അസാധുനോട്ടുകള്‍ കടത്തുകയായിരുന്ന സംഘം പൊലിസിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു
പെരിന്തല്‍മണ്ണ: അസാധുനോട്ടുകള്‍ കാറില്‍ കടത്തുകയായിരുന്ന സംഘം പിടികൂടാനെത്തിയ പൊലിസിനെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു. ഒരു കോടിയുടെ അസാധുനോട്ടുകളുമായി രണ്ടു കാറുകളിലായെത്തിയ സംഘത്തിലെ ഒരാളെ പിടികൂടി. കോഴിക്കോട് കക്കോടി ബസാര്‍ സ്വദേശി കോട്ടോളിപ്പറമ്പത്ത് ഷമീര്‍ (39) ആണ് പിടിയിലായത്. സംഭവത്തില്‍ രണ്ട് പൊലിസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. കരിങ്കല്ലത്താണിയില്‍ നിന്ന് നാട്ടുകല്‍ ഭാഗത്തേക്ക് കാറില്‍ കൊണ്ടുപോവുകയായിരുന്ന പണവുമായി തിങ്കളാഴ്ച വൈകിട്ട് പുത്തൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എന്‍.പി മോഹനചന്ദ്രന്‍, സി.ഐ ബിനു മുത്തേടം, അഡീഷനല്‍ എസ്.ഐ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് വാഹന പരിശോധന നടത്തുന്നതിനിടെ നോട്ടുകളുമായി രണ്ടു കാറുകളിലായെത്തിയ സംഘം പൊലിസിനെകണ്ട് കടന്നുകളയുകയായിരുന്നു. വാഹനങ്ങള്‍ പൊലിസ് പിന്തുടര്‍ന്നു. കാറുകള്‍ തടഞ്ഞ് പ്രതികളെ പിടിക്കാന്‍ ശ്രമിക്കവെ പൊലിസ് സംഘത്തിന് നേരെ വാഹനം ഓടിച്ചുകയറ്റി രണ്ടുപേര്‍ രക്ഷപെടുകയും ഷമീര്‍ പിടിയിലാവുകയുമായിരുന്നു. സംഭവത്തില്‍ ടൗണ്‍ ഷാഡോ പൊലിസ് ഉദ്യോഗസ്ഥരായ ഉല്ലാസ് വാരിജാക്ഷന്‍, എന്‍.ടി കൃഷ്ണകുമാര്‍ എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. ഇവര്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.
കോഴിക്കോട്, തൃശൂര്‍, കൊടുവള്ളി എന്നിവിടങ്ങളിലെ കുഴല്‍പണ ഇടപാടുകാരുടേതാണ് പിടിച്ചെടുത്ത പണമെന്നും ഇവരെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും രക്ഷപ്പെട്ട പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എന്‍.പി മോഹനചന്ദ്രന്‍ 'സുപ്രഭാതത്തോട്' പറഞ്ഞു. അതേസമയം, ഒരുമാസത്തിനിടെ പെരിന്തല്‍മണ്ണയിലെ രണ്ടാമത്തെ നിരോധിത കറന്‍സി വേട്ടയാണിത്. ഈ മാസം ആദ്യത്തില്‍ ഒന്നരക്കോടി രൂപയുടെ നിരോധിത നോട്ടുകളുമായി മൂന്നംഗ സംഘത്തെ പൊലിസ് പിടികൂടിയിരുന്നു. ടൗണ്‍ ഷാഡോ പൊലിസിലെ സി.പി മുരളി, പി.എന്‍ മോഹനകൃഷ്ണന്‍, അനീഷ് ചാക്കോ, ദിനേശ് കിഴക്കേക്കര, എസ്.സുമേഷ്, അനീഷ് പൂളക്കല്‍,പി.പ്രമോദ്, വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ സമീത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."