ഉമാ ഭാരതി ഉള്‍പ്പെടെ നാല് കേന്ദ്രമന്ത്രിമാര്‍ കൂടി രാജിവെച്ചു; പുനസംഘടനയ്ക്കുള്ള നീക്കം അവസാനഘട്ടത്തില്‍
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ അഴിച്ചുപണിക്കായുള്ള അവസാനഘട്ട നീക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി നാല് മന്ത്രിമാര്‍ കൂടി രാജി വെച്ചു. ജലവിഭവമന്ത്രി ഉമാ ഭാരതി, ഫഗന്‍ സിങ് കുലസ്സെ, സജ്ഞീവ് ബല്യാണ്, മഹീന്ദ്രനാഥ് പാണ്ഡെ എന്നിവരാണ് രാജിവെച്ചത്.
വ്യാഴാഴ്ച കേന്ദ്രമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, രാധാ മോഹന്‍ സിംഗ്, ഗിരിരാജ് സിംഗ് എന്നിവര്‍ രാജിവച്ചിരുന്നു.
വിദേശ പര്യടനത്തിനു ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് മടങ്ങിയെത്തുന്നതിനും ബ്രിക്സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് പോകുന്നതിനും മുന്‍പായി മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകുമെന്നാണു സൂചന.
ഗുജറാത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവും രാജ്യസഭാ എംപിയുമായ ഭൂപേന്ദ്ര യാദവ് മന്ത്രിസഭയിലെ പുതുമുഖമായി എത്തുമെന്നാണു വിവരം.
പുനഃസംഘടനയോടെ ഗതാഗതഷിപ്പിങ് വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരിയ്ക്ക് മറ്റുചില സുപ്രധാന വകുപ്പുകള്‍ ലഭിച്ചേക്കുമെന്നാണ് വിവരം. അതിനിടെ എന്‍.ഡി.എ പക്ഷത്തേക്കു ചാഞ്ഞു നില്ക്കുന്ന എ.ഐ.എ.ഡി.എം. കെയ്ക്ക് ഒരു കാബിനറ്റ് മന്ത്രി ഉള്‍പ്പെടെ മൂന്നു മന്ത്രിസ്ഥാനം ലഭിക്കുമെന്നും സൂചനയുണ്ട്. എന്‍.ഡി.എയില്‍ ചേര്‍ന്നു നില്ക്കുന്ന നിതീഷ്കുമാറിന്റെ ജെ.ഡി.യുവിനും രണ്ടു മന്ത്രിസ്ഥാനം ലഭിച്ചേക്കും. നിലവില്‍ കേന്ദ്രമന്ത്രി സ്ഥാനം വഹിക്കുന്ന മുതിര്‍ന്നവരെ ഗവര്‍ണര്‍മാരായി നിയമിക്കാനും നീക്കമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."