ഓണം സമൃദ്ധമാക്കി സീതയുടെ പൂക്കൃഷി
മാള: സീതക്കും കുടുംബത്തിനും സന്തോഷവും സമൃദ്ധിയും സമ്മാനിച്ച് കൊണ്ടാണ് ഇത്തവണത്തെ ഓണം വിരുന്നെത്തിയത്. പൊയ്യ പുളിപ്പറമ്പ് കുന്നിലോത്ത് കുഞ്ഞന്റെ ഭാര്യയായ സീതയുടെ കുടുംബത്തിന് പൂകൃഷിയില്‍ നിന്നുള്ള വരുമാനമാണ് സമൃദ്ധിയോടെ ഓണമാഘോഷിക്കാന്‍ അവസരമൊരുക്കുന്നത്. കഴിഞ്ഞ വര്‍ഷം ചെയ്ത പൂകൃഷി ഏറെ ലാഭകരമായതോടെയാണ് സീത ഇത്തവണയും മറ്റു കൃഷികള്‍ക്കൊപ്പം പൂകൃഷിയും പരീക്ഷിക്കാന്‍ തയ്യാറായത്. കഴിഞ്ഞ തവണ ചെയ്തതിനേക്കാള്‍ കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യാനും ഇത്തവണ സീതക്ക് കഴിഞ്ഞു. പച്ചക്കറിയും നെല്‍കൃഷിയും കൂടാതെയാണ് പൂകൃഷിയും ചെയ്യുന്നത്. സര്‍ക്കാര്‍ നല്കിയ നാല് സെന്റ് ഭൂമിയില്‍ വീടിരിക്കുന്നയിടം ഒഴികെയുള്ള ഭൂമിയിലും പാട്ടത്തിന് ഭൂമിയെടുത്തുമാണ് പച്ചക്കറി, നെല്ല് തുടങ്ങിയവക്ക് പുറമേ പൂകൃഷിയും ചെയ്യുന്നത്.
രണ്ട് സെന്റ്് ഭൂമിയില്‍ പൂകൃഷി, രണ്ടേകാല്‍ സെന്റ്് ഭൂമിയില്‍ നെല്‍കൃഷി, 20 സെന്റ് ഭൂമിയില്‍ പച്ചക്കറി എന്നിങ്ങനെയാണ് സീതയും കുടുംബവും കൃഷി നടത്തുന്നത് . നെല്ല് വിളവെടുത്തതിന് പിന്നാലെ അടുത്ത കൃഷിക്കുള്ള തയ്യാറെടുപ്പും ഈ വീട്ടമ്മ നടത്തി കഴിഞ്ഞു. ഓണത്തിന് പൂക്കളും പയര്‍ അടക്കമുള്ള പച്ചക്കറിയും ആവശ്യക്കാര്‍ക്ക് നല്‍കാനാകുമെന്ന ആത്മവിശ്വാസത്തിലാണിവര്‍. നാടന്‍ പയറിന് ശരാശരി നൂറ് രൂപ വിലയുള്ളത് സീതയടക്കം കാര്‍ഷീക രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടമാണ്. ഓണമായതിനാല്‍ പൂവിന് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയും ചിരിച്ചു നില്ക്കുന്ന പൂക്കളെ നോക്കി സീത പങ്ക് വെക്കുന്നു. കാര്‍ഷിക രംഗത്തുള്ള ഭര്‍ത്താവിന്റെ പരിപൂര്‍ണ്ണ പിന്തുണയും ഈ വീട്ടമ്മക്കുണ്ട്. പുല്ലും മറ്റു പടര്‍പ്പുകളുമായി വെറുതേ കിടക്കുന്ന ഭൂമിയില്‍ പൊന്നു വിളയിക്കാമെന്ന് പഠിപ്പിക്കുകയാണ് കഠിന പ്രയത്നത്തിലൂടെ സീത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."