മണിയപ്പന്‍ ഓണപ്പൊട്ടന്റെ ചമയങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ്
കുറ്റ്യാടി: ഓണനാളുകള്‍ക്ക് മിഴിവേകാന്‍ നാട്ടിന്‍ പുറങ്ങളില്‍ സജീവമാകുന്ന ഓണപ്പൊട്ടന്റെ (ഓണത്തപ്പന്‍) ചമയങ്ങളും ആടയാഭരണങ്ങളും ഒരുക്കുന്ന തിരക്കിലാണ് മരുതോങ്കര വേട്ടോറയിലെ തലച്ചിലപറമ്പത്ത് മണിയപ്പന്‍. വടക്കെ മലബാറിലെ പ്രത്യേകിച്ച് വടകര താലൂക്കിലെ ഗ്രാമങ്ങളില്‍ ഉത്രാട, തിരുവോണ നാളുകളില്‍ ചമയങ്ങളണിഞ്ഞ്, മണികിലുക്കി ഓലക്കുടയും ചൂടി ഓടിമറയുന്ന ഓണപ്പൊട്ടന്റെ വേഷവിധാനങ്ങള്‍ ഒരുക്കാന്‍ നീണ്ടകാലത്തെ തയാറെടുപ്പുകള്‍ വേണമെന്ന് മണിയപ്പന്‍ പറയുന്നു. സവിശേഷമായ കരവിരുതില്‍ തയാറാക്കുന്ന താടിയും കിരീടവും കൊമ്പും താഴികയും ചെന്നിമലരുമാണ് ഓണപ്പൊട്ടന്റെ വേഷങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്നത്.
ഒറോപ്പ കൈതയും വാഴപ്പിണ്ടിയും ചതച്ചുണ്ടാക്കുന്ന നൂലുപയോഗിച്ചാണ് ഓണപ്പൊട്ടന്റെ താടി തയാറാക്കുന്നത്. പാലമരത്തിന്റെ കഷ്ണം ചെത്തിമിനുക്കി കൊമ്പും ചെന്നിമലരും താഴികയും നിര്‍മിക്കുന്നു. അത്തം മുതല്‍ ഉത്രാടം വരെയുള്ള വ്രതാനുഷ്ഠാനങ്ങള്‍ക്കുശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ ചമയങ്ങള്‍ അണിഞ്ഞ് ഓണത്തപ്പന്‍മാരെല്ലാം തറവാട്ടു വീട്ടില്‍ ഒത്തുകൂടി ഗുരുകാരണവരോട് അനുഗ്രഹം വാങ്ങിയതിനുശേഷം ഓരോരുത്തര്‍ക്കും അനുവദിച്ച സ്ഥലങ്ങളിലേക്കു നീങ്ങും. കിരീടം വച്ചുകഴിഞ്ഞാല്‍ ആരോടും ഒന്നും ഉരിയാടാത്തതിനാലാണ് ഇവരെ ഓണപ്പൊട്ടന്മാര്‍ എന്നു വിളിക്കുന്നത്. മാവേലി തമ്പുരാന്റെ പ്രതീകങ്ങളായാണ് ഓണപ്പൊട്ടന്മാരെ കരുതുന്നത്. ഓണനാളുകളില്‍ വീടുവീടാന്തരം കയറിയിറങ്ങുന്ന ഓണപ്പൊട്ടന്മാരെ വീട്ടുകാര്‍ നിലവിളക്കും നിറനാഴിയും വച്ചു സ്വീകരിക്കും. വീട്ടുകാര്‍ക്ക് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് പണവും അരിയും സ്വീകരിച്ച് ഓണപ്പൊട്ടന്‍ യാത്രയാകും. മലയ സമുദായത്തില്‍പ്പെട്ടവരാണ് പാരമ്പര്യമായി ഓണത്തപ്പന്‍ വേഷം കെട്ടുന്നത്. ദൂരസ്ഥലങ്ങളില്‍നിന്നു പോലും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ വരെ ഓണക്കാലത്ത് ഓണത്തപ്പന്‍ കെട്ടാന്‍ നാട്ടിലെത്തും. കര്‍ക്കിടകത്തിന്റെ വറുതിയില്‍നിന്ന് മോചനം നേടുന്ന കാര്‍ഷിക സമൂഹത്തിനു പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളയെക്കുറിച്ചുള്ള പ്രതീക്ഷയാണ് ഓണം നാളുകളില്‍ വീടുകളില്‍ എത്തുന്ന ഓണത്തപ്പന്‍മാര്‍ കൈമാറുന്നത്. മൊകേരി അപ്പത്താംമാവുള്ളതില്‍ ചാത്തുപ്പണിക്കരുടെ ഇളയ തലമുറയില്‍പ്പെട്ടവരാണ് ഇപ്പോള്‍ ഓണത്തപ്പന്‍ കെട്ടുന്നതിലേറെയും. അച്ഛന്‍ കേളുപ്പണിക്കരുടെ കൂടെ അഞ്ചാം വയസിലാണ് മണിയപ്പന്‍ ഓണപ്പൊട്ടന്‍ കെട്ടിത്തുടങ്ങിയത്. കഴിഞ്ഞ 34 കൊല്ലമായി പാരമ്പര്യം തുടരുന്നു. തെയ്യം കലാകാരന്‍കൂടിയായ മണിയപ്പന്‍ വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുള്ള ബന്ധുക്കള്‍ക്കും മറ്റും ഇത്തരം ഉടയാഭരണങ്ങള്‍ ഉണ്ടാക്കി കൊടുക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."