നെയ്യാര്‍ മേളയ്ക്ക് തിരി തെളിഞ്ഞു; ഇനി ആഘോഷങ്ങളുടെ മൂന്നുവാരം
നെയ്യാറ്റിന്‍കര: കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെയും നെയ്യാറ്റിന്‍കര നഗരസഭയുടേയും വിവിധ പഞ്ചായത്തുകളുടേയും ആഭിമുഖ്യത്തില്‍ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏര്യാ കമ്മിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് നെയ്യാര്‍ മേളയ്ക്ക് ഇന്നലെ തിരി തെളിഞ്ഞു. നെയ്യാറ്റിന്‍കര നഗരസഭാ സ്റ്റേഡിയം ഉള്‍പ്പെടെ എട്ട് വേദികളിലായി സെപ്തംബര്‍ 12 വരെ അരങ്ങേറുന്ന മേള ഇക്കുറി നിരവധി വിസ്മയക്കാഴ്ചകളാല്‍ സമ്പന്നമാണ്.
സാംസ്‌കാരിക ഘോഷയാത്ര, ഉദ്ഘാടന സമ്മേളനം, കാര്‍ണിവെല്‍, വ്യാപാര-വ്യവസായ സ്റ്റാളുകള്‍, മെഡിക്കല്‍ - പുരാവസ്തു - പുരാരേഖ എക്‌സിബിഷന്‍, സെമിനാറുകള്‍, കലാ- സാംസ്‌കാരിക പരിപാടികള്‍, കലാ- കായിക മത്സരങ്ങള്‍, ദീപാലങ്കാരം, ഭക്ഷ്യമേള, ലക്കിഡ്രോ, അത്തപ്പൂക്കള മത്സരം, ആദിവാസി ഊര്, മാജിക് ഷോ, ചക്ക ഫെസ്റ്റ്, ജലോത്സവം, നാടകോത്സവം, ഫിലിം ഫെസ്റ്റിവല്‍, സഞ്ചരിക്കുന്ന ചിത്രശാല, കാര്‍ഷികമേള, പുഷ്‌പോത്സവം, കളരിപ്പയറ്റ്, അവാര്‍ഡ് നൈറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന അധ്യായങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തെക്കന്‍ കേരളത്തിലെ ഏറ്റവും വിപുലമായ ഈ ഓണാഘോഷം ഏവര്‍ക്കും പ്രിയപ്പെട്ട സാംസ്‌കാരികോത്സവമായി മാറിക്കഴിഞ്ഞു. ചലച്ചിത്ര അക്കാദമി, ഫോക്‌ലോര്‍ അക്കാദമി, ലളിതകലാ അക്കാദമി, ഭാരത് ഭവന്‍ എന്നിവയ്ക്കു പുറമേ നെയ്യാറ്റിന്‍കര താലൂക്കിലെ വിവിധ സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യൂത്ത് ക്ലബ്ബുകള്‍, പൗര സമിതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ, വ്യാപാരി- വ്യവസായി സമൂഹം തുടങ്ങിയവയുടെ സഹകരണം നെയ്യാര്‍ മേളയ്ക്ക് കരുത്തു പകരുന്നു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് നഗരസഭ സ്റ്റേഡിയത്തിലെ പ്രധാന വേദിയില്‍ കെ. ആന്‍സലന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നെയ്യാര്‍ മേളയുടെ അഞ്ചാമത് എഡിഷന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ, ഒ. രാജഗോപാല്‍ എം.എല്‍.എ , നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡബ്ല്യു.ആര്‍ ഹീബ തുടങ്ങിയവര്‍ സംബന്ധിച്ചു. ഇതോടനുബന്ധിച്ച് വ്യത്യസ്ഥ സ്റ്റാളുകളുടെയും ഉദ്ഘാടനവും നടന്നു. കഴിഞ്ഞ വര്‍ഷം ഒന്നര ലക്ഷം പേര്‍ നെയ്യാര്‍ മേള സന്ദര്‍ശിച്ചിരുന്നു. ഇത്തവണ ഇതിനേക്കാള്‍ ഇരട്ടി സന്ദര്‍ശകരുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."