ഹാജിമാര്‍ക്ക് ആശ്വാസമായി വിഖായ അരി വിതരണം
മക്ക: മക്കയിലെ ഹാജിമാര്‍ക്ക് ആശ്വാസമായി സന്നദ്ധ സംഘമായ വിഖായ ടീമിന്റെ അരി വിതരണം. മക്കയിലെ വിവിധ കെട്ടിടങ്ങളില്‍ താമസിക്കുന്ന ഹാജിമാര്‍ക്കാണ് വിഖായ വളണ്ടിയര്‍ സംഘത്തിന്റെ അരി വിതരണം. 900 റൂമുകളില്‍ വിതരണം നടത്താന്‍ കഴിയുന്ന വിധത്തിലാണ് അരി വിതരണം സംവിധാനിച്ചിരിക്കുന്നത്. ഭക്ഷണം പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്ന കെട്ടിടങ്ങളില്‍ താമസിക്കുന്ന ഹാജിമാര്‍ക്ക് ഇത് ഏറെ ആശ്വാസകരമാണ്.
മസ്ജിദുല്‍ ഹറാമിന് ചുറ്റുമുള്ള കെട്ടിടങ്ങളില്‍ പാചകത്തിന് അനുമതി നല്‍കാത്തതിനാല്‍ ഗ്രീന്‍ കാറ്റഗറിയില്‍ പെടുന്ന ഹാജിമാര്‍ക്ക് ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. സുരക്ഷ മുന്‍ നിര്‍ത്തി സഊദി സിവില്‍ ഡിഫന്‍സിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവിടെ പാചകത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഇത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് വിവിധ സംഘടനകള്‍ പുറത്തു നിന്നും ഭക്ഷണം പാചകം ചെയ്തു എത്തിച്ചു കൊടുക്കുന്നതും ഏറെ ആശ്വാസമായിരിക്കുകയാണ്.
എസ്.കെ.എസ്.എസ്.എസ്.എഫ് സ്‌റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗവും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫിസര്‍ കൂടിയായ ഡോ.ജാബിര്‍ ഹുദവി പറമ്പില്‍ പീടിക ഹാജിമാര്‍ക്ക് അരി വിതരണം നല്‍കി ഉദ്ഘാടനം ചെയ്തു. എസ്.കെ.ഐ.സി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, മുനീര്‍ ഫൈസി, പരീത് ഐക്കരപ്പടി, അസൈനാര്‍ പെരുമുഖം, സക്കീര്‍ കോഴിച്ചെന, താജുദ്ദീന്‍ കരുവാരകുണ്ട്, യൂസുഫ് ഒളവട്ടൂര്‍, അന്‍വര്‍ ഹുദവി പുല്ലൂര്‍, ഡോ. സയ്യിദ് അബ്ദുല്ല കോയ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."