പിന്നോക്ക വിഭാഗങ്ങളിലെ ഉപവിഭാഗങ്ങള്‍: കമ്മിഷനെ നിയോഗിച്ചു
ന്യൂഡല്‍ഹി: മറ്റു പിന്നോക്ക വിഭാഗങ്ങളെ (ഒ.ബി.സി) ഉപവിഭാഗങ്ങളായി തരംതിരിക്കുന്നത് പരിശോധിക്കാന്‍ കമ്മിഷനെ നിയമിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.
ഒ.ബി.സിയില്‍ ഉള്‍പ്പെട്ടവരെ ഉപവിഭാഗങ്ങളായി തരംതിരിക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ഭരണഘടനയുടെ 340-ാം വകുപ്പിനു കീഴില്‍ ഒരു കമ്മിഷനെ നിയമിക്കുന്നതിനാണ് അംഗീകാരം നല്‍കിയത്. അധ്യക്ഷനെ നിയമിച്ച് 12 ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മറ്റു പിന്നോക്ക വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി മാറ്റുന്നത് പരിശോധിക്കുന്നതിനുള്ള കമ്മിഷന്‍ എന്നായിരിക്കും കമ്മിഷന്‍ അറിയപ്പെടുക.
കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഒ.ബി.സി വിഭാഗക്കാരെ അടിസ്ഥാനമാക്കി മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്ന വിശാലമായ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജാതികള്‍, സമുദായങ്ങള്‍ എന്നിവര്‍ക്കിടയില്‍ സംവരണത്തിന്റെ ഗുണഫലങ്ങള്‍ ലഭ്യമാവുന്നതിലെ അസന്തുലിതാവസ്ഥ പരിശോധിക്കുക. ഇത്തരത്തിലുള്ള മറ്റു പിന്നാക്ക വിഭാഗക്കാരെ ഉപവിഭാഗങ്ങളായി തിരിക്കുന്നതിനുള്ള സംവിധാനം, മാനദണ്ഡങ്ങള്‍, ശാസ്ത്രീയമായ സമീപനം എന്നിവ നിര്‍ദേശിക്കുക. മറ്റു പിന്നാക്ക വിഭാഗക്കാരുടെ കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെടുന്ന ജാതികള്‍,സമുദായങ്ങള്‍, ഉപ ജാതികള്‍, സമാനപേരിലുള്ളവ എന്നിവ തിരിച്ചറിഞ്ഞ് അവയെ ഉപവിഭാഗങ്ങളായി തരംതിരിക്കുക എന്നതാണ് കമ്മിഷന്റെ പ്രധാന ചുമതലകള്‍.
ഇന്ദ്ര സാഹ്‌നി ആന്റ് അദേര്‍സ് വെര്‍സസ് യുണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ 1992 നവംബര്‍ 16നു വിധി പ്രസ്താവിക്കുമ്പോള്‍ പിന്നോക്ക വിഭാഗക്കാരെ പിന്നോക്ക വിഭാഗക്കാരെന്നും കൂടുതല്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗക്കാരെന്നും തരം തിരിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായോ നിയമപരമായോ തടസങ്ങളൊന്നുമില്ലെന്ന്് സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.
ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി, കര്‍ണാടക, ഹരിയാന, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ ഒമ്പതു സംസ്ഥാനങ്ങള്‍ മറ്റു പിന്നോക്ക വിഭാഗക്കാരെ ഉപവിഭാഗങ്ങളായി ഇതിനകം തരംതിരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."