പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും; ജനങ്ങളുടെ ക്ഷേമത്തിന് മുന്‍തൂക്കം: കലക്ടര്‍
പേരൂര്‍ക്കട: പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും ജനങ്ങളുടെ ക്ഷേമത്തിനു മുന്‍തൂക്കം നല്‍കുമെന്നും പുതിയ ജില്ലാ കലക്ടര്‍ ഡോ. കെ. വാസുകി. ചൊവ്വാഴ്ച രാവിലെ 10.15നാണ് ജില്ലാകലക്ടര്‍ എ.ഡി.എം ജോണ്‍സാമുവലില്‍ നിന്ന് ഭരണച്ചുമതല ഏറ്റെടുത്തത്. സബ്കലക്ടര്‍ ദിവ്യ എസ്. അയ്യര്‍, കലക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയശേഷം വിവിധ വകുപ്പ് സെക്രട്ടറിമാരേയും പൊലിസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവരേയും സന്ദര്‍ശിച്ചു. ജില്ലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാന പദ്ധതികള്‍ ആസൂത്രണം ചെയ്യും.
മുന്‍ കലക്ടര്‍ നടപ്പാക്കി വന്ന വിവിധ പദ്ധതികള്‍ പിന്തുടരുമെന്നും കലക്ടര്‍ വ്യക്തമാക്കി. ഹരിതകേരളം എന്ന ആശയം തന്റെ വലിയ സ്വപ്നമാണെന്നും ഇത് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അവര്‍ പറഞ്ഞു. ശുചിത്വകേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും താന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പായതിനാല്‍ ഒരു പ്രത്യേക സ്‌നേഹം ആ വകുപ്പിനോടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
കലക്ടര്‍ പദവി ആദ്യമായിട്ടാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു. മുന്‍ കലക്ടര്‍മാരെപ്പോലെത്തന്നെ അച്ചടക്കത്തിന്റെ കാര്യത്തില്‍ താനും കര്‍ശനനിലപാടുള്ള ആളാണെന്ന് വാസുകി പറഞ്ഞു. ഭര്‍ത്താവ് എസ്. കാര്‍ത്തികേയന്‍ അടുത്ത ജില്ലയില്‍ കലക്ടറായുള്ളതിനാല്‍ ഇരു ജില്ലകളും തമ്മിലുള്ള ആശയവിനിമയം എളുപ്പമാണെന്നും കലക്ടര്‍ മനസ്സു തുറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."