പതിവു തെറ്റിയില്ല; ഓണക്കാലത്ത് പൊള്ളുന്ന വില
കൊച്ചി: വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ സജീവമായി രംഗത്തുണ്ടെങ്കിലും പതിവുതെറ്റിക്കാതെ ഇത്തവണത്തെ ഓണവിപണിയും പോക്കറ്റ് കാലിയാക്കുകയാണ്. ഓണ സദ്യയ്ക്ക് വിഭവങ്ങളൊരുക്കുന്ന പച്ചക്കറിമുതല്‍ ഓണക്കോടിക്ക് വരെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില ഇരട്ടിയിലേറെയായി. ഓണത്തിന് ദിവസങ്ങള്‍ക്കുമുമ്പ് തന്നെ ശര്‍ക്കര വരട്ടിയായും ഉപ്പേരിയായുമൊക്കെ രൂപാന്തരപ്പെട്ട് പാക്കറ്റുകളിലാകുന്ന ഏത്തക്കായയ്ക്ക് തന്നെയാണ് ഇത്തവണയും വന്‍ വില വര്‍ധനവ്.
ഏത്തയ്ക്കായ്ക്ക് ഇന്നല 75 രൂപയാണ് ഒരു കിലോയുടെ വില. ഉത്രാടത്തിന് ഇത് നൂറിലെത്തുമെന്നാണ് വിപണിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് വയനാട്ടില്‍ നിന്നുള്ള ഏത്തയ്ക്ക വരവ് നിലച്ചതോടെയാണ് വില കുത്തനെ ഉയര്‍ന്നത്. മുരിങ്ങയ്ക്ക, കാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, മത്തന്‍, കുമ്പളങ്ങ എന്നിവയ്ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ചേനയ്ക്ക് 60രൂപയായാണ് വില ഉയര്‍ന്നിരിക്കുന്നത്. സദ്യയ്ക്ക് ശേഷം പായസിനൊപ്പം കഴിക്കാന്‍ പഴം വാങ്ങണമെങ്കില്‍ ഇത്തവണ നല്ല തുക നല്‍കേണ്ടിവരും. ഒരു കിലോ ഞാലി പൂവന് 80 രൂപയാണ് വില. മൈസൂര്‍ പഴത്തിന്റെ വില 65ഉം.
ഏത്തയ്ക്ക ഉപ്പേരിക്ക് കിലോയ്ക്ക് 350 രൂപയായാണ് കൂടിയിരിക്കുന്നത്. തേങ്ങയുടെ വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് വെളിച്ചെണ്ണ വിലയില്‍ വന്ന വന്‍ കുതിപ്പും ഏത്തയ്ക്കയുടെ വിലയുമാണ് ഉപ്പേരിക്ക് വില കൂടാന്‍ കാരണം. അരി,പഞ്ചസാര, സേമിയ, കടല, പരിപ്പ്, ശര്‍ക്കര, ചെറുപയര്‍ പരിപ്പ്, ഉഴുന്ന് തുടങ്ങി ഓണക്കാലത്ത് ഡിമാന്‍ഡുണ്ടാകുന്ന സാധനങ്ങള്‍ക്കൊക്കെ വില കൂടിവരുന്നതായാണ് വിപണി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പതിവുപോലെ ഇത്തവണയും പൂക്കളമൊരുക്കണമെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമൊക്കെ പുഷ്പങ്ങള്‍ കേരളത്തിലെത്തണം. എന്നാല്‍ കേരളത്തിന്റെ ഓണാഘോഷം മുന്നില്‍കണ്ട് വിവിധ നിറത്തിലുള്ള പുഷ്പങ്ങള്‍ തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ പാകമായികഴിഞ്ഞു.
സ്‌കൂള്‍, കോളജ്, ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അത്തപ്പൂമത്സരം കെങ്കേമമാകണമെങ്കില്‍ ഇത്തവണ പണം കൂടുതല്‍ ചെലവാക്കേണ്ടിവരും.
നാട്ടിലെങ്ങും പായസ വിപണി സജീവമാണെങ്കിലും ഇത്തവണ ഇരട്ടിവിലയാണ് പായസത്തിന് ഈടാക്കുന്നത്.പഴപായസം,ഗോതമ്പ് പ്രഥമന്‍,സ്‌പെഷല്‍ പാലട, അടപ്രഥമന്‍, പരിപ്പ് പ്രഥമന്‍, മുളയരിപ്പായസം, ചക്കപ്പായസം തുടങ്ങിയവയെല്ലാം വിപണിയില്‍ റെഡിയാണ്. ഒരുഗ്ലാസ് അടപ്രഥമന്‍ ലഭിക്കണമെങ്കില്‍ ഇത്തവണ മുപ്പത് രൂപ നല്‍കണം. ഒരു ലിറ്ററിനാണെങ്കില്‍ രൂപ 250 നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."