എം.ജി റോഡില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി
കാസര്‍കോട്: എം.ജി റോഡില്‍ നവീകരണ ജോലി കഴിഞ്ഞ പാത മാസങ്ങള്‍ക്കകം തകര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. നവീകരണ പ്രവര്‍ത്തി കഴിഞ്ഞു കരാറുകാരനു ബില്‍ തുക പോലും നല്കുന്നതിനു മുമ്പു തന്നെ പാത തകരുകയായിരുന്നു.
തകര്‍ച്ചയിലായിരുന്ന പാത മാസങ്ങള്‍ക്കു മുമ്പാണ് റീടാര്‍ ചെയ്തത്. പാത തകര്‍ന്നത് പ്രഥമ ദൃഷ്ട്യാ വ്യക്തമായിട്ടുണ്ടെന്നു വിജിലന്‍സ് സംഘം പറഞ്ഞു. ഇതേ തുടര്‍ന്ന് ഈ പാതയുടെ ജോലി ചെയ്ത കരാറുകാരനെ കൊണ്ട് റീടാറിങ് ചെയ്യിക്കണമെന്നും ഇതിന്റെ ബില്‍ കരാറുകാരന് അനുവദിക്കരുതെന്നും കാണിച്ചു വിജിലന്‍സ് സംഘം ബന്ധപ്പെട്ടവര്‍ക്കു റിപ്പോര്‍ട്ട് നല്‍കും.
25 ലക്ഷം രൂപയോളം ചെലവഴിച്ചാണു പാത റീ ടാറിങ് ചെയ്തത്. നവീകരണം നടത്തി മാസങ്ങള്‍ കഴിയുന്നതിനു മുമ്പേ പാത തകരാന്‍ കാരണം ടാറിങ്ങിലെ അപാകതയാണെന്നു വിജിലന്‍സ് സംഘം പറഞ്ഞു.
അതിനിടെ നവീകരണ ജോലി നടന്നു വരുന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് യാര്‍ഡും വിജിലന്‍സ് സംഘം പരിശോധിച്ചു. ടാറിങ് കഴിഞ്ഞാലും പെട്ടെന്നു തന്നെ തകര്‍ന്നു പോകുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ അവസ്ഥ പലപ്പോഴും യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ദുരിതങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു. ഈ വര്‍ഷം ഇവിടെ ഇന്റര്‍ലോക്ക് പാകാന്‍ നഗരസഭാ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജോലി തുടങ്ങിയതോടെ ഇവിടെ ഇറക്കിയ ഇന്റര്‍ ലോക്ക് ബ്ലോക്കുകള്‍ ഗുണ നിലവാരം കുറഞ്ഞവയാണെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നു യാര്‍ഡ് നവീകരണ ജോലി തുടങ്ങാന്‍ കാല താമസം ഉണ്ടാവുകയും ചെയ്തു.
എന്നാല്‍ കഴിഞ്ഞ ദിവസം ഇവിടെ നവീകരണ ജോലികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ജോലികള്‍ നടന്നു കൊണ്ടിരിക്കെ തന്നെ വിജിലന്‍സ് സംഘം സ്ഥലത്തെത്തി ഇത് നിരീക്ഷിക്കുകയും ചെയ്തു. വിജിലന്‍സ് സി.ഐ ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലാണു പരിശോധന നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."