നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കാഞ്ചേരി പുഴ പാലം വിദ്യാര്‍ഥികളുടെ മികവില്‍ ഇരിപ്പിടമായി
വടക്കാഞ്ചേരി: ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയോരത്ത് വടക്കാഞ്ചേരി വാഴാനി പുഴയ്ക്ക് കുറുകെ ചരിത്ര സ്മാരകമായി നിലകൊള്ളുന്ന പഴയ പുഴ പാലം ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പുതുമോടിയണിഞ്ഞു. വെള്ളറക്കാട് തേജസ് കോളജ് ഓഫ് ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികളാണ് പാലം പെയിന്റ് ചെയ്ത് വൃത്തിയാക്കി മിനി പാര്‍ക്കാക്കി മാറ്റിയത്. ഇരിപ്പിടമെന്ന പേര് കൂടി പാലത്തിന് നല്‍കിയതോടെ അത് 45 വര്‍ഷം മുമ്പ് ഉപേക്ഷിച്ച പാലത്തെ പുതിയ ചരിത്രമാക്കി മാറ്റി.
പാലത്തിന്റെ അടിഭാഗം ബേബി മെറ്റലിട്ട് ചെളിനീക്കി ഇഷ്ടികവിരിച്ച് മനോഹരമാക്കിയതോടൊപ്പം ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചും മഴയും വെയിലും കൊള്ളാതിരിയ്ക്കാന്‍ വര്‍ണ്ണകുടകള്‍ സ്ഥാപിച്ചുമൊക്കെയായിരുന്നു നവീകരണം. നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ആര്‍ക്കിടെക്ച്ചര്‍ (നാസ) ദേശീയ തലത്തില്‍ നടത്തുന്ന രൂപകല്‍പ്പന മത്സരത്തിന്റെ ഭാഗമായിട്ടായിരുന്നു നവീകരണം. പ്രദേശത്തെ ഡ്രൈവര്‍മാരും നാട്ടുകാരുമൊക്കെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തി. അധ്യാപകരായ വിഘ്‌നേശ് നാരായണസ്വാമി, ബെന്നി സണ്‍ ജോര്‍ജ്, സി.വി. അരുണ്‍, അന്‍സില്‍ സുബൈര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. കാല്‍ ലക്ഷം രൂപ ചിലവഴിച്ച് നടന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി പാലം നാടിന് സമര്‍പ്പിച്ചു. വടക്കാഞ്ചേരി നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ പ്രൊ. സുബോദ് തോമാസ് അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ പ്രമോദ്കുമാര്‍, വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ശശികുമാര്‍ കൊടയ്ക്കാടത്ത്, കേരളവര്‍മ്മ വായനശാലാ പ്രസിഡണ്ട് വി.മുരളി, വിദ്യാര്‍ഥി പ്രതിനിധി ഡെയിന്‍ സി. ഷൈന്‍, എസ്. പോള്‍, അര്‍ജുന്‍ എ. ജോഷി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."