40 കിലോമീറ്ററിന്റെ ലാഭം വേണ്ട: തകര്‍ന്ന ചമ്രവട്ടം - തിരൂര്‍ റൂട്ട് ഉപേക്ഷിച്ച് ദീര്‍ഘദൂര യാത്രക്കാര്‍
തിരൂര്‍: റോഡ് പൂര്‍ണമായും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായതോടെ ചമ്രവട്ടം- തിരൂര്‍ റൂട്ടിനെ ദീര്‍ഘദൂര യാത്രക്കാര്‍ കൈവിടുന്നു. തകര്‍ന്ന റോഡിലൂടെ ചരക്ക് ഗതാഗതവും പാടെ കുറഞ്ഞു.
വടക്കന്‍ ജില്ലകളില്‍ നിന്നും കര്‍ണാടക അടക്കമുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ ദൂരക്കുറവ് കണക്കിലെടുത്ത് ഈ റൂട്ടിനെയായിരുന്നു കൂടുതലായി ആശ്രയിച്ചിരുന്നത്. കോഴിക്കോടും കണ്ണൂരും അടക്കമുള്ള വടക്കന്‍ ജില്ലകളില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള ദൂരം കുറ്റിപ്പുറം റൂട്ടിനെ അപേക്ഷിച്ച് 40 കിലോമീറ്ററോളം കുറവാണെന്നതാണ് കാരണം.
റോഡിന്റെ ശോചനീയാവസ്ഥ കാരണം കഴിഞ്ഞ രണ്ടു മാസമായി തിരൂര്‍ ചമ്രവട്ടം റൂട്ടിലൂടെയുള്ള ദീര്‍ഘദൂര വാഹന യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. യാത്രക്കാരുടെ നിരക്കില്‍ വന്‍ കുറവുണ്ടായതോടെ ഈ മേഖലയിലുള്ള ഹോട്ടല്‍ അടക്കമുള്ള കച്ചവട സ്ഥാപനങ്ങളിലും ബിസിനസ് അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത തരത്തില്‍ മാന്ദ്യത്തിലുമായി. വാഹനങ്ങള്‍ കുറഞ്ഞതോടെ താനൂര്‍ ദേവ്ദര്‍ ടോള്‍ ഗേറ്റിലും വരുമാനത്തില്‍ വന്‍ ഇടിവാണുണ്ടായത്.
വര്‍ഷകാല ആരംഭത്തോടെയാണ് റോഡ് പല മേഖലയിലുമായി പൊട്ടി പൊളിഞ്ഞ് തകര്‍ന്നത്. പലയിടത്തും വന്‍ ഗര്‍ത്തങ്ങള്‍ വരെയുണ്ട്. ചമ്രവട്ടം മുതല്‍ പരപ്പനങ്ങാടി വരെയുള്ള 30 കിലോമീറ്ററിലധികം റോഡ് വാഹനയാത്രക്കാര്‍ക്ക് പേടിസ്വപ്‌നമാണ് ഇപ്പോള്‍. സമയ നഷ്ടവും വാഹനങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകളും കണക്കിലെടുത്താണ് ദീര്‍ഘദൂര യാത്രക്കാര്‍ ഇതുവഴിയുള്ള യാത്ര ഒഴിവാക്കുന്നത്.
കൊച്ചി തുറമുഖത്ത് നിന്ന് ചരക്കുമായി പോകുന്ന കണ്ടെയ്‌നര്‍ ലോറികളും വടക്കന്‍ ജില്ലകളിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും പോകുന്ന ചരക്ക് ലോറികളുമാണ് ദൂരക്കുറവു കാരണം തിരൂര്‍ ചമ്രവട്ടം റൂട്ടിനെ കൂടുതലായി ആശ്രയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."