ഡോര്‍മിട്രി ഒരു വിഭാഗം ജീവനക്കാര്‍ കൈയ്യടക്കിയെന്ന് പരാതി
ഷൊര്‍ണൂര്‍: ഡോര്‍മിട്രിയില്‍ ഒഴിവില്ല. ഷൊര്‍ണൂര്‍ ജങ്ഷന് റെയില്‍വെ സ്റ്റേഷനിലെ ഡോര്മിട്രിയിലാണ് സ്ഥിരമായി ഒഴിവില്ലെന്ന പല്ലവി. ട്രെയിന്‍ യാത്രക്കാര്‍ക്കായാണ് പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ ഡോര്‍മിട്രി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ദൂരയാത്ര കഴിഞ്ഞു വരുന്നവര്‍ക്ക് സൗകര്യമായി ഫ്രഷാകാനും വിശ്രമിക്കാനും ഡോര്‍മിട്രിയില്‍ റൂമെടുത്താല്‍ സാധ്യമാകും. ഡോര്‍മിട്രിയില്‍ റൂം ലഭിച്ചില്ലെങ്കില്‍ യാത്രക്കാര്‍ സ്റ്റേഷന് വെളിയില്‍ ലോഡ്ജുകള്‍ അന്വേഷിച്ച് അലയണം. കയ്യില്‍ ലഗ്ഗേജുണ്ടെങ്കില്‍ വലഞ്ഞത് തന്നെ.
ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ റിസര്‍വേഷന്‍, എന്‍ക്വയറി, ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്ന ഇരുനില കെട്ടിടത്തിലെ മുകള്‍ നിലയിലാണ് ഡോര്‍മിട്രി. ഒരു എ.സി. റൂമടക്കം നാലോ അഞ്ചോ റൂമുകളാണ് ഡോര്മിട്രിയിലുള്ളത്. ഈ റൂമുകള്‍ യാത്രക്കാര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചു കാലമായി ഡോര്മിടിയിലെത്തുന്ന യാത്രക്കാര്‍ക്ക് മുന്നില്‍ ഡോര്മിട്രിയുടെ വാതില്‍ കൊട്ടിയടക്കപ്പെട്ടിരിക്കുകയാണ്. റൂം ഒഴിവില്ലെന്ന മുപടിയാണ് അവര്‍ക്ക് ലഭിക്കുന്നത്. ചിലര്‍ പരാതിയുമായി റെയില്‍വെ സ്റ്റേഷന് അധികൃതരെ സമീപിക്കുമെങ്കിലും അവര്‍ കൈമലര്‍ത്തും.
ഡോര്‍മിട്രിയില്‍ സ്ഥിരമായി ഇടം പിടിച്ചിരിക്കുന്നത് ഒരു വിഭാഗം ജീവനക്കാരാണെന്നാണ് അറിയുന്നത്. റെയില്‍വെ സ്റ്റേഷനില്‍ അല്പം നടന്നാല്‍ എത്തുന്ന ദൂരത്തില്‍ അവര്‍ക്കായുള്ള ഡോര്മിട്രിയുണ്ട്. അതിന് അറ്റകുറ്റപണി നടത്താനായി ആ ജീവനക്കാരെ താല്കാലികമായി യാത്രക്കാര്‍ക്കായുള്ള ഡോര്മിട്രിയിലേക്ക് മാറ്റിയതായിരുന്നുവത്രെ. അറ്റകുറ്റപണി പൂര്‍ത്തിയായിട്ടും ഈ ജീവനക്കാര്‍ അവിടേക്ക് മാറാതെ യാത്രക്കാരുടെ ഡോര്മിടിയില് നിന്ന് മാറാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."