കോര്‍പ്പറേഷന്റെ കുടപ്പനക്കുന്ന് സോണല്‍ ഓഫിസില്‍ ജീവനക്കാരില്ല
പേരൂര്‍ക്കട: നഗരസഭയുടെ കുടപ്പനക്കുന്ന് സോണല്‍ ഓഫിസില്‍ പ്രധാനപ്പെട്ട മൂന്നു തസ്തികകളില്‍ ജീവനക്കാരില്ല. അസിസ്റ്റന്റ് എന്‍ജിനീയര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, റവന്യു ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ തസ്തികകളാണ് കഴിഞ്ഞ 5 മാസമായി ഒഴിഞ്ഞുകിടക്കുന്നത്. കെട്ടിടങ്ങള്‍ സന്ദര്‍ശിച്ച് വീട്ടുനമ്പര്‍ ഇടുന്നതിനും പുതിയ കണക്ഷനുകള്‍ നല്‍കുന്നതിനും എ.ഇയുടെ സേവനമില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. വാര്‍ധക്യകാല പെന്‍ഷന് നല്‍കിയ അപേക്ഷകളിന്മേലും തീര്‍പ്പുകല്‍പ്പിക്കല്‍ ഉണ്ടായിട്ടില്ല. പഴയ എ.ഇ സ്ഥലംമാറി പോയശേഷം പുതിയ നിയമനം നടത്തിയിട്ടില്ലാത്തതാണ് പ്രശ്‌നത്തിനു കാരണം.
3 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടായിരുന്ന സോണല്‍ ഓഫിസില്‍ നിലവിലുള്ളത് ഒരാള്‍മാത്രമാണ്. ഇദ്ദേഹത്തിന്റെ സേവനവും പരിമിതമാണ്. നന്തന്‍കോട്, കുടപ്പനക്കുന്ന് സോണല്‍ ഓഫിസുകളുടെ ചാര്‍ജ്ജാണ് ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. റവന്യു ഇന്‍സ്‌പെക്ടറുടെ സേവനവും ഇവിടെയില്ല. നിലവിലുണ്ടായിരുന്ന ഒരാള്‍ കോഴിക്കോട്ടേക്കും മറ്റൊരാള്‍ കായംകുളത്തേക്കും സ്ഥലംമാറ്റം നേടി പോയതോടെ കുടപ്പനക്കുന്ന് സോണല്‍ പരിധിയിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്.
ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റിയതോടെ പൊതുജനങ്ങളാണ് ഇപ്പോള്‍ വലയുന്നത്. ഇവര്‍ നല്‍കിയ നിരവധി അപേക്ഷകളാണ് കഴിഞ്ഞ 5 മാസമായി ഓഫിസില്‍ കെട്ടിക്കിടക്കുന്നത്. പുതിയ അപേക്ഷകള്‍ ഇവിടെ എത്തുന്നുണ്ടെങ്കിലും അതിലൊന്നിലും തീര്‍പ്പുകല്‍പ്പിക്കാന്‍ സാധിക്കുന്നില്ല. ഓഫിസിലെ ജീവനക്കാരുടെ അവസ്ഥയ്ക്കു സമാനമാണ് സോണലിന്റെ ചുറ്റുപാടുകളും. ആവശ്യത്തിന് ശുചീകരണ തൊഴിലാളികള്‍ ഉണ്ടായിട്ടും കാര്യമായ ഫലം ഉണ്ടാകുന്നില്ല. ഓഫിസ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണി ഉപയോഗശൂന്യമായിക്കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കൃത്യമായ സമയങ്ങളില്‍ കൂടിയിരുന്ന യോഗങ്ങള്‍ ഇപ്പോള്‍ നടക്കാറില്ലെന്നാണു സൂചന. സ്ഥലംമാറ്റം നേടി പോകുന്ന ജീവനക്കാര്‍ക്കു പകരം പുതിയ ജീവനക്കാരെ നിയമിച്ചാല്‍ മാത്രമേ സോണല്‍ ഓഫിസിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."