തമിഴ്‌നാട് സര്‍ക്കാര്‍ ഭൂരിപക്ഷം തേടണം: ഡി.എം.കെ
ചെന്നൈ: എടപ്പാടി പളനിസാമി സര്‍ക്കാരിനോട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടണമെന്ന് ഡി.എം.കെ.
ഇന്നലെ തമിഴ്‌നാട് ഗവര്‍ണര്‍ സി. വിദ്യാസാഗറിനെ കണ്ടാണ് ഡി.എം.കെ ഈ ആവശ്യം ഉന്നയിച്ചത്.
ഇതുസംബന്ധിച്ച് ഡി.എം.കെ പ്രതിനിധി സംഘം കത്ത് നല്‍കുകയും ചെയ്തു.
ഡി.എം.കെ നേതാക്കള്‍ക്കൊപ്പം പ്രതിപക്ഷത്തെ മറ്റു പാര്‍ട്ടി നേതാക്കളും ഇന്നലെ ഗവര്‍ണറെ കാണാന്‍ എത്തിയിരുന്നു.
നേരത്തെ പനീര്‍ശെല്‍വം 11 എം.എല്‍.എമാരുമായി സര്‍ക്കാരിനെതിരേ കലാപമുയര്‍ത്തിയിരുന്നു. ഇപ്പോഴാകട്ടെ 19 എം.എല്‍.എമാര്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിട്ടുണ്ട്.
ഡി.എം.കെ നേതാവ് കനിമൊഴി, രാജ്യസഭാ അംഗം ആര്‍.എസ് ഭാരതി, എം.എല്‍.എമാരായ വി.ജി രാജേന്ദ്രന്‍, ജെ. അമ്പഴകന്‍, കോണ്‍ഗ്രസ് നേതാവ് എസ്. വിജയധരണി, മുസ്‌ലിം ലിഗ് എം.എല്‍.എ അബൂബക്കര്‍ എന്നിവരടങ്ങിയ സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടത്.
നിലവില്‍ 19 എം.എല്‍.എമാരാണ് സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍ മറ്റു ചിലരും സര്‍ക്കാരിനെതിരായി നിലപാട് സ്വീകരിക്കുന്നുണ്ട്. കേവല ഭൂരിപക്ഷത്തിന് 117 അംഗങ്ങളുടെ പിന്തുണ വേണമെന്നിരിക്കേ ഇപ്പോള്‍ സര്‍ക്കാരിന് 113 അംഗങ്ങളുടെ ഭൂരിപക്ഷം മാത്രമേ ഉള്ളൂവെന്ന് ടി.ടി.വി ദിനകരന്‍ പക്ഷം പറയുന്നുണ്ട്.
മുഖ്യമന്ത്രി പളനിസാമിയെ സേലം
ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി
ചെന്നൈ: ജയലളിതയുടെ മരണ ശേഷം അസ്വസ്ഥമായ അണ്ണാ ഡി.എം.കെയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വസ്ഥത കൂടുതല്‍ രൂക്ഷമാകുന്നു. പളനിസാമി-പനീര്‍ശെല്‍വം പക്ഷങ്ങള്‍ യോജിച്ച് സര്‍ക്കാരിനെ ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ തയാറെടുപ്പ് നടത്തിയെങ്കിലും പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ജന.സെക്രട്ടറി ശശികലയുടെ മരുമകനുമായ ടി.ടി.വി ദിനകരന്‍ കടുത്ത നിലപാടുകളുമായി രംഗത്തെത്തിയതോടെ പ്രതിസന്ധി മൂര്‍ച്ഛിച്ചിരിക്കുകയാണ്.
ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ സേലം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് ദിനകരന്‍ നീക്കി. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ട് 19 എം.എല്‍.എമാരെ പുതുച്ചേരിയിലേക്ക് മാറ്റിയതിനു പിന്നാലെ മറ്റൊരു തിരിച്ചടിയാണ് പളനിസാമിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കി ദിനകരന്‍ നല്‍കിയത്.
ഇന്നലെ ചെന്നൈയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സേലം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പളനിസാമിയെ നീക്കിയതായി അറിയിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ചുമതലയും പളനിസാമിക്കുണ്ട്. എന്നാല്‍ ഈ സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ നീക്കിയതായി കാണിച്ചുകൊണ്ടുള്ള വിവരം പത്രക്കുറിപ്പില്‍ ഇല്ല.
പളനിസാമിക്കു പകരം സേലം ജില്ലാ സെക്രട്ടറിയായി മുന്‍ എം.എല്‍.എയും റൂറല്‍ ജില്ലാ സെക്രട്ടറിയുമായ എസ്.കെ ശെല്‍വനെ നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."