സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടില്ല: ഗവര്‍ണര്‍
ചെന്നൈ: തമിഴ്നാട് നിയമസഭ വിളിച്ചുചേര്‍ത്ത് സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തള്ളി. 19 വിമത എം.എല്‍.എമാര്‍ സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്കിയ സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവര്‍ണറെ സന്ദര്‍ശിച്ച് സര്‍ക്കാരിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടണമെന്ന് അഭ്യര്‍ഥിച്ചത്.
വിമതരാണെങ്കിലും 19 എം.എല്‍.എമാരും ഇപ്പോഴും അണ്ണാ ഡി.എം.കെ അംഗങ്ങളാണ്. അതുകൊണ്ട് സര്‍ക്കാരിന്റെ ഭൂരിപക്ഷത്തിന് ഇതുവരെ ഒരുതരത്തിലുള്ള പ്രതിസന്ധിയും ഇല്ലെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്.
സി.പി.ഐ സംസ്ഥാന സെക്രട്ടറി മുത്തരാശന്‍, സി.പി.എം സെക്രട്ടറി ജി. രാമകൃഷ്ണന്, ടി.എം.എം.കെ നേതാവ് എം.എച്ച് ജവാഹിറുള്ള, വിടുതുലൈ ചിരുതൈകള്‍ കക്ഷി നേതാവ് തൊല് തിരുമണവാളന്‍ എന്നിവര്‍ ഇന്നലെ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരും അണ്ണാ ഡി.എം.കെയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയതായി ഇവര്‍ അറിയിച്ചു.
ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയോ അല്ലെങ്കില്‍ എം.എല്‍.എമാര്‍ രാജിവച്ച് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുകയോ ചെയ്തിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയതായി ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."