മള്ളിയൂര്‍ ഉത്സവത്തിന് ഇന്ന് കൊടിയിറക്കം
മള്ളിയൂര്‍: മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷത്തിന് ഇന്ന് സമാപനം. വൈകിട്ട് അഞ്ചിന് നടക്കുന്ന ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും. ഇതിനു മുന്നോടിയായി ഇന്നലെ വൈകിട്ട് നടന്ന പള്ളിവേട്ടയില്‍ വന്‍ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. നാടിന്റെ നാനാദിക്കുകളില്‍ നിന്ന് ആയിങ്ങളാണ് ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ആറാട്ടോടെ ഈ വര്‍ഷത്തെ മള്ളിയൂര്‍ തീര്‍ത്ഥാടനത്തിനും സമാപനമാകും.
ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച 10,008 നാളികേരത്തിന്റെ മഹാഗണപതിഹോമം ദര്‍ശിക്കുന്നതിന് ഭക്തര്‍ക്ക് അവസരം ഒരുക്കിയിരുന്നു. ആറന്മുള ശ്രീകുമാറിന്റെ നാദസ്വരക്കച്ചേരിയും പഞ്ചരത്‌ന കീര്‍ത്തനാലാപനവും ഉണ്ടായിരുന്നു. മനയത്താറ്റ് ഇല്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഗജപൂജയില്‍ ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭനും മംഗാലാംകുന്ന് കര്‍ണനും ചേര്‍പ്പുളശേരി രാജശേഖരനും ഉള്‍പ്പടെ കേരളത്തിലെ 12 ആനകള്‍ അണനിരന്നു. ഇത് കാണാന്‍ നിരവധി ആന പ്രേമികളും എത്തിയിരുന്നു.
തുടര്‍ന്ന് നടന്ന കാഴ്ചശ്രീബലിക്ക് പെരുവനം കുട്ടന്മാരാരുടെ പഞ്ചാരിമേളം, നെന്മാറ ബ്രദേഴ്‌സിന്റെ നാദസ്വരക്കച്ചേരി എന്നിവ ഉണ്ടായിരുന്നു. കാഴ്ചശ്രീബലി, കുടമാറ്റത്തിന് പാറമേക്കാവ് ദേവസ്വം ആതിധ്യമരുളി. പാണ്ടിമേളത്തിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും നേത്യത്വം നല്‍കി.
വൈകിട്ട് ഓണംതുരുത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍നിന്ന് ഓണംതുരുത്ത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഗണപതിവിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി രാത്രി മള്ളിയൂര്‍ ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു. തുടര്‍ന്നാണ് വലിയവിളക്കും പള്ളിവേട്ടയും നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."