ലാവ്‌ലിന്‍ കേസ് മറയുന്നു: സംസ്ഥാനത്തിനുണ്ടായ കോടികളുടെ നഷ്ടത്തിന് ആരുത്തരം പറയും ?
തൊടുപുഴ: എസ്.എന്‍.സി. ലാവ്‌ലിന്‍ കേസ് ചിത്രത്തില്‍ നിന്നും താല്‍ക്കാലികമായി മറയുമ്പോഴും സംസ്ഥാനത്തിനുണ്ടായ കോടികളുടെ നഷ്ടത്തിനുമാത്രം ഉത്തരമാകുന്നില്ല. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് 374.5 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. പദ്ധതികള്‍ മൊത്തം മാറ്റി സ്ഥാപിച്ചാല്‍പോലും ഇത്രയും തുക ചെലവാകുമായിരുന്നില്ല. നവീകരണലക്ഷ്യം കൈവരിക്കാത്തതിനാല്‍ ഈ പണം പാഴായി എന്ന് ആദ്യം പറഞ്ഞത് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ അന്തിമ റിപ്പോര്‍ട്ടാണ്. നവീകരണം കൊണ്ട് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. കോടികള്‍ തുലച്ച് നവീകരിച്ചെങ്കിലും ഒരു യൂണിറ്റ് വൈദ്യുതിപോലും അധികമായി ഉല്‍പ്പാദിപ്പിക്കാനായില്ലെന്ന് മാത്രമല്ല ശേഷി കുറയുകയാണ് ചെയ്ത്. പന്നിയാര്‍ പവര്‍ഹൗസ് പെന്‍സ്റ്റോക്ക് ദുരന്തമുണ്ടായി 2007 സെപ്റ്റംബര്‍ 17ന് തകരുകയും ചെയ്തു. പന്നിയാര്‍ നിലയത്തിന്റെ പുനരുദ്ധാരണം നടത്തിയതിലൂടെ വീണ്ടും ലക്ഷങ്ങള്‍ വേറെയും ചെലവായി. പുനരുദ്ധാരണ വൈകിയതുമൂലമുള്ള ഉല്‍പാദന നഷ്ടം ഇതിനുപുറമേയും.
കാലഹരണപ്പെട്ട സംവിധാനങ്ങള്‍ നിലനിര്‍ത്തിയാണ് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ നിലയങ്ങള്‍ ലാവ്‌ലിന്‍ നവീകരിച്ചത്. പള്ളിവാസല്‍, ചെങ്കുളം പദ്ധതികളുടെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍, ബട്ടര്‍ഫ്‌ളൈ വാല്‍വുകള്‍, നട്ട് ആന്റ് ബോള്‍ട്ട്‌സ് അടക്കമുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം കാലഹരണപ്പെട്ടുകഴിഞ്ഞു. അരനൂറ്റാണ്ട് പിന്നിട്ട പള്ളിവാസല്‍ അടക്കമുള്ളവയില്‍നിന്ന് നവീകരണത്തിന് മുമ്പുള്ള വൈദ്യുതി പോലും ഇപ്പോള്‍ കിട്ടുന്നില്ലെന്നത് സ്വകാര്യ കുത്തക കമ്പനിയായ ലാവ്‌ലിനുമായുള്ള കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനുണ്ടായ നഷ്ടത്തിന്റെ ആഴം വ്യക്തമാക്കുന്നു. സി.പി.ആര്‍.ഐയുടെ പഠനം അനുസരിച്ച് നവീകരണം പൂര്‍ണമായും പാളി. ലാവ്‌ലിന്‍ കമ്പനി പദ്ധതികളെക്കുറിച്ച് പഠിക്കുകയോ സാങ്കേതിക ഘടകങ്ങള്‍ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്ന് സി.പി.ആര്‍.ഐ സമര്‍ഥിക്കുന്നു. കോടികള്‍ തുലച്ച നവീകരണത്തിനുശേഷം ഒരു യൂണിറ്റ് വൈദ്യുതിപോലും അധികം ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല ഉല്‍പാദനക്ഷമതയുടെ കാര്യത്തില്‍ പിന്നോക്കം പോകുകയും ചെയ്തു.
37.5 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള പള്ളിവാസലില്‍ നിന്ന് ഇപ്പോള്‍ ഉല്‍പാദിപ്പിക്കാവുന്ന പരമാവധി വൈദ്യുതി 35 മെഗാവാട്ടാണ്. 7.5 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്നും അഞ്ചു മെഗാവാട്ട് വീതം ശേഷിയുള്ള മൂന്നും ജനറേറ്ററുകളാണ് പള്ളിവാസലില്‍ സ്ഥാപിച്ചിരിക്കുന്നത്. ജനറേറ്ററുകള്‍ നവീകരിച്ചെങ്കിലും പെന്‍സ്റ്റോക്ക് പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചിരുന്നില്ല. ഇതുമൂലം ശേഷി കൂട്ടിയതിന് ആനുപാതികമായി പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി വെള്ളം ജനറേറ്ററുകളിലേക്ക് എത്തിക്കാന്‍ കഴിയില്ല. ബോട്ടില്‍നെക്ക് ഇഫക്ട് എന്നാണ് ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന സാങ്കേതിക നാമം. ഇതുമൂലം പള്ളിവാസലില്‍നിന്നും ഉല്‍പാദനശേഷം പുറന്തള്ളുന്ന വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദനം നടത്തുന്ന ചെങ്കുളം പവര്‍ഹൗസില്‍ ഉല്‍പാദനം പൂര്‍ണതോതില്‍ നടത്താന്‍ കഴിയുന്നില്ല. 12 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളാണ് ചെങ്കുളം പവര്‍ഹൗസില്‍ ഉള്ളത്. ലാവ്‌ലിന്‍ നവീകരിച്ച മൂന്നാമത്തെ പവര്‍ഹൗസായ പന്നിയാറില്‍ പെന്‍സ്റ്റോക്ക് തകര്‍ന്ന് എട്ട് മനുഷ്യജീവനുകള്‍ പൊലിഞ്ഞതുള്‍പ്പടെ കോടികളുടെ നഷ്ടമാണ് ഉണ്ടായത്.
ജനറേറ്ററുകളും അനുബന്ധ സംവിധാനങ്ങളും മൊത്തം മാറ്റി സ്ഥാപിച്ചിരുന്നെങ്കില്‍ത്തന്നെ 200 കോടിയില്‍ അത് ഒതുങ്ങിയേനെ. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് 100 കോടി രൂപയ്ക്ക് ചെയ്തുതീര്‍ക്കാമെന്ന് പറഞ്ഞ ജോലിയാണ് 374.5 കോടിക്ക് വിദേശകമ്പനിക്ക് നല്‍കിയതെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലാവ്‌ലിന്‍ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയനെ ഒഴിവാക്കിയെങ്കിലും സംസ്ഥാനത്തിനുണ്ടായ കോടികളുടെ നഷ്ടത്തിന് ആരുത്തരം പറയുമെന്ന ചോദ്യമാണ് ഇപ്പോഴും ഉത്തരംകിട്ടാതെ അവശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."