വാളയാര്‍-കോയമ്പത്തൂര്‍ റെയില്‍പാതയില്‍ നിരീക്ഷണ ക്യാമറകളും സെന്‍സറുകളും സ്ഥാപിക്കുന്നു
വാളയാര്‍: വാളയാര്‍ കോയമ്പത്തൂര്‍ റെയില്‍വെ പാതയില്‍ ആനകളുടെ ശല്യം തുടര്‍ക്കഥയാവുന്നതിന് പരിഹാരമായി ആനകളുടെ സാന്നിധ്യമറിയിക്കാന്‍ വനം വകുപ്പിന്റെ ഉടമസ്ഥതയില്‍ മധുക്കര മേഖലയില്‍ തര്‍മല്‍ സെന്‍സറുകളും നീരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നു. വാളയാറില്‍ നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള റെയില്‍ പാതയില്‍ ട്രെയിനുകളെത്തുന്ന ബി. ട്രാക്കില്‍ 500 മീറ്റര്‍ ദുരത്തേക്കാണ് മൂന്നു തെര്‍മല്‍ സെന്‍സറുകളും നീരീക്ഷണ ക്യാമറകളും സ്ഥാപിക്കാന്‍ നടപടിയെടുക്കുന്നത്. കാലങ്ങളായി ആനകളടക്കമുള്ള വന്യമൃഗങ്ങള്‍ കൂടുതലായ ബി. ട്രാക്കിലെ വളവിലാണ് ആദ്യഘട്ടത്തില്‍ സെന്‍സറുകളും ക്യാമറകലും സ്ഥാപിക്കുന്നത്.
ഈ ഭാഗത്തെ റെയില്‍വെ പാതകള്‍ക്ക് ഇരുവശവും ചരിവായതിനാല്‍ ട്രെയിനുകള്‍ എത്തുമ്പോള്‍ ആനകള്‍ പാളത്തില്‍ കുടുങ്ങുന്നതാണ് മിക്കപ്പോഴും അപകടത്തിനു കാരണമായിരുന്നെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പാളത്തിലെത്തുന്ന ആനകളുടെ സാന്നിധ്യം മുന്‍കൂട്ടി തിരിച്ചറിയുന്ന സെന്‍സറുകള്‍ വനംവകുപ്പിന് യഥാസമയം നിര്‍ദേശങ്ങള്‍ നല്‍കും. ആനകളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള അലാറവും സെന്‍സറുകള്‍ മുഴക്കുന്നതോടെ ആനകള്‍ വഴിമാറിപ്പോവാന്‍ സാധ്യതയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ യഥാസമയം വനംവകുപ്പ് റെയില്‍വെ അധികരെ അറിയിക്കുന്നതോടെ ട്രെയിനുകള്‍ അപകടത്തില്‍പ്പെടാതെ ലോക്കോ പൈലറ്റുകള്‍ക്ക് വേഗം കുറക്കാനുള്ള നിര്‍ദ്ദേശം ഇവര്‍ നല്‍കും.
എല്ലാ ദിശയിലേക്കും കറങ്ങിക്കൊണ്ടിരിക്കുന്ന ക്യാമറകള്‍ രാത്രി 200 മീറ്ററും പകല്‍ അഞ്ചു കിലോമീറ്റര്‍ ദൂരം വരെയുള്ള ദൃശ്യങ്ങള്‍ മുഴുവനും പകര്‍ത്തുമെന്നാണ് വനംവകുപ്പ് വനത്തിനകത്ത് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ഗോപുരത്തില്‍ രാപകലന്യേ ജോലിക്കാരുടെ സജീവ സാന്നിദ്ധ്യമുണ്ടാകുമെന്നതോടെ ഇവര്‍ യഥാസമയം സെന്‍സറുകളില്‍ നിന്നുള്ള വിവരത്തില്‍ സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ ഉടന്‍ തന്നെ നടപടികളുമാരംഭിക്കും. സെന്‍സറുകളും ക്യാമറകളുമൊക്കെ സ്ഥാപിക്കുന്ന ജോലികള്‍ അടുത്തവാരത്തോടെ പൂര്‍ത്തിയാവുന്നതോടെ കാലങ്ങളായി വാളയാര്‍ കോയമ്പത്തൂര്‍ റെയില്‍വെ പാതയിലെ ആനകള്‍ കൊല്ലപ്പെടുന്നതും ട്രെയിനുകള്‍ അപകടത്തില്‍പ്പെടുന്നതുമായ സംഭവങ്ങള്‍ ഇനി ഓര്‍മ്മകളാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."