വര്‍ഷത്തില്‍ ഒരു വര്‍ഷത്തേതില്‍ കൂടുതല്‍ ഫീസ് ഈടാക്കാനും പാടില്ല.
ഇങ്ങനെ ഈടാക്കുന്നത് തലവരിപ്പണമായി കണക്കാക്കി നടപടിയെടുക്കും. സമിതിയുടെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പിഴയായി 10 ലക്ഷം രൂപയും പ്രതിവര്‍ഷം 12 ശതമാനം എന്ന നിരക്കില്‍ ഇതിന്റെ പലിശയും ഈടാക്കും. കൂടുലായി ഈടാക്കുന്ന ഫീസ് തിരിച്ചു നല്‍കേണ്ടിയും വരും.
ഏതെങ്കിലും കോഴ്‌സിലേക്കു പ്രവേശനം നിര്‍ത്തിവയ്ക്കാനോ അനുവദിക്കപ്പെട്ട സീറ്റുകളുടെ എണ്ണം കുറയ്ക്കാനോ സ്ഥാപനത്തോട് ആവശ്യപ്പെടാനും സ്ഥാപനത്തിന്റെ അംഗീകാരം പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും സമിതിക്ക് അധികാരമുണ്ടാകും. സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കുമേല്‍ സര്‍ക്കാരിനു നിയന്ത്രണം സാധ്യമാക്കുന്നതാണ് വ്യവസ്ഥകളെന്ന് ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി നല്‍കിയ മന്ത്രി ശൈലജ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."