അനുയാത്ര കാംപയിന്‍: മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റ് ഉദ്ഘാടനം ഇന്ന്
കോഴിക്കോട്: കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുന്നതിനായി സാമൂഹ്യസുരക്ഷാമിഷനും ആരോഗ്യവകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന അനുയാത്ര കംാപയിനിന്റെ ഭാഗമായി ആരംഭിക്കുന്ന മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂനിറ്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ആരോഗ്യ മന്ത്രി കെ.കെ ശൈലജയാണ് ഉദ്ഘാടനംചെയ്യുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് ഉച്ചക്ക് രണ്ടിന് കോഴിക്കോട് ബീച്ചിലുള്ള ഗവണ്‍മെന്റ് നഴ്‌സിങ്ങ് സ്‌കൂളില്‍ വച്ചാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 25 യൂനിറ്റുകളാണ് ആരംഭിക്കുന്നത്. ജില്ലയില്‍ ആറ് കേന്ദ്രങ്ങളിലാണ് യൂനിറ്റുകള്‍ ആരംഭിക്കുന്നത്. കുന്ദമംഗലം പി.എച്ച്.സി, താമരശേരി താലൂക്ക് ആശുപത്രി, ഫറോക്ക് താലൂക്ക് ആശുപത്രി, കുറ്റ്യാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് യൂനിറ്റുകള്‍. നിലവില്‍ പരിശോധിച്ച് വൈകല്യം കണ്ടെത്തിയ കുട്ടികള്‍ക്ക് ഫിസിയോതെറാപ്പി, ഡവലപ്‌മെന്റ് തെറാപ്പി മുതലായ സേവനങ്ങള്‍ തടസമില്ലാതെ നല്‍കുക യെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രോഗാവസ്ഥയുടെ നേരിട്ടുള്ള പരിശോധന, മരുന്നുകള്‍, പരിഹാര മാര്‍ഗം എന്നിവ മുന്‍ നിര്‍ത്തിയ പഠനമാണ് സ്‌കില്‍ ലാബില്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ ആദ്യത്തെ സ്‌കില്‍ലാബാണ് കോഴിക്കോട് ആരംഭിക്കുന്നത്. ഇതോടൊപ്പം പുതുതായി ആരംഭിക്കുന്ന ഹൃദ്യ സോഫ്റ്റ് വെയറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. പതിനെട്ട് വയസ് വരെ പ്രായക്കാരായ കുട്ടികളുടെ ഹൃദ്രോഗ ചികിത്സക്കായി ആരംഭിക്കുന്ന സോഫ്റ്റ് വെയറാണ് ഹൃദ്യ. വാര്‍ത്താ സമ്മേളനത്തില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ഡി.എം.ഒ ഡോ വി. ജയശ്രീ, ഡോ.ഇ. ബിജോയ്, മുജീബ് റഹ്മാന്‍, ടി.പി സാറാമ്മ, ഇ.എ മറിയക്കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."